മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം; കേസെടുത്ത് പൊലീസ്

Sep 16, 2026 - 15:55
 0  1
മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കേസെടുത്ത് പൊലീസ്. റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടു ചെയ്തു.

മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിലാണ് കേസെടുത്തിരിക്കുന്നത്. കെ.പി.സി.സി വക്താവ് രാജു പി. നായർ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയിലാണ് നടപടി. മറ്റു രണ്ടുപേരുമായി ചേർന്ന് ആന്റോ അഗസ്റ്റിൻ ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ കൈവശം സൂക്ഷിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.

ആന്റോ അഗസ്റ്റിൻ പത്തനംതിട്ടയിലെ ഒരു പരിപാടിക്കിടെ നടത്തിയ വെളിപ്പെടുത്തലാണ് പരാതിക്ക് അടിസ്ഥാനം. കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തെന്ന വ്യാജരേഖയുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്നാണ് ആന്റോ പറഞ്ഞത്. കോടികളുടെ വിലയുള്ള വാർത്തയാണെന്ന് പറഞ്ഞാണ് അവർ എത്തിയത്. 

എന്നാൽ വാർത്തയുടെ ആധികാരികത ബോധ്യപ്പെടാത്തതിനാൽ വാർത്ത നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ആന്റോ വിശദീകരിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ വ്യാജരേഖ ചമച്ച് ഗൂഢാലോചന നടത്തിയ യുവാക്കളെ കണ്ടെത്തി കേസെടുക്കണമെന്നും ആന്റോയുടെ കൈവശമുള്ള രേഖകളും റിപ്പോർട്ടർ ടിവി ഓഫീസിൽ യുവാക്കൾ വന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഹാർഡ് ഡിസ്കും പിടിച്ചെടുക്കണമെന്നുമാണ് രാജു പി.നായരുടെ പരാതിയിലെ ആവശ്യം.

മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടും പൊലീസിനെയോ സർക്കാരിനെയോ അറിയിക്കാതിരുന്ന ആന്റോയുടെ നടപടി സംശയാസ്പദമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു