നീലിമ: നോവൽ, ലാലി രംഗനാഥ്
ഭാഗം 2
നീലക്കർട്ടനുകളുള്ള മുറി.
പുറത്ത് തണുപ്പിന്റെ കാഠിന്യം കുറഞ്ഞു തുടങ്ങി. തുറന്നിട്ട ജനൽപ്പാളിയിലൂടെ കടന്നുവന്ന കാറ്റിൽ കിടപ്പുമുറിയിലെ നീലക്കർട്ടനുകൾ അനുസരണയില്ലാതെ ആടിയുലയുന്നുണ്ട്. ചുവരിലെ ക്ലോക്ക് അലോസരപ്പെടുത്തിക്കൊണ്ട് ശബ്ദിച്ചപ്പോഴാണ് അവർക്കിടയിലെ മൗനം മുറിഞ്ഞത്. നീലു ശാരിയോട് ചോദിച്ചു.
"ശാരീ.. ഞാനൊരു കാര്യം പറഞ്ഞാൽ നീ എന്നോട് ദേഷ്യ പ്പെടുമോ?"
ആശ്ചര്യഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കിയിട്ട് ശാരി പറഞ്ഞു.
" ഇല്ല, പറയൂ.. എന്താണ് നിനക്ക് പറയാനുള്ളത്? എന്തായാലും പറയെടാ..
നിന്റെ മനസ്സിന്റെ ഒരു ഭാഗം പകുത്തെ ടുത്തവളായിരുന്നില്ലേ ഞാൻ?
ചെറിയൊരു മൗനത്തിൽ ഞാനാ ബന്ധം പൊതിഞ്ഞു വെച്ചെങ്കിലും, ഇപ്പോഴും ഞാൻ നിന്റെ പഴയ ശാരി തന്നെയാണ്.നിന്നെയറിയുന്ന നിന്റെ ശാരി. "
" ശാരീ.. സന്ദീപുമായുള്ള ബന്ധം വേർപെടുത്താൻ ഞാൻ തീരുമാനിച്ചു. "
ശബ്ദം അല്പം താഴ്ത്തിയാണ് അവളത് പറഞ്ഞത്.
അപ്രതീക്ഷിതമായി കേട്ട ആ വാക്കുകൾ ശാരിയുടെ കാതിൽ ഒരു ഞെട്ടലോടെയാണ് വന്ന് പതിച്ചത്.
" എന്ത് ഭ്രാന്താണ് നീയീ പറയുന്നത് നീലൂ ? വല്ലാത്ത ഭ്രാന്ത്. എനിക്ക് ഒന്നും മനസ്സിലാവുന്നേയില്ല ".
തലയിൽ കൈവച്ച്,അവൾ ഒരു നിമിഷം മൗനത്തിലാണ്ടു.
അവർക്കിടയിൽ പരന്ന നിശ്ശബ്ദത മുറിഞ്ഞത്, ഫോൺ ശബ്ദിച്ചപ്പോളാ യിരുന്നു. മറുതലയ്ക്കൽ സന്ദീപായിരുന്നുവെന്ന്, അവളുടെ സംസാരത്തിൽ നിന്നും ശാരിക്കു മനസ്സിലായി.
" ആ.. എത്തി.. രണ്ടുദിവസം ഉണ്ടാകും
ചെറിയൊരു തലവേദന..
കുഴപ്പമില്ല..
കഴിച്ചില്ല..
ലഞ്ചിന് വരില്ലേ..? "
എന്നൊക്കെ,ചെറിയ ചെറിയ വാക്കുകളിൽ മറുപടി ഒതുക്കി നീലു ഫോൺ വെച്ചെങ്കിലും, സൗമ്യമായ സംഭാഷണമായിരുന്നു അതെന്ന് അവളുടെ വാക്കുകളിൽ നിന്നും ശാരി ഊഹിച്ചിരുന്നു.
ചുമരിൽ കണ്ട അവരുടെ വിവാഹ ഫോട്ടോയിലെ സുമുഖനായ ചെറുപ്പക്കാരനിൽ ശാരിയുടെ കണ്ണുകൾ ഒരു നിമിഷമുടക്കി.
ഒത്ത ഉയരവും,തിളക്കമുള്ള കണ്ണുകളും, കട്ടിയുള്ള മീശയും, പൗരുഷമുള്ള മുഖഭാവവുമായി , ആദ്യ കാഴ്ചയിൽ
ത്തന്നെ ആരെയും ആകർഷിക്കാൻ കഴിയുന്ന വ്യക്തിത്വമുള്ള ഒരു പുരുഷൻ.
