ചെന്നൈയിൽ റോൾസ് റോയ്സിന്റെ അത്യാഡംബര ഷോറൂം തുറന്നു

Oct 15, 2026 - 19:47
 0  5
ചെന്നൈയിൽ റോൾസ് റോയ്സിന്റെ അത്യാഡംബര ഷോറൂം തുറന്നു

കേരളം ഉൾപ്പെടെദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് റോൾസ് റോയ്സ് ചെന്നൈയിൽ പുതിയ അത്യാഡംബര ഷോറൂം തുറന്നു. ഒക്ടോബർ 15ന് നടന്ന ഉദ്ഘാടനച്ചടങ്ങിൽ റോൾസ് റോയ്സ് മോട്ടോർ കാർസിന്റെ സെയിൽസ് ആൻഡ് ബ്രാൻഡ് ഡയറക്ടർ ജൂലിയൻ ജെങ്കിൻസ് പങ്കെടുത്തു. കാറുകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഓരോ വാഹനവും രൂപകൽപ്പന ചെയ്യാനുള്ള സൗകര്യമാണ് പുതിയ ഷോറൂമിന്റെ പ്രധാന പ്രത്യേകത.

ഇതിനായി ബെസ്പോക്ക് കമ്മീഷനിങ് അറ്റെലിയർ എന്ന പ്രത്യേക വിഭാഗം ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. കാറിന്റെ ഇന്റീരിയർ ഡിസൈൻ, നിറങ്ങൾ, സീറ്റുകൾ, ഫിനിഷിങ്, അലങ്കാരങ്ങൾ തുടങ്ങി വിവിധ സവിശേഷതകൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് തിരഞ്ഞെടുക്കാം. റോൾസ് റോയ്സിന്റെ പ്രശസ്തമായ പാന്തിയോൺ ഗ്രില്ലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഷോറൂമിന്റെ പ്രവേശനകവാടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ കലയും ഡിസൈനും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനവിഭാഗവും ഇവിടെയുണ്ട്.

2013 മുതൽ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുൻ എക്സ്ക്ലൂസീവാണ് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റോൾസ് റോയ്സിന്റെ വിൽപ്പനയും സർവീസും കൈകാര്യം ചെയ്യുന്നത്. കേരളത്തിൽ ബ്രാൻഡിന് മികച്ച ഉപഭോക്തൃനിരയുണ്ടെന്ന് കേരള സെയിൽസ് ഹെഡ് കോളിൻ എൽസൺ പറഞ്ഞു.

പുതിയ ഷോറൂമിലൂടെ കേരളത്തിലെ ഉപഭോക്താക്കൾക്കും വ്യക്തിഗത കാർ രൂപകൽപ്പനാ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി ലഭ്യമാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കളുടെ അഭിരുചികൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് കാറുകൾ രൂപകൽപ്പന ചെയ്യാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ചെന്നൈ ഡീലർ പ്രിൻസിപ്പൽ വാസന്തി ഭൂപതിയും പറഞ്ഞു.