ദേവീ നിൻ ചിരിയിൽ’ മലയാളികളുടെ മനസ്സില്‍ എന്നും ഗൃഹാതുരത്വമുണർത്തുന്ന പ്രിയപ്പെട്ട ഗാനമാണ്.
ദേവീ... നിൻ ചിരിയിൽ
കുളിരോ പാലൊളിയോ ...
അനുദിനമനുദിനം എന്നിൽ നിറയും
ആരാധനമധുരാഗംനീ …
ഡോ. ബാലകൃഷ്ണൻ സംവിധാനം ചെയ്ത ‘രാജപരമ്പര’ (1977) എന്ന ചിത്രത്തിലെ ‘ഈ ഗാനം വിശുദ്ധനായ ഒരു കാമുകന്‍റെ ഹൃദയത്തില്‍ നിന്നൊഴുകിവരുന്ന പ്രേമഗാനമാണ്.
മനസ്സിലെ തുളസീതീർത്ഥക്കരയിൽ
തപസ്സിരുന്നൊരെൻ മോഹം ..
നിൻ ദിവ്യനൂപുര ധ്വനിയിലുണർന്നൂ ..
നിർമ്മല രാഗാർദ്രഭാവമായ് തീർന്നൂ ..
കവി അപ്പൻ തച്ചേത്ത് എഴുതിയ ഈ ഗാനം മാംസനിബദ്ധമല്ലാത്ത ആത്മീയ പ്രണയത്തിന്‍റെ ഈരടികളായി വിലയിരുത്തപ്പെടുകയും ചെയ്തു.
എറണാകുളം എളങ്കുളം തച്ചേത്ത് നീലകണ്ഠ മേനോന്‍റെ തൂലികാനാമമാണ് അപ്പൻ തച്ചേത്ത്. ദേവീ നിൻ ചിരിയിൽ’ എന്ന പ്രണയ ഗാനമാകട്ടെ എക്കാലത്തെയും വമ്പൻ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു.
എ ടി ഉമ്മറിന്‍റെ നിശ്ശബ്ദതയിൽ ചാറ്റൽമഴ പെയ്തിറങ്ങുന്നതുപോലെ, അതീവ മൃദുവായൊരു നാദത്തിലാണ് ഗാനഗന്ധർവൻ ഈ ഗാനം ആലപിച്ചിരിക്കുന്നത്. വരികളുടെ അർഥവും അതിലൊളിഞ്ഞിരിക്കുന്ന സ്നേഹവും വിരഹവും കാത്തിരിപ്പുമെല്ലാം ഉൾക്കൊണ്ടുകൊണ്ട്, അൽപ്പം പതിഞ്ഞ ശബ്ദത്തിൽ ഓരോ വരിയും അദ്ദേഹം പാടിയൊഴുക്കുന്നു.
പ്രത്യേകിച്ച് രണ്ടാം ചരണത്തിലെ ‘സ്നേഹമയീ, ഞാൻ കാത്തിരിപ്പൂ’ എന്ന വരിക്ക് അദ്ദേഹം പകരുന്ന മൃദുതരളിതഭാവം അതീവ ഹൃദ്യമാണ്. കാത്തിരിപ്പിന്‍റെ നനവും സ്നേഹത്തിന്‍റെ ആർദ്രതയും ഒരുപോലെ നിറഞ്ഞ ആ ആലാപനം, കേൾക്കുന്നവരുടെ മനസ്സിലേക്കും നേർത്തൊരു ചാറ്റൽമഴയായി പെയ്തിറങ്ങുന്നു.
സ്‌നേഹോപാസനാ മന്ത്രവുമോതി ..
സ്‌നേഹമയീ ഞാൻ കാത്തിരിപ്പൂ ..
ഇത്ര വിശുദ്ധനായ ഒരു കാമുകനെ മറ്റൊരു മലയാള സിനിമാഗാനത്തിലും കാണാനാവില്ല. പ്രണയിനിയെ ഒരു തരത്തിലുള്ള ശാരീരിക മോഹങ്ങളോടെയും കാണാത്ത കാമുകൻ. ഒരു ശ്രീകോവിൽ തീർത്ത് അവളെ പ്രതിഷ്ഠിച്ചു പൂജിക്കാൻ ആഗ്രഹിക്കുന്നവൻ....സ്വന്തമാക്കലിനേക്കാൾ മനസ്സിലാക്കലിന് പ്രാധാന്യം നൽകുന്ന സ്നേഹമാണ് Platonic Love.
ഈ ഗാനത്തിലെ ഏറ്റവും ഫീല്‍ചെയ്ത വരികള്‍ ചരണത്തിലേതാണ്. അപാരമാണ് അതിന്‍റെ ശക്തി. കേള്‍ക്കുമ്പോള്‍ വളരെ സിംപിള്‍ എന്നുതോന്നും. പക്ഷേ ഒന്നു കേള്‍ക്കണം. ശരിക്കും തകര്‍ന്നുപോകും.
ചിത്രവർണ്ണാംഗിതശ്രീകോവിലിൽ ഞാൻ
നിത്യസിംഹാസനം നിനക്കായ് തീർത്തു ..
സ്‌നേഹോപാസനാ മന്ത്രവുമോതി ..
സ്‌നേഹമയീ ഞാൻ കാത്തിരിപ്പൂ ..
മലയാള ഗാനശാഖയിൽ രചനയുടെ ഔന്നത്യം സൂക്ഷിക്കുന്ന ഗാനം’ എന്നാണ് ഈ പാട്ടിനെ ചലച്ചിത്ര ഗാനനിരൂപകൻ ടി.പി. ശാസ്തമംഗലം വിശേഷിപ്പിച്ചത്.