" എന്താണ് പറ്റിയത് ഇവർക്കിടയിൽ? കാഴ്ചയിൽ എത്ര ചേർച്ചയാണ് രണ്ടുപേരും തമ്മിൽ? "
ശാരിയുടെ മനസ്സിലൂടെ ഒരു സംശയം കടന്നു പോയി.
" എന്താടീ .. ചെറിയ എന്തെങ്കിലും പിണക്കമുണ്ടായാൽ നീയെന്താ ഇങ്ങനെയൊക്കെയാണോ, തീരുമാനങ്ങളെ ടുക്കുന്നത്? എത്ര സ്നേഹത്തോടെയാണ് സന്ദീപ് സംസാരിക്കുന്നതെന്ന് മറുപടികളിൽ നിന്നുതന്നെ എനിക്ക് വ്യക്തമായതാണ്. "
കുറച്ചുനേരത്തെ മൗനത്തിനുശേഷം,
ശാരിയുടെ കയ്യിൽ പിടിച്ചിട്ട് നീലു ചോദിച്ചു.
" എടീ .. ഒരു ഭർത്താവ് എന്തൊക്കെയാണ് ഭാര്യയിൽ നിന്ന് ആഗ്രഹിക്കുന്നത്? "
" മനസ്സും ശരീരവും. " ശാരിയുടെ മറുപടി.
" അത് നിനക്ക് ഉറപ്പാണല്ലോ? "
വളരെ ശാന്തയായാണ് നീലു ശാരിയോട് അങ്ങനെ ചോദിച്ചത്.
" എന്നാൽ എനിക്കുറപ്പുള്ള ഒരു കാര്യം ഞാൻ പറയട്ടെ..?
നിനക്ക് എന്റെ മനസ്സറിയാം. ആ മനസ്സിൽ സ്ഥാനം കൊടുത്ത പുരുഷനെയും അറിയാം.
എന്റെ ശരീരം ഞാൻ മറ്റൊരാൾക്ക് പങ്കിടുമ്പോൾ അതിന് ആത്മാവുണ്ടാവുകയില്ല...
അങ്ങനെയൊരു ശരീരം പങ്കിടൽ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന്, വിവാഹത്തിന് മുൻപ് തന്നെ, ഞാൻ സന്ദീപിനോട് കെഞ്ചി പറഞ്ഞതാണ്.
" എന്നിട്ട്..? " ആകാംക്ഷയോടെയാണ് ശാരി ചോദിച്ചത്.
" വിവാഹത്തിൽനിന്ന് പിന്മാറണമെന്ന് ആദ്യദിവസം കണ്ടപ്പോൾ തന്നെ, എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ട് അപേക്ഷിച്ചതാണ്. പക്ഷേ,അപ്പോൾ സന്ദീപിന്റെ മറുപടി..
"മനസ്സുകൊണ്ട് നീലിമ എന്നെ സ്വീകരിക്കുന്ന ദിവസം വരെ, നമ്മൾ സുഹൃത്തുക്കൾ മാത്രമായിരിക്കും "എഎന്നായിരുന്നു.സന്ദീപിന്റെ ആ
ഒരുറപ്പിൻമേൽ നടന്ന വിവാഹമാണിത്. ഇതുമാത്രം ഞാൻ നിന്നോട് പറഞ്ഞിരുന്നില്ല എന്നേയുള്ളൂ. "
അത്ഭുതം തോന്നിയെങ്കിലും അത് പുറത്തു കാണിക്കാതെ ശാരി ചോദിച്ചു.
" നിങ്ങൾ ഇപ്പോഴും സുഹൃത്തുക്കൾ മാത്രമാണോ? "
"ഇതുവരെ അങ്ങനെ തന്നെ. ആദ്യ മാസമൊന്നും പ്രശ്നമുണ്ടായിരുന്നില്ലെങ്കിലും, സന്ദീപിന ങ്ങനെ ആവാൻ കഴിയില്ലെന്ന് രണ്ടുമാസമായി എനിക്ക് തോന്നിത്തുടങ്ങിയിരുന്നു.എന്റെ ശരീരത്തിലരിച്ച് പടരുന്ന സന്ദീപിന്റെ വിരലുകൾ,എനിക്കുണ്ടാക്കുന്ന ഒരു വീർപ്പുമുട്ടൽ.. എനിക്ക് ഭ്രാന്ത് പിടിച്ച് തുടങ്ങുന്നത് പോലെ തോന്നും അപ്പോൾ. പക്ഷേ ഓരോ ഒഴിഞ്ഞുമാറലും നീരസത്തോടെയാണെങ്കിലും സന്ദീപ് മനസ്സിലാക്കുന്നത് പോലെ തോന്നും നേരം പുലരുമ്പോഴുള്ള പെരുമാറ്റം കാണുമ്പോൾ.
