ദിവ്യ സ്നേഹം: കഥ, ഗംഗാദേവി

ദിവ്യ സ്നേഹം: കഥ, ഗംഗാദേവി

 വിശാലമായ ആ വായന മുറിയിൽ വായനയിൽ മുഴുകി ഇരിക്കയാണ് ബാലരാമവർമ്മ . ചേച്ചി ലക്ഷ്മീഭായ് വന്ന് വിളിച്ചു.

"ബാലാ : ക്ഷേത്ര ദർശനത്തിന് പോകുവാൻ സമയം ആയില്യേ "  നിഷ്കളങ്കമായ ചിരിയോടെ നിൽക്കുന്ന ചേച്ചിയെ കണ്ടപ്പോൾ മനസ്സ് അമ്മയിലേയ്ക്ക് നീങ്ങി. പുസ്തകം തിരിച്ചു വച്ച് വെറുതെ പുറത്തേയ്ക്ക് നോക്കി. പത്മതീർത്ഥം ആദിത്യകിരണമേറ്റു തിളങ്ങി. തെരുവുകൾ ഉണർന്നു. പലതരം പൂക്കൾ വിൽപ്പനയ്ക്കായ് എത്തിയിരിക്കുന്നു. പത്മനാഭ സ്വാമിയെ കണ്ട് അനുഗ്രഹം വാങ്ങാൻ നിൽക്കുന്നവർ . ഇവരുടെയിടയിൽ ക്ഷേത്രത്തിലേയ്ക്ക് നോക്കി നിൽക്കുന്ന സുന്ദരി . അദ്ദേഹത്തിന്റെ ശ്രദ്ധ ആ സുന്ദരിയിലേയ്ക്ക് ഓടികയറവേ " ക്ഷേത്ര ദർശനത്തിന് സമയമായി " എന്ന് ഒരു ഭടൻ വന്നു പറഞ്ഞു. മനസ്സിനെ ചിന്തകൾക്കു വിട്ടു കൊടുക്കാതെ കുടുംബത്തോടൊപ്പം ദർശനത്തിനായി നീങ്ങി.

      പ്രദക്ഷിണം ചെയ്യുമ്പോൾ പ്രധാന കവാടത്തിന്റെ ഓരം ചേർന്ന് താൻ നേരത്തേ കണ്ട സുന്ദരി നിൽക്കുന്നു. ഭഗവാനെ നേരിട്ടു കണ്ടതുപോലെ ആ കണ്ണുകൾ പ്രകാശമാനമാകുന്നത് കണ്ടു. എങ്കിലും കുടുംബത്തിന്റെ കൂട്ടത്തിൽ അദ്ദേഹം നടന്നുനീങ്ങി. പ്രഭാത പരിപാടികൾക്കായി പ്രാതൽ കഴിഞ്ഞ് മന്ത്രിയുടെ കൂടെ കാറിൽ യാത്രയാകുമ്പോൾ  വിദ്യാലയത്തിന്റെ കവാടത്തിൽ  ആ സുന്ദരി നിൽക്കുന്നു. അകന്നു പോകുന്ന തന്റെ കാറിലേക്ക് തന്നെ നോട്ടമെറിഞ്ഞു നിൽക്കുന്നു. അപ്പോഴും അദ്ദേഹം ഓർത്തു ഇന്ന് പ്രഭാതത്തിൽ ആ കണ്ണുകളിൽ കണ്ട പ്രണയഭാവം ഇപ്പോൾ കാണാൻ കഴിയുന്നല്ലോ. തന്റെ കണ്ണിന്റെ മുമ്പിലെയ്ക്ക് ഇടയ്ക്കിടയ്ക്ക് ഓടിയെത്തുന്ന ആ സുന്ദരി, മനസ്സിന്റെ ഒരു കോണിൽ സൂര്യകാന്തി പൂവിനെ പോലെ വിരിഞ്ഞു നിൽക്കുന്നത് ഓരോ ദിനവും അദ്ദേഹം അറിഞ്ഞു തുടങ്ങി.

     ക്ഷേത്ര ദർശനത്തിന് എല്ലാവരും തയ്യാറെടുക്കുന്ന സമയം വായന മുറിയിൽ വന്നിരിക്കുക അദ്ദേഹം പതിവാക്കി. ചുവന്ന പട്ടുസാരിയിൽ അവളുടെ സൗന്ദര്യം കവിഞ്ഞൊഴുകുന്നു. കണ്ണുകളിൽ തങ്ങിനിൽക്കുന്ന പ്രണയം ഓരോ ദിനവും കൂടുന്നു. രാജാവിന്റെ ഉള്ളിൽ പല ചിന്തകൾ . ആ സൗന്ദര്യത്തെ താൻ കാണാതെ വിടണോ ഇനി ഞാൻ കണ്ടെത്തിയാൽ.....?  ഇങ്ങനെ ചിന്തകൾ അദ്ദേഹത്തെ അലട്ടികൊണ്ടിരുന്നു.

     സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടുവരുന്നു. തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയെ മുൻ നിർത്തി ഒരു ജനാധിപത്യ രാഷ്ട്രത്തെ കെട്ടിപ്പെടുത്തുവാൻ താൻ ചെയ്യേണ്ട കർത്തവ്യങ്ങളിൽ മുഴുകിയിരിക്കുമ്പോളും പ്രഭാതങ്ങളിൽ പട്ടുചേലയുടുത്ത ആ സുന്ദരിയെ തന്റെ വായന മുറിയുടെ ജനാലയിലൂടെ നോക്കുവാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പറയാതെ പോയ ഒരു സ്നേഹത്തിന്റെ സൂര്യകാന്തിയോ .?

     അന്ന് വൈകുന്നേരം രാജ കലാമണ്ഡപത്തിൽ ഒരു പുതിയ നാടകം അരങ്ങേറുന്നു അതു കാണാനും അഭിനേതാക്കൾക്ക് പാരിതോഷികം നൽകാനും മഹാരാജാവ്  ക്ഷണിക്കപ്പെട്ടു . കലകളെയും വിദ്യാഭ്യാസത്തേയും പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യ്ത രാജകുടുംബത്തിലെ രാജാവിന് ഇത് വളരെ സന്തോഷം ചെയ്യുന്ന കാര്യമല്ലേ . അദ്ദേഹവും മന്ത്രിയും ചേച്ചിയും നാടകം കാണാൻ പോയി. നാടകത്തിന്റെ പ്രധാന ആകർഷണം എന്നും അദ്ദേഹത്തിന്റെ ശ്രദ്ധാകേന്ദ്രമായ ആ സുന്ദരി തന്നെയായിരുന്നു. നാടകം കഴിഞ്ഞ് പാരിതോഷികമായി ഒരു പുടവ അവൾക്ക് നൽകി.  ആ കണ്ണുകളിലെ പ്രകാശം കണ്ടപ്പോൾ ആ സ്നേഹം വീണ്ടും അദ്ദേഹത്തെ വലയം ചെയ്യുന്നതായി അദ്ദേഹത്തിനു തോന്നി . മനസ്സിൽ പറഞ്ഞു "ഈ സൗന്ദര്യത്തെ അന്വേഷിക്കണം. "

     കുളിർ മഞ്ഞിൻ പ്രഭാതത്തിൽ പത്മതീർത്ഥം ശാന്തമായിരിക്കുന്നു. ക്ഷേത്ര കവാടത്തിൽ ചുവന്ന പട്ടുസാരിയുടുത്ത് തലയിൽ മുല്ലപ്പൂവുമണിഞ്ഞ്  ഇന്നലെ കിട്ടിയ പുടവയും പിടിച്ച് നിൽക്കുന്നു ആ സുന്ദരി. മനസ്സ് പറഞ്ഞു "ഇനി വൈകേണ്ട ഈ സുന്ദരിയെ അന്വേഷിക്കണം. " " ക്ഷേത്ര ദർശനത്തിനു മുമ്പ് എന്നും താൻ ഇവിടെ നിൽക്കുമല്ലോ എന്തേ കാര്യം?" ചിരിച്ചു കൊണ്ട് ചേച്ചി ചോദിച്ചു. തന്റെ മൗനം കണ്ട് ആ ജനലഴിയിലൂടെ അവരും നോക്കി. പൊൻ പ്രഭയിൽ വിളങ്ങിയ തീർത്ഥക്കുളം മാത്രമേ അവരുടെ ദൃഷ്ടിയിൽ പെട്ടുള്ളൂ.

" വരു; എന്ന് വിളിച്ച് " അവർ ക്ഷേത്രത്തിലേയ്ക്ക് നടക്കുമ്പോൾ ഗോപുരനടയിൽ നിൽക്കുന്ന അവളെ നോക്കി നടക്കുമ്പോൾ,  "പൂഞ്ഞാറ്റിൽ നിന്ന് ഒരു ആലോചന : നല്ല കുട്ടിയാണ് : നോക്കിയാലോ ?" ചേച്ചി ചോദ്യം ഉയർന്നു വന്നെങ്കിലും . അതിനുത്തരം മൗനമായിരുന്നു.

