ഈ നിമിഷം ശരിക്കും ഹൃദയസ്പർശി; അർജന്റീനൻ ജഴ്‌സിയിൽ മെസിയുടെ അവസാന മത്സരം ബുധനാഴ്ച
രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അർജന്റീനൻ ഫുട്ബോൾ യാത്രയ്ക്ക് വിരാമമിടാൻ ലയണൽ മെസി. ദേശീയ ടീമിലെ അവസാന മത്സരത്തിനായി അർജന്റീനയുടെ പരിശീലന ക്യാമ്പിൽ ക്യാപ്റ്റൻ തിരിച്ചെത്തി. ബുധനാഴ്ച പുലർച്ചെ ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തോടെയാണ് ലോക ഫുട്ബോളിലെ ഇതിഹാസം അർജന്റീന ജഴ്‌സിയോട് വിടപറയുന്നത്. ബ്യൂണസ് ഐറിസിലെ റിവർ പ്ലേറ്റിന്റെ എസ്റ്റാഡിയോ മോനുമെന്റലിലാണ് മത്സരം.
പരിശീലന ക്യാമ്പിലെത്തിയ മെസിയുടെ ചിത്രങ്ങൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി പുറത്തുവിട്ടു. ‘തിരികെ സ്വാഗതം, ക്യാപ്റ്റൻ. ഈ നിമിഷം ശരിക്കും ഹൃദയസ്പർശിയാണ്’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയും മെസിയെ ക്യാമ്പിലേക്ക് നേരിട്ട് സ്വാഗതം ചെയ്തു. മെസിക്ക് അർഹമായ യാത്രയയപ്പ് നൽകുന്നതിനായാണ് ബെനിനെതിരായ മത്സരം സംഘടിപ്പിച്ചതെന്ന് ടാപിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
അർജന്റീനയ്ക്കായി മെസിയുടെ 208-ാം മത്സരമായിരിക്കും ബെനിനെതിരായ പോരാട്ടം. 125 ഗോളുകളുമായി ദേശീയ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ മെസി 2021ലും 2024ലും കോപ്പ അമേരിക്ക കിരീടവും 2022ലെ ലോകകപ്പ് കിരീടവും അർജന്റീനയ്ക്ക് സമ്മാനിച്ച ടീമിന്റെ നായകനാണ്. ആദ്യകാലത്ത് ദേശീയ ടീമിനൊപ്പം കടുത്ത വിമർശനങ്ങൾ നേരിട്ട താരം പിന്നീട് രാജ്യത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കായികതാരങ്ങളിലൊരാളായി മാറിയതിന്റെ പൂർണത കൂടിയാകും ഈ വിടവാങ്ങൽ മത്സരം.
അവസാന മത്സരത്തിനായി മെസിക്കായി പ്രത്യേക ജഴ്‌സിയും അർജന്റീന ഒരുക്കിയിട്ടുണ്ട്. സ്വർണ നിറത്തിൽ പേരും പ്രത്യേക ഡിസൈനും ഉൾപ്പെടുത്തിയ ജഴ്‌സിയണിഞ്ഞാകും 39-കാരൻ അവസാനമായി അർജന്റീനയ്ക്കായി കളത്തിലിറങ്ങുക. ആരാധകർക്ക് മുന്നിൽ നടക്കുന്ന ഈ മത്സരം മെസിയുടെ അന്താരാഷ്ട്ര കരിയറിലെ ഒരു യുഗത്തിന്റെ അവസാനമായി മാറും. മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ വിറ്റുതീർന്നത് ആരാധകരുടെ ആവേശത്തിന്റെ സൂചനയാണ്.