പക്ഷേ രാത്രികൾ.. എന്നിൽ ഭീതി പരത്തുന്നെടാ.. "
കരച്ചിലിന്റെ വക്കിലെത്തിയിരുന്നു അവൾ.
" നീല വിരിയിട്ട കർട്ടനുകളും, ആ മുറിയിലെ അരണ്ട വെളിച്ചവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു ശാരീ.. "
തലേദിവസം രാത്രിയിൽ നടന്ന സംഭവം, ഒരു തിരശ്ശീലയിലെന്ന പോലെ, ശാരിയുടെ മുന്നിൽ തെളിയിക്കുകയായിരുന്നു നീലു പിന്നീട്.
സമയം രാത്രി പതിനൊന്നരയോട ടുത്തപ്പോഴാണ്, സന്ദീപന്ന് വീട്ടിലെത്തിയത്. പുറത്ത് കൊടും തണുപ്പ്. രാവിന്റെ മടിയിൽ തലചായ്ച്ച് ഊട്ടി എന്ന സുന്ദരി പെണ്ണ് ഉറങ്ങാൻ തുടങ്ങുകയായിരുന്നു അപ്പോൾ. അവിടെയും,ഇവിടെയും മിന്നി കത്തിയിരുന്ന ചെറിയ വിളക്കുകൾ അണഞ്ഞു തുടങ്ങി. രാവിന്റെ ലയ താളങ്ങളറിഞ്ഞ്,ഒരു പുതു പെണ്ണിന്റെ ഭാവത്തോടെ രാവിൽ അലിഞ്ഞു തുടങ്ങുമ്പോൾ മോഹിപ്പിക്കുന്ന സൗന്ദര്യമാണവൾക്ക്.
ജീപ്പിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ നീലു ഡോർ തുറന്നിരുന്നു. ഹാളിലേക്ക് കടന്നു സ്വെറ്റർ ഊരി അവളുടെ കയ്യിൽ കൊടുത്തിട്ട് സന്ദീപ് പറഞ്ഞു.
' എന്തൊരു തണുപ്പാണ് പുറത്ത്? നീലു, കുറച്ചു ചൂട് വെള്ളം വേണം "
ബംഗ്ലാവിനുള്ളിലെ ഫർണസിൽ നിന്നും ഉയരുന്ന ഇളം ചൂടിൽ അൽപനേരം നിന്നിട്ട്, അയാൾ ഡ്രസ്സ് മാറാനായി കിടപ്പുമുറിയിലേക്ക് പോയി.
ചൂട് വെള്ളവുമായി നീലു നടന്നുവരുന്നത് കണ്ടപ്പോൾ അയാൾ മനസ്സിൽ പറഞ്ഞു..
" ഒരു ശില്പം പോലെ സുന്ദരി. "
അപ്പോൾ വിഷാദമുറങ്ങുന്ന അവളുടെ കണ്ണുകളിൽ ചുംബിക്കാൻ അയാൾ വല്ലാതെ മോഹിച്ചു.
"ഇതാ.. ചൂടുവെള്ളം."
എന്നുപറഞ്ഞ് അരികിലെത്തിയ അവളെ, വന്യമായ ഒരാവേശത്തോടെ സന്ദീപ്, തന്റെ നഗ്നമായ മാറിലേക്ക് ചേർത്തടുപ്പിച്ചത് പെട്ടെന്നായിരുന്നു.
പക്ഷേ,അന്യ പുരുഷനിൽ നിന്നും ഭയന്ന് മാറുന്നത് പോലെ..
വേട്ടക്കാരനിൽ നിന്നും രക്ഷപ്പെടാൻ ഓടിയൊളിക്കുന്ന മാനിനെപ്പോലെ അവൾ ഭയപ്പാടോടെ കുതറി മാറി. അപ്പോൾ അയാളുടെ കൈകൾ അവളെ പിടിച്ചടുപ്പിച്ച് ചുണ്ടുകളിൽ ബലമായി ചുംബിച്ചു. അന്നുവരെ കാണാത്ത വന്യമായ ഒരു ശരീര ഭാഷയായിരുന്നു സന്ദീപിലപ്പോൾ കണ്ടത്.
