ഒരു കാലവും, ഒരു പ്രണയവും, ഒരു കാത്തിരിപ്പും ….: ഹൃദയരാഗം, കെ ആര്‍ മോഹൻദാസ്

Oct 2, 2026 - 20:08
Oct 2, 2026 - 20:09
 0  2
ഒരു കാലവും, ഒരു പ്രണയവും, ഒരു കാത്തിരിപ്പും ….:  ഹൃദയരാഗം, കെ ആര്‍ മോഹൻദാസ്
 ഐ. വി. ശശിയുടെ സംവിധാനത്തിൽ 1982-ൽ പുറത്തിറങ്ങിയ ഇണ മലയാള സിനിമയുടെ ഓർമ്മച്ചിത്രങ്ങളിൽ ഇന്നും ഒരു നനുത്ത സാന്നിധ്യമാണ്. മലയാള സിനിമയിലെ പ്രശസ്ത ബാലതാരമായിരുന്ന മാസ്റ്റർ രഘുവും ദേവിയുമാണ് ഇണയിലെ മുഖ്യ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. രഘു തമിഴ് സിനിമയിൽ കരൺ എന്ന താരമാണ്. 
എഴുപതുകളുടെ അവസാനവും എൺപതുകളുടെ തുടക്കവും മലയാള സിനിമാഗാനങ്ങൾക്ക് മറക്കാനാവാത്ത മാധുര്യം പകർന്ന കാലമായിരുന്നു. 

ആ കാലത്തിന്‍റെ തിരക്കേറിയ സംഗീത സംവിധായകരിലൊരാളായ എ. ടി. ഉമ്മറും കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമലയും ഒന്നിച്ചപ്പോൾ പിറന്ന മനോഹര ഗാനങ്ങളിലൊന്നാണ് ഇണയിലെ—
“വെള്ളിച്ചില്ലും വിതറി
തുള്ളി തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവീ,
പറയാമോ നീ...
എങ്ങാണു സംഗമം...
എങ്ങാണു സംഗമം...
മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ അലിഞ്ഞൊഴുകുന്ന നിലാവും നിശബ്ദതയും….നീലനിലാ ചെരിവിലെ സന്ധ്യകളെ തലോടിയെത്തുന്ന അതിവിലോലമായ ഇളംതെന്നലില്‍ ഒഴുകിയൊഴുകി വരുന്ന മുല്ലപ്പൂസുഗന്ധം പോലെ ഒരു പ്രണയനിലാക്കുളിര്‍ഗാനം. അല്ലിയിളം പൂവ് കഴിഞ്ഞാൽ കൃഷ്ണചന്ദ്രന്‍ പാടിയ ഏറ്റവും പ്രിയ ഗാനമാണിത്. 
വെള്ളിച്ചില്ലും,വിതറി തുള്ളി തുള്ളി ഒഴുകും 
 പൊരിനുര ചിതറും കാട്ടരുവീ പറയാമോ .നീ ?
 എങ്ങാണു സംഗമം എങ്ങാണു സംഗമം 
ഇന്ന് തമിഴിലെ കരൺ എന്ന  മലയാളത്തിലെ പഴയ മാസ്റ്റർ രഘുവിന്‍റെ കൗമാരകാമുകന്‍റെ പ്രണയാര്‍ദ്രമായ ഭാവങ്ങള്‍ എത്ര  മനോഹരമാണ്. ഇണ എന്ന സുന്ദര ചിത്രത്തെ എങ്ങനെ മറക്കാനാവും? 
പ്രേമാർദ്രമായ, ദാഹാർത്തമായ കണ്ണുകളോടു കൂടി നിശ്ശബ്ദമായി ഈ ഗാനരംഗത്ത് അഭിനയിച്ച ദേവിയുടെ ഭാവങ്ങളും അതിമനോഹരം. ദേവിയുടെ  റോസ് കോസ്റ്റ്യൂം പാട്ടിനു കൂടുതല്‍ ഭംഗി കൂട്ടുന്നു.
