Mary Alex ( മണിയ)
മുറിക്കാൽച്ചട്ടയിട്ട് കാലിന്മേൽ കാൽ കയറ്റി വച്ചിരുന്ന കൊച്ചു മോളോട് ഭർത്താവിന് ചായയുമായി ചെന്ന വല്ല്യമ്മ പറഞ്ഞു "മോളെ! വല്ല്യപ്പച്ചന്റ് മുന്നിലാണോ ഇങ്ങനെ ഇരിക്കുന്നത്? അതും പൂമുഖത്ത് "
"എന്താ ഇരുന്നാല്!പൂമുഖം പുരുഷന്മാർക്ക് മാത്രമുള്ളതാണോ"
"മോളെ കൊച്ചു വായിൽ വല്ല്യ വർത്താനം പറയാതെ വല്ല്യപ്പച്ചനെ ബഹുമാനിക്കണ്ടേ? "
"ഐ ആം തർടീൻ യീയേഴ്സ് ഓൾഡ്.ഐ ആം നോട്ട് കൊച്ച് "
കൊച്ചുമകൾ ചീറിത്തെറിച്ച് അകത്തേക്ക് പോയി.
"നിനക്ക് മിണ്ടാതിരുന്നൂടെ മറിയാമ്മേ?എത്ര കാലം കൂടിയിട്ടാ മക്കൾ വീട്ടിൽ വന്നത്. കൂടിപ്പോയാ രണ്ടാഴ്ച,അല്ലെങ്കിൽ മൂന്ന്.അവർ എവിടേലും ഇരുന്നോട്ടെന്ന് വക്കുന്നേനു പകരം അതിനെ പിണക്കി."
കൊച്ചുമകളെ പിണക്കി അയച്ചത് വല്യപ്പന് ഇഷ്ടപ്പെട്ടില്ല.
"അതാ ഇപ്പ കഥ പിള്ളാർക്ക് ഗുണദോഷം പറഞ്ഞു കൊടുക്കേണ്ടത് തള്ളമാരാ അല്ലെങ്കിൽ ഇങ്ങനൊക്കെ ഇരിക്കും. അതെങ്ങനാ....."
"ങ്ങാഹാ ! അമ്മച്ചി ആരെയാ പറഞ്ഞു വച്ചത് എന്നെയല്ലേ? "
മകൾ ദേഷ്യപ്പെട്ട് അകത്തേക്ക് പോയതിന്റെ പിന്നാലെ മരുമകളുടെ വരവായി.
"അമ്മച്ചി ഒരു കാര്യം മനസ്സിലാക്കണം നാട്ടിലെ രീതികളൊന്നും അവരെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്."
" മോളെ ഞാൻ..... "
"പുറത്തൊക്കെ ആണിനും പെണ്ണിനും ഒരേ സ്ഥാനമാണ്. അത് അപ്പനായാലും അപ്പൂപ്പനായാലും സ്വന്തം ഭർത്താവായാലും "
അതു താനറിയാത്ത കാര്യമൊന്നുമല്ലല്ലോ മനസ്സിൽ ഓർത്തു. എങ്കിലും പുറത്തേക്ക് വന്നതിങ്ങനെയാണ്.
"പോട്ടേ മോളെ! ഞാനിനി ശ്രദ്ധിക്കാം " വല്യമ്മ ചായ ഗ്ലാസും വാങ്ങി അകത്തേക്ക് നടന്നു."
നടുത്തളത്തിൽ മകനും കൊച്ചു മകനും ഇരുപ്പുണ്ട്.അപ്പന്റെയും മകന്റെയും കയ്യിൽ ലാപ്ടോപ്. മകളുടെ കയ്യിൽ മൊബൈലും . മകനും കുടുംബവും വന്നതറിഞ്ഞ് എത്തിയതാണവൾ.അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാവണം പൂമുഖത്തെ സംഭാഷണമൊന്നും അവർ കേട്ടിട്ടില്ല.കേട്ടിരുന്നെങ്കിൽ ! വേണ്ട.കേൾക്കാതിരിക്കട്ടെ.
വല്യമ്മ പിന്നാമ്പുറത്തേക്ക് നടന്നു.