ഭാഗം 3
ഒരാളെ എങ്കിലും ബുദ്ധിയുള്ളവളാക്കി തന്നതിന് ദൈവത്തിനോട് നന്ദി പറയണമെന്ന് തോന്നി. മനുഷ്യനോട് ദൈവം എല്ലായ്പ്പോഴും ക്രൂരനാവുകയില്ലെന്നും, നിഷ്കരുണം തള്ളിക്കളയുകയില്ലെന്നും മനസ്സിന്റെ കോണിലിരുന്ന് ആരോ മന്ത്രിച്ചു.
കുളി കഴിഞ്ഞ് വന്ന് ദൈവത്തിന് മുന്നിൽ കൈകൂപ്പി നിന്നു. മിന്നുവിന്റെയും ചിന്നുവിന്റെയും നല്ല ഭാവിക്കായി അകമഴിഞ്ഞ് ദൈവത്തോട് ഇരന്നു. ഓടക്കുഴലേന്തി തന്നെ നോക്കി പുഞ്ചിരിക്കുന്ന ഉണ്ണിക്കണ്ണനെ കണ്ടപ്പോൾ ആശ്വാസം തോന്നി. അപ്പോൾ എന്നെങ്കിലും തന്റെ എല്ലാ ദുഃഖങ്ങളും മാറും എന്ന് മനസ്സിലിരുന്ന് ആരോ പറഞ്ഞു.
ചിന്നു മോൾ ഇപ്പോൾ തന്റെ മുറിയിലിരുന്ന് പടം വരയ്ക്കുകയാണ്. അവളുടെ ശ്രദ്ധ തിരിക്കാതെ അവിടെ നിന്നും അകന്നുമാറി.
അടുക്കളയിൽ ചെന്നപ്പോൾ ജാനുവമ്മ എല്ലാവർക്കും ആഹാരം മേശപ്പുറത്ത് പ്ലേറ്റിൽ എടുത്തുവച്ചിരിക്കുന്നത് കണ്ടു. മറ്റെല്ലാവർക്കും ഇഡലിയും ചമ്മന്തിയും വിളമ്പിയപ്പോൾ ചിന്നു മോൾക്ക് മാത്രം ദോശ.
അവൾക്ക് ഇഷ്ടം ദോശയാണ്. ദോശ കിട്ടിയില്ലെങ്കിൽ അത് കിട്ടുന്നതുവരെ വാശി കാണിക്കുമെന്ന് അറിയാവുന്ന ജാനുവമ്മ അവളുടെ ഇഷ്ടത്തിനെല്ലാം എടുത്തുവച്ചിട്ടുണ്ട്.
"കുഞ്ഞേ, ചിന്നു മോൾക്ക് ദോശ എടുത്തുവച്ചിട്ടുണ്ട്. കുഞ്ഞ് കഴിച്ചുകഴിഞ്ഞ് ചിന്നു മോൾക്ക് എടുത്തുകൊടുത്താൽ മതി. അതല്ലെങ്കിൽ ഞാൻ കൊടുക്കാം, എന്തു വേണമെന്ന് കുഞ്ഞ് പറഞ്ഞാൽ മതി."
"ശരി ജാനുവമ്മേ, ചിന്നു മോൾക്ക് ഞാൻ കൊടുക്കാം. ആഹാരം കഴിപ്പിക്കണമെങ്കിൽ അവളുടെ പുറകെ നടക്കണമല്ലോ."
"ഓ ശരി കുഞ്ഞേ," ജാനുവമ്മ അടുക്കളയിൽ ജോലി തുടരുന്നതിനിടയിൽ പറഞ്ഞു. അപ്പോഴാണ് ഓർത്തത്, അമ്മായിയമ്മ കഴിച്ചു കാണുമോ? ഇല്ലെങ്കിൽ ഇപ്പോൾ ഭൂകമ്പം തുടങ്ങും.
"ജാനുവമ്മേ, അമ്മ ആഹാരം കഴിച്ചോ?"
"കഴിച്ചല്ലോ കുഞ്ഞേ."
അമ്മയെ ശ്രദ്ധിക്കുന്ന കാര്യം ജാനുവമ്മയെ ഏൽപ്പിച്ചിരിക്കുകയാണ്. ഇല്ലെങ്കിൽ ആ കാര്യം കൂടി താൻ നോക്കേണ്ടി വരുമായിരുന്നു. ജാനുവമ്മ ഉള്ളത് എല്ലാത്തിനും വലിയൊരു സഹായമാണല്ലോ എന്നോർത്തു.
വേഗം ഇഡലിയും ചമ്മന്തിയും കഴിച്ച് എഴുന്നേറ്റു. എന്നിട്ട് ചിന്നു മോൾക്കുള്ള ദോശ പ്ലേറ്റിൽ എടുത്തുകൊണ്ട് കിടപ്പുമുറിയിലേക്ക് നടന്നു.