അയാളെ ശക്തമായി പിടിച്ചു തള്ളിക്കൊണ്ട് അവൾ പൊട്ടിത്തെറിച്ചു. അപ്പോളവൾ മറ്റൊരു നീലിമയായിരുന്നു.
വെള്ളിത്തിരയിലെ ഈ സംഭവ ചിത്രത്തിന്റെ ബാക്കി പകർന്നു നൽകിയത് നീലുവിന്റെ ശബ്ദമായിരുന്നു.
" നിങ്ങളെന്നെ തൊടുമ്പോൾ, എന്റെ ശരീരത്തിൽ ക്ഷുദ്രജീവികൾ ഇഴയുന്നത് പോലെ തോന്നുന്നുവെന്ന് ഞാൻ പറഞ്ഞു. ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി നിങ്ങൾക്കെന്നെ വേണമെങ്കിൽ ഉപയോഗിക്കാമെന്നും. "
" എന്നിട്ട് എന്തുണ്ടായി? പറയു നീലു. "..
ശാരിയുടെ ഉള്ളു പിടഞ്ഞു.
"അപ്പോൾ രണ്ട് കൈയും തലയിൽ ചേർത്ത് ഇടിച്ചിട്ട് സന്ദീപ് ഉച്ചത്തിൽ ചോദിച്ചു.
എത്രനാളായി ശോകനായികയായി നീ അഭിനയിക്കുന്നു? ഞാനൊരു പുരുഷനാണ്. ഒരു സാധാരണ പുരുഷൻ.
സ്വന്തമെന്ന് പറയാൻ ആരുമില്ലാതിരുന്ന എനിക്ക്, ഭാര്യയും, അമ്മയും, സഹോദരിയും സുഹൃത്തും എല്ലാമായി ഒരാൾ വേണമെന്ന് തോന്നി, നിന്നെ കണ്ടെത്തിയതാണോ ഞാൻ ചെയ്ത തെറ്റ്?
സ്വന്തം ഭാര്യയെ ബലാൽക്കാരം ചെയ്ത്, ജീവിതമാസ്വദിക്കാൻ തക്ക സംസ്ക്കാര ശൂന്യനല്ല ഞാൻ,. ഒരു പട്ടാളക്കാരന്റെ ആത്മബലമുണ്ടെനിക്ക് . എങ്കിലും നീലൂ, ഒന്നു ചോദിച്ചോട്ടെ?
ഒരിക്കലെങ്കിലും നീ എന്നെ സ്നേഹിച്ചിട്ടുണ്ടോ? ഒരിക്കലെങ്കിലും?"
" ഇങ്ങിനെയൊക്കെ സന്ദീപ് ചോദിച്ചപ്പോൾ മറുപടിയില്ലായിരുന്നെടി എനിക്ക്. പക്ഷേ മുൻപേ ഞാൻ പറഞ്ഞതായിരുന്നില്ലേ സന്ദീപിനോട്., ഈ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന്. വിവാഹാലോചന വന്നപ്പോൾ,നീ എന്നെ നിർബന്ധിച്ചപ്പോഴും ഞാനെന്താണന്ന് നിന്നോട് പറഞ്ഞത്? ഓർക്കുന്നോ നീ?
ഞാൻ എന്തിന് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണമെന്ന്?
എത്ര പ്രാവശ്യം ഞാൻ പറഞ്ഞിരുന്നു, എല്ലാ അർത്ഥത്തിലും ഒരു പുരുഷന്
സ്വന്തമാകാൻ ഇനി എനിക്ക് കഴിയില്ലെന്ന്. നീ ഉൾപ്പെടെ ആരും എന്നെ മനസ്സിലാക്കിയില്ല.. എന്റെ മനസ്സറിഞ്ഞില്ല. " അവൾ തേങ്ങി.
" എനിക്കിപ്പോൾ സന്ദീപിനോട് സഹതാപം തോന്നുന്നു. വിവാഹമോചനം വേണമെന്ന് ഞാൻ പറയുന്നത് അതുകൊണ്ടാണ്. പ്രണയമില്ലാത്ത ഇണചേരലിൽ എനിക്ക് വിശ്വാസമില്ല ശാരീ..