 ചിറകുള്ള മിഴികൾ നനയുന്ന പൂവുകൾ 
 മനസ്സിന്‍റെ ഓരം ഒരു മലയടിവാരം 
 അവിടൊരു പുതിയ പുലരിയോ 
 അറിയാതെ .... മനസറിയാതെ 
ഇലകളില്‍ ഡിസംബറിലെ മഞ്ഞുനനവുള്ള രാവുകളില്‍ ഈ ഗാനത്തില്‍ ലയിച്ചിരിക്കുമ്പോള്‍ ഉള്ളില്‍ ഒരു അരുവിയുടെ പൊട്ടിച്ചിരി കേള്‍ക്കാം.
 അനുവാദമറിയാൻ അഴകൊന്നു നുള്ളുവാൻ 
 അറിയാതെ പിടയും വിരലിന്‍റെ തുമ്പുകൾ 
 അതിലോലലോലം അതുമതി മൃദുഭാരം 
 അതിലൊരു പുതിയ ലഹരിയോ 
 അറിയാമോ .... നിനക്കറിയാമോ ?
നാട്ടുമാവിന്‍ ചുവട്ടിലെ മധ്യവേനല്‍ അവധിക്കാലവും 
റേഡിയോയിലൂടെ ഈ പാട്ട് അര്‍ത്ഥമറിയാതെ  കേട്ടതും, അങ്ങനെ, ഒരുപാടുണ്ട് ഈ ഗാനം നല്‍കിയ  ഓർമ്മകൾ…
മോഹമുണ്ട്….അന്ന് ഈ പാട്ടും സ്വപ്നം കണ്ടുനടന്ന ആ നീലനിലാച്ചെരുവിലൂടെ നടക്കാന്‍…..
ഒരിക്കൽ കൂടി ആ ഡിസംബര്‍ രാവുകള്‍ ഒന്നു മടങ്ങിവന്നിരുന്നെങ്കില്‍… 
കാട്ടരുവിയുടെ ഒഴുക്കും നുരയും നിലാവിന്‍റെ വെള്ളിച്ചില്ലുകളും ചേർന്ന് പ്രകൃതിയെ തന്നെ ഒരു പ്രണയകവിതയാക്കി മാറ്റുന്ന വരികൾ. കേൾക്കുമ്പോൾ ഒരു അരുവി മാത്രമല്ല ഒഴുകുന്നത്; അതിനൊപ്പം ഒരു കാലവും, ഒരു പ്രണയവും, ഒരു കാത്തിരിപ്പും നമ്മുടെ മനസ്സിലൂടെ ഒഴുകിപ്പോകുന്നു.
കാലം എത്ര ദൂരം മുന്നോട്ടുപോയാലും ചില പാട്ടുകൾക്ക് പ്രായമാകുന്നില്ല. ഒരിക്കൽ കേട്ടു മറന്നുപോകുന്നവയല്ല അവ. ജീവിതത്തിന്‍റെ ഏതോ നിശ്ശബ്ദമായ കോണിൽ ഒളിച്ചിരുന്ന ഒരു ഓർമ്മയെ പതുക്കെ തൊട്ടുണർത്തി, നമ്മെ പഴയൊരു കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നവയാണ്.
ഇണയിലെ ആ ഗാനം —
കേൾക്കുമ്പോൾ കാതുകളിൽ സംഗീതവും, ഓർമ്മയിൽ ഒരു കാലവും, മനസ്സിൽ ഒരു നനുത്ത വിരഹവും ബാക്കിയാകുന്ന ഗാനം.
“വെള്ളിച്ചില്ലും വിതറി
തുള്ളി തുള്ളി ഒഴുകും
പൊരിനുര ചിതറും കാട്ടരുവീ,
പറയാമോ നീ...