അമിത് ഷായ്ക്കെതിരായ മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിയെ വെറുതെവിട്ടു

Oct 26, 2026 - 12:47
 0  5
അമിത് ഷായ്ക്കെതിരായ മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിയെ വെറുതെവിട്ടു

സുൽത്താൻപുർ (ഉത്തർപ്രദേശ്): 2018ൽ അന്നത്തെ ബിജെപി അധ്യക്ഷൻ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെതിരെയുള്ള മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിലെ സുൽത്താൻപുരിലുള്ള പ്രത്യേക എംപി-എംഎൽഎ കോടതി കുറ്റവിമുക്തനാക്കി. തിങ്കളാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്. വിധി കേൾക്കാൻ രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായിരുന്നു.

2018ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ നടന്ന റാലിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. സുൽത്താൻപുരിലെ ജില്ലാ സഹകരണ ബാങ്ക് മുൻ ചെയർമാനും പ്രാദേശിക ബിജെപി നേതാവുമായ വിജയ് മിശ്ര 2018 ഓഗസ്റ്റ് നാലിനാണ് രാഹുൽ ഗാന്ധിക്കെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

2023ൽ കോടതിയിൽ ഹാജരായ രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചിരുന്നു. കേസിൽ വിധി പ്രസ്താവിക്കാൻ ആദ്യം ഒക്റ്റോബർ 13 നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ഒക്റ്റോബർ 26ലേക്ക് മാറ്റുകയായിരുന്നു.