പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം' പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

Aug 24, 2026 - 19:45
 0  0
പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം' പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗളൂരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി വികസന സാധ്യതകളെയും ബാധിക്കാവുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം സംബന്ധിച്ച് കേരള സർക്കാരുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് റെയിൽവെ ബോർഡ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച്, മംഗളൂരു മേഖലയെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനോട് ചേർക്കാൻ റെയിൽവേ ബോർഡ് ഉത്തരവിറക്കിയിരുന്നു. 2026 ഒക്ടോബർ 1 മുതൽ ഈ മാറ്റം നിലവിൽ വരും.
പാലക്കാട് ഡിവിഷന് പ്രതിവർഷം ഏകദേശം 1100 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകു‌മെന്നാണ് കണക്കാക്കപ്പെടുന്നത്. പാലക്കാട് ഡിവിഷന്റെ വരുമാനത്തിന്റെ 90 ശതമാനവും ചരക്ക് നീക്കത്തിൽ നിന്നാണ് (പ്രത്യേകിച്ച് പനമ്പൂർ തുറമുഖം വഴി). ഇത് നഷ്ടപ്പെടുന്നത് ഡിവിഷന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കും. വലിയ റെയിൽവേ സ്റ്റേഷനുകളായ മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ എന്നിവ കൈവിട്ടുപോകുന്നത് ടിക്കറ്റ് വരുമാനത്തെയും സാരമായി ബാധിക്കും.