     രാജ്യകാര്യങ്ങൾക്കായ് നീങ്ങുന്നതിനിടയിൽ അദ്ദേഹത്തിന്റെ കൺ വെട്ടത്ത് പലപ്പോഴും ആ സുന്ദരിയെത്തി. തന്റെ പ്രണയം പറയാതെ പറയുന്നതായി അദ്ദേഹത്തിന് തോന്നി. പക്ഷേ വിവാഹ ജീവിതം വേണ്ട എന്ന് തീരുമാനിച്ചതു കൊണ്ടോ രാജ്യകാര്യങ്ങളിലേ ശ്രദ്ധ കൊണ്ടോ ആ പ്രണയത്തെ  ശക്തമായി സ്വീകരിക്കുവാൻ മനസ്സ് തയ്യാറായില്ല. പ്രഭാതത്തിലെ കണി ആ സുന്ദരിയാവണം എന്ന് മനസ്സ് പലപ്പോഴും ആഗ്രഹിച്ചിരുന്നു. കാലങ്ങൾ നീങ്ങി തിരു കൊച്ചി മന്ത്രിസഭ വന്നു രാജഭരണം ഇല്ലാതായി. കാലത്തിന്റെ മാറ്റം ; സ്വതന്ത്ര രാജ്യത്തിന്റെ പ്രവർത്തനങ്ങൾ നിശബ്ദമായ് നിരീക്ഷിച്ചു നീങ്ങുമ്പോൾ ഒരു ദിവസം ഉച്ചയ്ക്ക് ക്ഷേത്ര നടയിലെ ആ പൂക്കടയുടെ തിണ്ണയിൽ ക്ഷേത്രത്തിലേയ്ക്ക് നോക്കിയിരിക്കുന്ന അവളെ കണ്ടു. പ്രഭാതത്തിൽ മാത്രമേ അവൾ അവിടെ എത്താറുള്ളു എന്നാണ് കരുതിയിരുന്നത്. . ഓരോ ദിനവും അവളെ അന്വേഷിക്കണം എന്ന് ആഗ്രഹിച്ചു വെങ്കിലും ... ചിന്തകളിലൂടെ മനസ്സ് സഞ്ചരിച്ചു.

      സ്വാമിയുടെ ആറാട്ടിന് അവൾ കൂടുതൽ സുന്ദരിയായി തോന്നി. ഭഗവാനുമായി പുറത്തിറങ്ങിയപ്പോൾ അവൾ പടി കടന്ന് ഓടി വന്നു. ഒരിക്കൽ ഇതുപോലെ ഓടി വന്നെങ്കിലും ആരോ തടഞ്ഞു. ഇന്നും അവൾ എത്തി കൂടുതൽ സുന്ദരിയായി. പോലീസ് അവരെ തടഞ്ഞു അറിയാതെ അദ്ദേഹത്തിന്റെ ശബ്ദം പൊങ്ങി " വേണ്ട : അവരെ തടയണ്ട" വാളുമേന്തി അദ്ദേഹം നീങ്ങുമ്പോൾ നിർന്നിമേഷയായി അവൾ നോക്കി നിന്നു അവാച്യമായ ആനന്ദത്തിൽ അവൾ അലിയുന്നത് അദ്ദേഹം കണ്ടു ....... ആ ദിവ്യ സ്നേഹത്തിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ കണ്ണു നിറഞ്ഞു .

" അര്യമാവിനെ സ്നേഹിച്ച ധിക്കാരത്തിന് സൂര്യകാന്തിയെന്നു പുഛിപ്പതാണ് "

      മഴയിൽ കുളിച്ചു നിന്ന പുലരിയിൽ പ്രഭാത സൂര്യന്റെ പുതുകിരണങ്ങൾ എത്തിയപ്പോൾ അവളും കുളിച്ചു സുന്ദരിയായി എത്തിയിരിക്കുന്നു. അവളെ നോക്കി നിന്നപ്പോൾ ചേച്ചി ഒരു പുതു വാർത്ത തരുവാനുള്ള ആവേശത്തോടെ പറഞ്ഞു

" കുട്ടന് ഒരു കഥ കേൾക്കണോ : " എന്നു പറഞ്ഞ് ക്ഷേത്ര കവാടത്തിന്റെ മുന്നിൽ നിക്കുന്ന അവളെ ചൂണ്ടികാട്ടിയിട്ട് പറഞ്ഞു.

"ആ സുന്ദരി കുട്ടനെ പ്രണയിക്കുന്നു. വർഷങ്ങളായി കുട്ടൻ ക്ഷേത്ര ദർശനം ചെയ്യുമ്പോൾ ഒരു നോക്കു കാണാനിങ്ങനെ നിൽക്കുന്നു. പേരു കേട്ട തറവാട്ടിലെ കുട്ടിയാണ്  : കുട്ടനെ കണ്ട നാൾ മുതൽ പ്രണയിക്കുകയാണ്. അന്ന് നാടകശാലയിൽ വെച്ച് കുട്ടൻ നൽകിയ സമ്മാനം പുടവ കൊടുത്തതായി കരുതി ജീവിക്കുന്നു.

"ഉള്ളിലെവിടയോ ഒരു നീറ്റൽ . "മനസ്സിൽ പറഞ്ഞു....... അവളെ നോക്കി അദ്ദേഹം നിന്നു .

" അറിയുന്നു ഞാൻ സഖി നിന്നുടെ പ്രണയം " എന്ന് മനസ്സിൽ പറഞ്ഞു. കാലങ്ങൾ വേഗത്തിൽ നീങ്ങി......

ഗംഗാദേവി

 

[ fb യിൽ സുന്ദരി ചെല്ലമ്മയെക്കുറിച്ചു വായിച്ചു. ചിത്തിര തിരുനാൾ ബാലരാമവർമ്മയെ സ്നേഹിച്ച് അദ്ദേഹത്തെ കാത്ത് പത്മനാഭപുരം ക്ഷേത്ര കവാടത്തിൽ കഴിഞ്ഞ ജീവിതം . അതു വായിച്ചപ്പോൾ മനസിൽ വിരിഞ്ഞ കഥ ]