കളിക്കളത്തിലെ മഹാമാന്ത്രികന്റെ പടിയിറക്കം

Sep 2, 2026 - 20:08
 0  4
കളിക്കളത്തിലെ മഹാമാന്ത്രികന്റെ പടിയിറക്കം

ർജന്റീനയുടെ ആകാശ നീലയും വെള്ളയും കലർന്ന കുപ്പായത്തിൽ രണ്ടു പതിറ്റാണ്ടിലേറെ ലോകത്തെ വിസ്മയിപ്പിച്ച ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങുമ്പോൾ, പൂർത്തിയാകുന്നത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു യുഗമാണ്. 2005-ൽ ആരംഭിച്ച അന്താരാഷ്ട്ര കരിയറിനാണ് 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകൾ എന്ന സമാനതകളില്ലാത്ത നേട്ടത്തോടെ ഈ മഹാമാന്ത്രികൻ വിരാമമിടുന്നത്. വെറുമൊരു കളിക്കാരൻ എന്നതിലുപരി ലോക യുവതയ്ക്ക് പ്രതീക്ഷയും  പ്രചോദനവുമായിരുന്നു ഈ അർജന്റീനക്കാരൻ.

വിജയങ്ങളിൽ അമിതമായി ആഹ്ലാദിക്കാതെ കൂട്ടായ്മയ്ക്ക് ഊന്നൽ നൽകിയ ലാളിത്യമായിരുന്നു മെസിയുടെ മുഖമുദ്ര. മൈതാനത്തിനകത്തും പുറത്തും മിതഭാഷിയായി നിലകൊണ്ട അദ്ദേഹം, വിവാദങ്ങളിൽ നിന്ന് എപ്പോഴും അകലം പാലിച്ചു. മൈതാനത്തെ പന്തടക്കത്തിലും പെരുമാറ്റത്തിലും പുലർത്തിയ ഈ മാന്യത തന്നെയാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ മനസ്സിൽ അദ്ദേഹത്തെ ഒരു വികാരമാക്കി മാറ്റിയത്.

2016-ലെ കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോടേറ്റ തോൽവിക്ക് പിന്നാലെ നിരാശയോടെ വിരമിക്കാൻ ഒരുങ്ങിയ മെസിയെ, ആരാധകരുടെയും രാജ്യത്തിന്റെയും സ്നേഹപൂർവ്വമായ അഭ്യർഥനയാണ് കളിക്കളത്തിൽ നിലനിർത്തിയത്. ആ തിരിച്ചുവരവ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാവ്യനീതിയായി മാറി. വിരമിക്കൽ തീരുമാനം പിൻവലിച്ച ശേഷം കളിച്ച 94 മത്സരങ്ങളിൽ നിന്ന് 70 ഗോളുകളാണ് അദ്ദേഹം അർജന്റീനയ്ക്കായി അടിച്ചുകൂട്ടിയത്.

രാജ്യത്തിനായി കിരീടങ്ങൾ നേടാനായില്ല എന്ന പഴികേട്ട താരം പിന്നീട് ഒരു ലോകകപ്പും രണ്ട് കോപ്പ അമേരിക്കയും ഒരു ഫൈനലിസിമയും അടക്കം നാല് പ്രമുഖ കിരീടങ്ങളിലേക്ക് അർജന്റീനയെ നയിച്ചു.

36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2022-ൽ ഖത്തറിൽ അർജന്റീന ലോകകപ്പ് ഉയർത്തുമ്പോൾ, അതിനുപിന്നിൽ മെസി എന്ന നായകന്റെ ദൃഢനിശ്ചയമായിരുന്നു.

ആറ് ലോകകപ്പുകളിൽ (2006, 2010, 2014, 2018, 2022, 2026) കളിക്കുന്ന അപൂർവ്വ നേട്ടവും സ്വന്തമാക്കിയാണ് അദ്ദേഹം പടിയിറങ്ങുന്നത്.

"എന്റെ ആത്മാവിന്റെ ആഴങ്ങളിൽ ഇപ്പോഴും വേദനയുണ്ട്; ഈ കുപ്പായത്തിനു വേണ്ടി എല്ലായ്‌പ്പോഴും പോരാടി, സർവതും നൽകി" എന്ന അദ്ദേഹത്തിന്റെ വിടവാങ്ങൽ കുറിപ്പ് ഏതൊരു ഫുട്ബോൾ പ്രേമിയുടെയും കണ്ണുനിറയ്ക്കുന്നതാണ്.

അന്താരാഷ്ട്ര ജേഴ്സി അഴിച്ചുവെച്ച് ഇന്റർ മയാമിയിലൂടെ ക്ലബ് ഫുട്ബോളിൽ അദ്ദേഹം തുടരുമെങ്കിലും, അർജന്റീനയുടെ ആകാശ നീല കുപ്പായത്തിലെ ആ പത്താം നമ്പറിന്റെ അഭാവം ഇനി നികത്താനാവാത്ത ഒന്നാണ്. മൈതാനങ്ങളിൽ അദ്ദേഹം തീർത്ത മാസ്മരിക നിമിഷങ്ങളും പോരാട്ടവീര്യവും വരുംതലമുറകൾക്ക് എന്നും വഴികാട്ടിയായി നിലനിൽക്കും.