അവിടെ അവൾ ഇപ്പോഴും ചിത്രരചനയിലാണ്. ഒരു മൂഡ് വന്നാൽ പിന്നെ വരച്ചുകൂട്ടുന്നതിലാണ് അവളുടെ ശ്രദ്ധ മുഴുവൻ. ഇപ്പോൾ പലമാതിരി ചെടികളും പൂക്കളും കിളികളുമാണ് അവൾ വരച്ചുകൂട്ടുന്നത്. എല്ലാം അതിമനോഹരമായി വരയ്ക്കാൻ അവൾക്ക് കഴിയുന്നുണ്ട്. ഇത് കാണുമ്പോൾ തങ്ങളുടെ മകൾ ഒരു ഭിന്നശേഷിക്കാരിയാണെന്ന് തോന്നുകയേ ഇല്ലല്ലോ എന്ന് ചിന്തിച്ചു.
"ഇങ്ങനെ ഓട്ടിസ്റ്റിക് ആയ കുട്ടികളിൽ ചിലർക്ക് പാട്ടിനോടായിരിക്കും കമ്പം. മറ്റു ചിലർക്ക് വരയ്ക്കുന്നതിനോടും, ഇനിയും ചിലർക്ക് നൃത്തത്തിലാവും താല്പര്യം. ഇങ്ങനെ പലമാതിരി കലകളിൽ അസാധാരണ വൈഭവം പ്രകടിപ്പിക്കുന്ന ഇവർ പ്രകൃതിയുടെ വരദാനങ്ങളാണ്." ഡോക്ടർ ആഷിക് മാത്യു പറയാറുള്ളത് ഓർമ്മിച്ചു.
ആഹാരവുമായി ചിന്നുവിന്റെ അടുത്തെത്തി.
സ്കൂളിൽ മറ്റു കുട്ടികളോടൊപ്പം അവളേയും തനിയെ ആഹാരം കഴിക്കാൻ പരിശീലിപ്പിച്ച് തുടങ്ങിയിരുന്നു. പലപ്രാവശ്യം ആവർത്തിച്ച് പലനാൾ കൊണ്ടാണ് അവർ അത് പരിശീലിക്കുക. ചിന്നു ധാരാളം സമയമെടുത്ത് ആഹാരം ഒരു വിധം കഴിക്കുമെങ്കിലും കൂടുതൽ ആഹാരവും താഴെ ചിതറിക്കിടക്കും.
സ്കൂളിൽ ചിലപ്പോൾ കാർഡുകളും വീഡിയോകളും മറ്റും പഠിപ്പിക്കുന്നതിനായി ഉപയോഗിക്കാറുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള സമയമില്ലാത്തതുകൊണ്ട് ആ ഒരു പരീക്ഷണത്തിന് മുതിർന്നില്ല. താഴെ നിലത്തിരുന്ന് വരയ്ക്കുന്ന ചിന്നു മോളുടെ അടുത്ത് ചെന്നിരുന്നു.
"ചിന്നു മോളെ, വായ് തുറന്നേ..."
അവൾ അത് കേട്ടിട്ടും അതേ കുനിഞ്ഞിരിപ്പ് തുടർന്നു. പെട്ടെന്നൊന്നും അവളിൽ നിന്നും റിയാക്ഷൻ ഉണ്ടാവില്ലെന്ന് അറിയാവുന്നതുകൊണ്ട് താഴെയിരുന്ന് സ്നേഹപൂർവ്വം അവളുടെ മുഖം പിടിച്ചുയർത്തി, അത് തന്നെ വീണ്ടും പറഞ്ഞു.
ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികളുടെ തലച്ചോറിലെ ഞരമ്പുകളുടെ ക്രമീകരണം ശരിയല്ലാത്തതിനാൽ ആശയവിനിമയത്തിന് അവർ സമയം എടുക്കും . എന്നാൽ അതേസമയം തലച്ചോറിലെ ചില ഭാഗങ്ങൾ നന്നായി പ്രവർത്തിക്കുകയും ചെയ്യും., അപ്പോൾ അവരുടെ ശ്രദ്ധ തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ക്രിയാത്മകമായി പൂർണ്ണമായും വ്യാപൃതമാകും.അതാണ് ഇത്തരം കുട്ടികൾ ചില കാര്യങ്ങളിൽ മാത്രം മിടുക്കരാകുന്നതും, ചുറ്റുമുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താത്തതും. ഒരു അധ്യാപിക എന്ന നിലയിൽ തനിക്കിന്നിതൊക്കെ അറിയാം.
"ചിന്നു മോളെ... വായ് തുറന്നേ," വീണ്ടും സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ അവൾ പെട്ടെന്ന് സമ്മതഭാവത്തിൽ വായ് തുറന്നു. അപ്പോൾ ദോശ ചമ്മന്തിയിൽ മുക്കി കുറേശ്ശെയായി അവളുടെ വായിൽ വെച്ചുകൊടുത്തു.അല്പം കഴിച്ചുകഴിഞ്ഞ് പിന്നെ അവൾ വായ് തുറന്നതേയില്ല. അപ്പോൾ മനസ്സിലായി അവൾ ഇനി കഴിക്കുകയില്ലെന്ന്. പിന്നീട് നിർബന്ധിക്കാൻ പോയില്ല.
