Mary Alex (മണിയ)
ഋ, ഐ ഒക്കെ പോലെ ഔ കൊണ്ടും പഴഞ്ചൊല്ലുകൾ വളരെ വിരളം എന്നല്ല. ഒന്നേ ഒന്നു മാത്രമേ എനിക്കു കണ്ടെത്താൻ കഴിഞ്ഞുള്ളു. അത് :-
'ഔചിത്യമില്ലാത്ത നായരേ !അത്താഴമുണ്ണാൻ വരിനെടോ '
എന്നാണ് .
പഴയ കാലത്ത് നമ്പൂതിരി ഇല്ലങ്ങളിൽ വൈകുന്നേരങ്ങളിൽ സഭ കൂടുക പതിവാണ്.സൊറ പറഞ്ഞിരിക്കാനും, ശ്ലോകം ചൊല്ലാനും ഒക്കെയായി സമപ്രായക്കാരായ കൂട്ടുകാർ ഒത്തു കൂടും. മുൻപ് സൂചിപ്പിച്ചിട്ടുള്ളതു പോലെ ക്രിസ്ത്യാനികൾക്കും നായന്മാർക്കുമെ മനകളിൽ പ്രവേശനം ഉള്ളു.അങ്ങനെ സമയം കുറേ ആകുമ്പോൾ ഓരോരുത്തർ അവരവരുടെ വീടുകളിലേക്ക് പോയിത്തുടങ്ങും. സ്വന്തം വീട്ടിൽ കുളി കഴിഞ്ഞ് അത്താഴം കഴിച്ച് അന്തിയുറങ്ങും അതാണ് പതിവ്.എല്ലാവരും പോയിട്ടും ഒരു മാന്യൻ,നായർ അവിടെ തന്നെ ഇരിക്കുകയാണ്. അയാൾ കൂടി പോയിട്ടുവേണം സ്വന്തം കാര്യങ്ങൾ ചെയ്യാനും പടിപ്പുര അടച്ച് അത്താഴമുണ്ട് അന്തിയുറങ്ങാനും. അങ്ങനെ ഇരിക്കുന്ന ആ നായരോട് വീട്ടുകാരൻ ചോദിക്കുന്ന ചോദ്യമാണിത്.
ഇതു പോലെയുള്ള മാന്യന്മാരെ പലയിടങ്ങളിലും നമുക്ക് കാണാൻ കഴിയും. ഔചിത്യം എന്നത് തൊട്ടു തീണ്ടിയിട്ടില്ലാത്തവർ.ക്ഷണിക്കാതെകല്യാണത്തിന് ചെല്ലുക. വിളിക്കാതെ അടിയന്തിരങ്ങൾക്ക് പോയി മുൻ പന്തിയിൽ ഇരിക്കുക. ഓരോരോ അവസരങ്ങളിൽ അവസരോചിതമല്ലാത്ത വിഷയങ്ങൾ തട്ടി മൂളിക്കുക അങ്ങനെ പലതും. അതുകൊണ്ട് അവർക്ക് മാത്രമല്ല ബുദ്ധിമുട്ട്. വീട്ടുകാർക്കും കേട്ടിരിക്കുന്നവർക്കും ചില സമയങ്ങളിൽ അങ്ങനെയുള്ള പ്രവർത്തി കൊണ്ട് വാഗ്വാദങ്ങൾ, അടി കലശലുകൾ വരെ ഉണ്ടാകാം. അതുകൊണ്ട് എവിടെയും ഔചിത്യ പൂർവ്വം പെരുമാറുക എന്നത് നമ്മുടെ ജീവിത ശൈലി ആക്കി മാറ്റണം.
ഇനി 'ഔ'വ്വിൽ ആരംഭിക്കുന്ന ചില വാക്കുകളെ പരിചയപ്പെടാം.
1' 'ഔഡുമണ്ഡലം '
ഉഡു എന്നാൽ നക്ഷത്രം. നക്ഷത്രമണ്ഡലത്തെയാണ് ഈ വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.
2. 'ഔഡ്രപുഷ്പം '
നമ്മൾ സാധാരണ കാണുന്ന ചെമ്പരത്തിപ്പൂവിനെയാണ് ഔ ഡ്രപുഷ്പം എന്ന വാക്കു സൂചിപ്പിക്കുന്നത്.ഔഡ്യപുഷ്പം എന്നും പറയും.
3. 'ഔദയകൻ '
ഉദയം മുതൽ ഗ്രഹഗതി കാണുന്നവൻ, ജ്യോതിഷം അറിയുന്നവൻ
4. 'ഔദ്വാഹികം '
വിവാഹസമയത്ത് സ്ത്രീക്ക് നൽകുന്ന സമ്മാനം.
5. 'ഔധസ്യം '
അകിട്ടിൽ നിന്നും ലഭിക്കുന്നത്.
പാൽ.
6. 'ഔപവസ്ത്രം '
ഉപവാസത്തിനുള്ള വസ്ത്രം. ഉത്തരീയം, മേൽമുണ്ട്.
7. 'ഔപവസ്തം '
ഉപവാസത്തിനുള്ള ഭക്ഷണം.
8. 'ഔർണ്ണേയകം '
ആടിന്റെ രോമം കൊണ്ടു നിർമ്മിക്കുന്ന വസ്ത്രം.
9. 'ഔരസ '
ഉരസ്സിൽ നിന്നുണ്ടായ, ഔരസൻ - ഉരസ്സിൽ നിന്നും ഉണ്ടായവൻ, സ്വന്തം പുത്രൻ
10. 'ഔർദ്ധദേഹികം '
മരണപ്പെട്ട അളിനുവേണ്ടി ചെയ്യുന്ന ശേഷക്രീയകൾ.
11.'ഔവ്വ / യാർ '
ആദിമാതാവ്, ഹൗവ്വ
12 'ഔറാഹം '
യിസ്രായേൽക്കാരുടെ കുല
കൂടസ്ഥൻ, അബ്രഹാം,
സ്വരാക്ഷരങ്ങൾ ഇവിടെ അവസാനിക്കുന്നു.
ശ്രീ ശ്രീകണ്ഡേശ്വരം ജി പത്മനാഭപിള്ള അവർകളുടെ ശബ്ദതാരാവലിയോട് കടപ്പാട്.
വ്യജ്ഞനങ്ങൾ കൊണ്ടുള്ള പഴഞ്ചൊല്ലുകൾ ആരംഭിക്കണോ
വേണ്ടയോ എന്ന ചിന്താക്കുഴപ്പ ത്തിൽ ഇരിക്കുന്നു. ദയവായി അഭിപ്രായം രേഖപ്പെടുത്തുക.
Mary Alex (മണിയ)