എനിക്ക് ജീവിക്കാൻ സൈക്കോളജിയിലെ മാസ്റ്റർ ബിരുദവും, മനസ്സിന്റെ ബലവും മതി. സന്ദീപ് സ്വതന്ത്രനാവട്ടെ. ആകാശത്തിലെ നിറക്കൂട്ടുകൾ, വർണ്ണ ചിത്രങ്ങൾ
വരയ്ക്കട്ടെ സന്ദീപിന്റെ ജീവിതത്തിൽ. "
ഇതും പറഞ്ഞ്, തളർന്നിരുന്ന നീലുവിന്റെ തലയിൽ തലോടിക്കൊണ്ട് ശാരി പറഞ്ഞു.
" മോളെ.. സന്ദീപ് ഒരു സാധാരണ പുരുഷനാണ്. നീ അന്ന് അങ്ങനെ പറഞ്ഞെങ്കിലും, കല്യാണശേഷം അതെല്ലാം മാറും എന്ന് കരുതിയിട്ടുണ്ടാവും. ഇന്നലത്തെ നിന്റെ വാക്കുകൾ ഒരു പുരുഷനെ അപമാനിക്കുന്നതിന്റെ അങ്ങേയറ്റം ആയിരുന്നില്ലേടാ? സന്ദീപിന്റെ വികാരത്തെ മാനിക്കണമായിരുന്നു.
നീ മാത്രം എന്താ മാറാത്തതെന്നാണ് ഇപ്പോഴും എന്റെ ചിന്ത. പ്രണയ നഷ്ടം വന്നവരാരും വിവാഹം കഴിക്കില്ലേ? ഞാൻ എത്ര പേരെ പ്രണയിച്ചിട്ടുണ്ടെന്ന് നിനക്കറിയില്ലേ? എന്നിട്ട് ഞാൻ സന്തോഷത്തോടെ ജീവിക്കുന്നില്ലേ? "
ഒരു പുഞ്ചിരി അപ്പോൾ അവളുടെ ചുണ്ടിൽ വിടർന്നിരുന്നു. അവൾ തുടർന്നു..
" ഒരു പുരുഷന്റെ പ്രണയം ശാരീരികമായ ആസക്തിയിൽ കൂടി അധിഷ്ഠിതമാണെന്ന് ഓഷോയെ ഉദ്ധരിച്ച് നീ തന്നെ എത്രയോ പ്രാവശ്യം പണ്ട് പറയുമായിരുന്നു? എന്നിട്ടും നീ..? "
ശാരി മുഴുമിപ്പിക്കുന്നതിനു മുൻപേ, നീലുവിന്റെ ഉത്തരവും വന്നു.
" പ്രണയത്തിൽ മാത്രം ഒരു സ്ത്രീ സംതൃപ്തയാകുമെന്നും ഞാൻ പറയുമായിരുന്നില്ലേ? നിങ്ങൾ പ്രണയത്തിലാണെങ്കിൽ,അത് നിങ്ങളെ മുറിപ്പെടുത്തുമെങ്കിലും ആ മുറിവുകൾ നിങ്ങളെ ബലപ്പെടുത്തുമെന്നും. "
ഒരാളെ പ്രണയിച്ച്, മനസ്സിലെ പ്രണയവും, പ്രണയം പൂത്ത ശരീരവും അയാൾക്ക് മാത്രമായി പകർന്നു കൊടുക്കണം. ആ ഒരു തെറ്റല്ലേ ഞാൻ ചെയ്തുള്ളു."
അവളുടെ ശബ്ദത്തിൽ ദൃഢതയുണ്ടായിരുന്നു.
" എന്ത് ഭ്രാന്താണ് നീ ഈ പറയുന്നത്? നീ ഒരാളെ ഇഷ്ടപ്പെട്ടു. അയാൾ ഒരു നഷ്ടമായി തീർന്നു. അതുൾക്കൊള്ളണം നീ.. അല്ലാതെ.."
" നഷ്ടമായിത്തീർന്നതല്ല.. നഷ്ടമാക്കി തീർത്തതാണ്. "
ഇത് പറയുമ്പോൾ നീലുവിന്റെ കലങ്ങിയ കണ്ണുകൾക്ക് മുമ്പിൽ നിശ്ശബ്ദയാവാനേ ശാരിക്ക് കഴിഞ്ഞുള്ളൂ.
മുറിപ്പെടുത്തുന്ന, ഏതോ പഴയ ഓർമ്മകളിലേക്ക് അവർ രണ്ടുപേരും തിരിച്ചു പോയതുപോലെ,മുറിയിൽ വല്ലാത്ത ഒരു മൂകത തളം കെട്ടി.
ലാലി രംഗനാഥ്