വേൾഡ് മലയാളി കൗൺസിലിന്റെ 15-ാമത് ആഗോള സമ്മേളനം സമാപിച്ചു

Oct 17, 2026 - 10:26
 0  8
വേൾഡ് മലയാളി കൗൺസിലിന്റെ 15-ാമത് ആഗോള സമ്മേളനം സമാപിച്ചു
ഡാലസ്-ടെക്സസ്: ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുകയും പ്രവാസി മലയാളികളുടെ ഐക്യവും സാംസ്കാരിക പൈതൃകവും സാമൂഹിക പ്രതിബദ്ധതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വേൾഡ് മലയാളി കൗൺസിലിന്റെ (WMC) 15-ാമത് ദ്വൈവാർഷിക ആഗോള സമ്മേളനം അമേരിക്കയിലെ ടെക്സസിലുള്ള ഇർവിംഗിലെ വിൻഡ്ഹാം എയർപോർട്ട് ഹോട്ടലിൽ ഓഗസ്റ്റ് 21-23 ന് പ്രൗഢഗംഭീരമായി നടന്നു. സമ്മേളനത്തിന്റെ ഭാഗമായി 2026–2028 കാലയളവിലേക്കുള്ള ആഗോള ഭാരവാഹികളുടെ പ്രഖ്യാപനവും സ്ഥാനാരോഹണവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു.
അന്ന മേരി അഗസ്റ്റിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ അലീഷ ഷാജിൻ അമേരിക്കൻ ദേശീയഗാനവും,ആൻസി തലച്ചെല്ലൂരും സ്മിത സോണിയും ചേർന്ന് ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ വർഗീസ് സ്വാഗതപ്രസംഗം നടത്തി. ഇന്ത്യൻ കോൺസൽ ജനറൽ ഡി.സി. മഞ്ചുനാഥിന്റെ വീഡിയോ സന്ദേശവും സമ്മേളനത്തിൽ അവതരിപ്പിച്ചു.
ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള അധ്യക്ഷപ്രസംഗവും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി പ്രസിഡന്റിന്റെ സന്ദേശവും നൽകി. വിശിഷ്ടാതിഥികളുടെ നേതൃത്വത്തിൽ നടന്ന ദീപം തെളിയിക്കൽ ചടങ്ങിൽ അടുത്ത ഗ്ലോബൽ പ്രസിഡന്റായി ചുമതലയേൽക്കുന്ന ജോളി തടത്തിലും പങ്കെടുത്തു.
ടെക്സസ് സ്റ്റേറ്റ് പ്രതിനിധി ആംജി ചെൻ ബട്ടൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് മാംഗല്യം വീഡിയോ പ്രദർശനവും ഫിലാഡൽഫിയ പ്രവിശ്യയ്ക്കുള്ള ആദരോപഹാര സമർപ്പണവും നടന്നു. ചലച്ചിത്രതാരം ദിവ്യ ഉണ്ണി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
മൊബി കെ. ബാബുവിന് ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ്
ഇക്കോണ്സ് ഐ.ടി. സർവീസസിന്റെ സ്ഥാപകനും സി.ഇ.ഒയും ഇന്നൊവേറ്ററുമായ മൊബി കെ. ബാബുവിന് വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു. ദിവ്യ ഉണ്ണിയാണ് അവാർഡ് കൈമാറിയത്. തുടർന്ന് മൊബി കെ. ബാബു മറുപടി പ്രസംഗം നടത്തി.
സമ്മേളനത്തിന്റെ സഹസ്പോൺസറായ എസ്.പി.ജെ. അഡ്ജസ്റ്റിംഗിന്റെ മാനേജിങ് ഡയറക്ടർ ശരത് പി. ജെറോമിന് നന്ദിസൂചകമായ ഉപഹാരം നൽകി. ഗ്ലോബൽ കോൺഫറൻസ് ജനറൽ കൺവീനർ ജോൺസൺ തലച്ചെല്ലൂരിനുള്ള ആദരോപഹാരം ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ളയും യും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിയും ചേർന്ന് സമ്മാനിച്ചു.
