ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

Sep 20, 2026 - 19:34
 0  0
ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

തിരുവനന്തപുരം: വിവാദ ഹെലികോപ്റ്ററിന് മാസം തോറും നിശ്ചിത വാടക നൽകുന്നതിന് പകരം ഇനി മുതൽ പറക്കുന്ന സമയത്തിന് മാത്രം പണം നൽകിയാൽ മതിയെന്ന ആലോചനയുമായി സർക്കാർ. പൊലീസിന്‍റെ പേരിൽ കരാറെട‌ുത്ത ഹെലികോപ്റ്ററിന്‍റെ നിബന്ധനകളിൽ മാറ്റം വരുത്തിക്കൊണ്ട്, ഹെലികോപ്റ്റർ ഒരു മണിക്കൂർ പറക്കുന്നതിന് നാലു ലക്ഷം രൂപ ഈടാക്കാമെന്ന പുതിയ ശുപാർശ ഹെലികോപ്റ്റർ കമ്പനി നൽകിയിട്ടുണ്ട്. കമ്പനി സമർപ്പിച്ച ഈ ശുപാർശയിൽ സർക്കാർ ആണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

ഒന്നാം പിണറായി വിജയൻ സർക്കാരിന്‍റെ കാലത്താണ് കേരള പൊലീസ് ആദ്യമായി ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത്. അന്നത്തെ കരാർ അനുസരിച്ച് പ്രതിമാസം 80 ലക്ഷം രൂപയായിരുന്നു ഹെലികോപ്റ്ററിന്‍റെ മാസവാടക. ഹെലികോപ്റ്റർ പറന്നാലും ഇല്ലെങ്കിലും ഈ 80 ലക്ഷം രൂപ കമ്പനിക്ക് നൽകേണ്ടുന്ന അവസ്ഥയുണ്ടായിരുന്നു. മാസവാടകയായി നൽകുന്ന 80 ലക്ഷം രൂപയ്ക്ക് പ്രതിമാസം 25 മണിക്കൂർ വരെ ഹെലികോപ്റ്റർ പറത്താൻ അനുവാദമുണ്ടായിരുന്നു

എന്നാൽ, മുൻകാലങ്ങളിൽ ഒരു മാസം പരമാവധി അഞ്ചോ ആറോ മണിക്കൂർ മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്. വളരെ കുറച്ചു മണിക്കൂറുകൾ മാത്രം ഉപയോഗിച്ചിട്ടും വൻ തുക മാസവാടകയായി നൽകേണ്ടി വന്നത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഇതിനെത്തുടർന്നാണ് മാസവാടക ഒഴിവാക്കണമെന്നും പറക്കുന്നതിന് മാത്രം വാടക നൽകിയാൽ മതിയെന്നുമുള്ള നിലപാടിലേക്ക് സർക്കാർ എത്തിയത്.