തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് കാടിനോട് ചേർന്ന സ്ഥലത്തേക്ക് മാറ്റണം : മുഖ്യമന്ത്രി വി. ഡി. സതീശൻ
തിരുവനന്തപുരം നഗരത്തിൽ നിന്ന് മൃഗശാല മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്ത് അല്ല, മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത കൂടിയാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൃഗശാല നെയ്യാർ പോലെ കാടുമായി ചേർന്ന് നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റണമെന്നതാണ് തൻ്റെ നിലപാട്. അന്തരാഷ്ട്ര നിലവാരത്തിലേക്ക് മൃഗശാലയെ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യൂറോപ്പിലെ പോലെ കെയർ ഗിവിങ് കോഴ്സുകൾ കേരളത്തിൽ തുടങ്ങുമെന്ന് വ്യക്തമാക്കിയ അദ്ദേഹം കുട്ടികൾക്ക് ഇവിടെ ഇൻ്റേൺഷിപ്പ് കൂടി ലഭ്യമാക്കുമെന്നും പറഞ്ഞു. പരമാവധി കേന്ദ്ര പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.