തമിഴ് ചിത്രമായ നെഞ്ചിൽ ഒരു ആലയം എന്ന സിനിമയുടെ മലയാളം റീമേക്കായി 1976-ൽ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം ഒരു ക്ഷേത്രം. പ്രണയത്തിന്റെയും ത്യാഗത്തിന്റെയും മാനുഷിക വികാരങ്ങളുടെയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ചിത്രം മലയാള സിനിമയുടെ ഓർമകളിൽ ഇടം നേടിയ ഒന്നാണ്.പി. സുബ്രഹ്മണ്യം സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ഈ ചിത്രത്തിന് കഥയൊരുക്കിയത് സി. വി. ശ്രീധറും തിരക്കഥ രചിച്ചത് നാഗവള്ളി ആർ. എസ്. കുറുപ്പുമാണ്. മധു, രാഘവൻ, ശ്രീവിദ്യ, ബഹദൂർ, കുതിരവട്ടം പപ്പു, കെ. പി. എ. സി. ലളിത, ആറന്മുള പൊന്നമ്മ, ബേബി സുമതി തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു.
സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇന്നും മായാതെ നിൽക്കുന്ന ഗാനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ശ്രീകുമാരൻ തമ്പിയുടെ ഹൃദ്യമായ വരികൾക്ക് ജി. ദേവരാജൻ ഈണം പകർന്നു.
ഈ സിനിമയിലെ "മംഗളം നേരുന്നു ഞാൻ " എന്ന ഒരു ഗാനമാണ് ഈ ചിത്രത്തെ ഉന്നതിയിലെത്തിച്ചത് ഈ ഗാനം ആത്മാവിന്റെ നൊമ്പരമാണ്….ഇന്നും ആ ചുടുനെടുവീര്പ്പുകള് പലമനസ്സുകളെയും പൊള്ളിക്കുന്നുണ്ട്…
ഒരിക്കല്‍ തന്റെ കരളിന്റെ പാതിയായിരുന്നവള്‍ മറ്റൊരാളുടേതായി മാറുമ്പോഴും, "എവിടെയാണെങ്കിലും നിന്റെ സങ്കൽപ്പങ്ങൾ എഴുവർണ്ണങ്ങളും വിടർത്തട്ടെ" എന്നുപറയുന്ന ആ ശുദ്ധകാമുകഭാവമുണ്ടല്ലോ അതാണ് ഈ പ്രണയപ്പകയുടെ ന്യൂജെന്‍ കാലത്തിനു നല്കുന്ന സന്ദേശം
മംഗളം നേരുന്നു ഞാന്‍
മനസ്വിനീ മംഗളം നേരുന്നു ഞാന്‍
അലിഞ്ഞു.ചേര്‍ന്നതിന് ശേഷമെന്‍ ജീവനെ
പിരിഞ്ഞു പോയ് നീ എങ്കിലും
ഇന്നും മംഗളം നേരുന്നു ഞാന്‍
ഹൃദയം പകുത്തു നല്കി പ്രണയിച്ച ആൾ ഒരു ദിവസം മറ്റൊരാളുടെ ആണെന്ന് അറിയുമ്പോൾ. പതറി പോകുന്ന, പിടയുന്ന, നീറുന്ന, ദുഃഖം....
പങ്കു വയ്ക്കാൻ കഴിയാത്ത, ഹൃദയം തകർക്കുന്ന വേദന ആണത്.
എവിടെയാണെങ്കിലും നിന്റെ സങ്കല്‍പ്പങ്ങള്‍
ഏഴു .വര്‍ണ്ണങ്ങളും വിടര്‍ത്തട്ടേ
എന്നുമാ ജീവിത പൊന്മണിവീണയില്
സുന്ദരസ്വരധാര ഉണരട്ടേ
ഉണരട്ടേ .....
പ്രണയസാഫല്യത്തെക്കാൾ പ്രണയനഷ്ടം അനുഭവിച്ചവർക്ക് ഈ ഗാനം ഒരിക്കലും മറക്കാൻ ആവില്ല! പ്രണയ നഷ്ടം വന്നവർക്കു മാത്രമേ ഈ പാട്ടിന്റെ തീവ്രവേദന അറിയൂ..
നിറയുമീ ദുഖത്തിന് ചുടുനെടുവീര്പ്പുകള്
നിന്മുന്നില് തെന്നലായ് ഒഴുകട്ടെ
ആ പുണ്യദാമ്പത്യ വര്‍ണ്ണവല്ലരിയില്‍
ആനന്ദമുകുളങ്ങള്‍ ജനിക്കട്ടേ
ജനിക്കട്ടേ .....
അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയി നീ എങ്കിലും.... ഇന്നും മംഗളം നേരുന്നു ഞാൻ... ഈ രീതിയിൽ സ്നേഹിക്കാൻ ഇന്നത്തെ കാമുകീ കാമുകന്മാർക്ക് കഴിഞ്ഞിരുന്നെങ്കിൽ പ്രണയപക മൂലമുള്ള ദുരന്തങ്ങൾ കേരളത്തിൽ ഇല്ലാതാകുമായിരുന്നു…
ആസ്വാദകമനസ്സിൽ നഷ്ടപ്രണയനൊമ്പരത്തിൻ്റെ നിതാന്തമായ ഓളങ്ങൾ തീർക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..! ഹൃദയം ഒരു ക്ഷേത്രമാവുന്നു..... പ്രണയം പുഷ്പാഞ്ജലിയാവുന്ന ക്ഷേത്രം.
എവിടെപ്പോയാലും നിന്റെ ജീവിത്തിന്റെ പൊയ്കയില്‍ ആഹ്ലാദത്തിന്റെ താമരകള്‍ വിരിയട്ടെ…നിന്റെ സങ്കല്‍പ്പങ്ങള്‍ മഴവില്ലായി വിടരട്ടെ… ജീവിതത്തിന്റെ പൊന്മണിവീണയില് സുന്ദര സ്വരധാര ഉതിരട്ടെ…
അവസരമൊത്തിട്ടും പകവീട്ടാതെ വേദനയോടെ തൻ്റെ പൂർവ്വകാമുകിക്ക് മംഗളംനേരുന്ന നിസ്വാർത്ഥകാമുകൻ...
കാമുകി ബന്ധം വേർപെടുത്തിയതിനു പകരം അവളെ വെട്ടിയും, പെട്രോൾ ഒഴിച്ചു കൊളുത്തിയും, ഓൺലൈനിലൂടെ മാനഭംഗം ചെയ്യുവാനും തീരുമാനിച്ച എല്ലാ കാമുകന്മാരും ഈ പാട്ട് ഒന്ന് മനസ്സിരുത്തി കേൾക്കൂ. എന്നിട്ടു അവളെ സമാധാനമായി യാത്ര അയക്കു. അവൾ അവളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കട്ടെ. അല്ലാതെ നീ അവളെ സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞതിന് എന്താ അർത്ഥം? നല്ല ജീവിതം അവൾക്ക് ആശംസിക്കൂ.
വീണുടയുന്ന പ്രണയങ്ങൾക്കു ഒടുവിൽ എത്രയെത്ര കാമുക ഹൃദയങ്ങൾ മൗനമായി ഈ വിരഹ ഗാനം മൂളിയിട്ടുണ്ടാവും ഈ ഭൂമിയിൽ....
അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയി നീ എങ്കിലും…
പ്രിയ സഖീ നിനക്ക് ....
മംഗളം നേരുന്നു ഞാന്‍
മനസ്വിനീ മംഗളം നേരുന്നു ഞാന്‍