പാർലമെന്റ് അംഗം ഫ്രാൻസിസ് ജോർജ് ഏം.പി മുഖ്യപ്രഭാഷണം നടത്തി. അമേരിക്കൻ ഭരണസംവിധാനത്തിലെ സീനിയർ എക്സിക്യൂട്ടീവായ റവ. ഫാ. അലക്സാണ്ടർ ജെ. കുര്യൻ, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ജോണി കുന്നംപുറം,യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി എം. പടയാറ്റിൽ, ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ഡോ. പി. ബി. ബോസ്, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ഗ്രിഗറി മേടയിൽ, യൂറോപ്പ് റീജിയൻ പ്രസിഡന്റ് മെർസി താടത്തിൽ, കോ-കൺവീനർ ബാബു തങ്ങളത്തിൽ, ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് കൃഷ്ണകിരൺ കിഷൻ, സമ്മേളന രജിസ്ട്രേഷൻ കോഓർഡിനേറ്റർ സോണി കണ്ണോട്ടുതറ എന്നിവർ ആശംസകൾ അർപ്പിച്ചു.
പുതിയ ആഗോള നേതൃത്വത്തിന്റെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും
സമ്മേളനത്തിലെ പ്രധാന ചടങ്ങുകളിലൊന്നായിരുന്നു 2026–2028 കാലയളവിലേക്കുള്ള ഗ്ലോബൽ ഭാരവാഹികളുടെ പ്രഖ്യാപനം. ഗ്ലോബൽ നാഷണൽ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഫിലിപ്പ് തോമസ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. തുടർന്ന് ഗോപാലപിള്ളയുടെ നേതൃത്വത്തിൽ സ്ഥാനാരോഹണവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു.
പുതുതായി ചുമതലയേറ്റ ചെയർമാനും പ്രസിഡന്റും മറുപടി പ്രസംഗം നടത്തി. അസോസിയേറ്റ് ട്രഷറർ സ്മിത സോണി നന്ദി രേഖപ്പെടുത്തിയതോടെ ഔദ്യോഗിക സമ്മേളനത്തിന് സമാപനമായി.
പുതിയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിലൂടെ ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ ആഗോള പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുന്നതിനുമുള്ള പ്രതീക്ഷകൾ സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ടു.
ദിവ്യ ഉണ്ണിയുടെയും സംഘത്തിന്റെയും കലാരൂപം  ശ്രദ്ധേയമായി
ഔദ്യോഗിക സമ്മേളനത്തിനു ശേഷം നടന്ന സാംസ്കാരിക ചടങ്ങിന് വർണാഭമായ സമാപനം നൽകി. ദിവ്യ ഉണ്ണിയും സംഘവും അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസും ദിവ്യ ഉണ്ണിയുടെ സോളോ ഡാൻസും, ഡാലസി ലെ ഗായകർ അവതരിപ്പിച്ച ഗാനമേളയും സദസ്സിന്റെ ശ്രദ്ധ ആകർഷിച്ചു. ബിജു മാത്യു, ജെറോ വർഗീസ്, ശങ്കർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. നൃത്തവും സംഗീതവും സമന്വയിച്ച കലാസന്ധ്യ സമ്മേളനത്തിന് ഉത്സവാന്തരീക്ഷം പകർന്നു.
വേൾഡ് മലയാളി കൗൺസിലിന്റെ 15-ാമത് ആഗോള സമ്മേളനം 
ജനറൽ  കൺവീനർ ജോൺസൺ തലച്ചെല്ലൂരും, ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ളയും ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായിയും ചേർന്നാണ് വൻ വിജയമാക്കിയത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളി പ്രതിനിധികളെ ഒരുമിപ്പിച്ച സമ്മേളനം പ്രവാസി മലയാളികളുടെ സൗഹൃദവും സാംസ്കാരിക ഐക്യവും സംഘടനാപരമായ സഹകരണവും ശക്തിപ്പെടുത്തുന്ന വേദിയായി. പുതിയ നേതൃത്വത്തിന്റെ സ്ഥാനാരോഹണത്തോടെ വേൾഡ് മലയാളി കൗൺസിലിന്റെ അടുത്ത രണ്ടു വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ടാണ് 15-ാമത് ദ്വൈവാർഷിക ആഗോള സമ്മേളനം സമാപിച്ചത്.