അവൾക്കുള്ള ചമ്മന്തി തീരെ എരിവില്ലാതെയാണ് ജാനുവമ്മ പാകപ്പെടുത്താറുള്ളത്. എരിവുണ്ടെങ്കിൽ അവൾ വല്ലാതെ അസ്വസ്ഥയായി ബഹളം വയ്ക്കും എന്ന് ജാനുവമ്മയ്ക്കറിയാം.
ചിത്രം വരയ്ക്കുന്നതിനിടക്ക് അവളുടെ വായിൽ നിന്നും ഉമിനീർ ഊറി വരുന്നുണ്ടായിരുന്നു. ഒരു കർച്ചീഫ് എടുത്തുകൊണ്ടുവന്ന് ഉമിനീർ തുടച്ചുനീക്കി.
ഒരു ഘട്ടമെത്തിയപ്പോൾ അവൾ ചിത്രം വര നിർത്തി എഴുന്നേറ്റു. തന്റെ കാഴ്ചയിൽ ആ ചിത്രം അപൂർണ്ണമായിരുന്നു. പക്ഷെ സമയക്കുറവുകൊണ്ട് അവളെ തിരുത്തുവാൻ പോയില്ല. പിന്നീടെപ്പോഴെങ്കിലും അവളെക്കൊണ്ട് ബാക്കി വരപ്പിക്കാം എന്ന് കരുതി.
വരച്ചുകഴിഞ്ഞ ചിത്രം അവൾ പ്രത്യേകതരം ശബ്ദമുണ്ടാക്കി ചിരിച്ചുകൊണ്ട് എന്നെ കാണിച്ചു. ഞാൻ ചിത്രം വാങ്ങിയിട്ട് "ചിന്നു നന്നായി വരച്ചല്ലോ" എന്ന് പതിവു പോലെ പ്രോത്സാഹന വാക്കുകൾ പറഞ്ഞു.
കേട്ടുപരിചിതമായ തന്റെ വാക്കുകൾ അവളെ വളരെ സന്തോഷിപ്പിക്കുന്നതായി തോന്നി.
ആഹാരം കഴിച്ചുകഴിഞ്ഞ് "കൈ കഴുകാം" എന്ന് ആവർത്തിച്ച് പറഞ്ഞപ്പോൾ അവൾ വാശി പിടിക്കാതെ കൂടെ വന്നു. കൈയും വായും കഴുകിച്ച് ടവ്വൽ കൊണ്ട് തോർത്തി.
നേരത്തെ യൂണിഫോം ധരിപ്പിച്ചിരുന്നതുകൊണ്ട് പിന്നീട് അവളെ ഒരുക്കേണ്ടി വന്നില്ല. തന്റെ സ്കൂട്ടിയിൽ അവളെ പുറകിൽ ഇരുത്തി സ്കൂളിലേക്ക് പുറപ്പെട്ടു.
"താത്താ..." വാതിൽക്കൽ നിന്നിരുന്ന ജാനകിയമ്മയോട് അവൾ കൈ വീശി അവ്യക്തമായി ഉറക്കെ ടാറ്റാ പറഞ്ഞു.
സ്പീച്ച് തെറാപ്പിയിലൂടെ സ്കൂളിൽ നിന്ന് അവൾ പഠിച്ചെടുത്തതാണ് ആ വാക്കുകൾ. സ്കൂളിൽ നിന്നും മടങ്ങുമ്പോൾ മറ്റു കുട്ടികളോട് ഇപ്പോൾ അവൾ ഇങ്ങനെ ആവർത്തിച്ച് പറയാറുണ്ട്. അവർ കണ്ണിൽ നിന്നും മറയുന്നതുവരെ അത് തുടരും.
"നല്ലോണം പിടിച്ചിരുന്നോളണേ മോളെ," ജാനുവമ്മ വിളിച്ചുപറഞ്ഞു. പക്ഷെ ചിന്നു അത് കേട്ടതായി തോന്നിയില്ല.
പതിവുപോലെ അവളുടെ കൈകൾ തന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിപ്പിച്ച് സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. തിരക്കുള്ള വീഥിയിലൂടെ ഓടിച്ചുപോകുമ്പോൾ അല്പം ടെൻഷൻ ഉണ്ടായിരുന്നു.,പുറകിലിരിക്കുന്ന ചിന്നു കൈവിട്ട് താഴെ വീണാലോ എന്ന്. എങ്കിലും തങ്ങളുടേത് പതിവ് യാത്ര ആയതുകൊണ്ടാവും അവൾ സ്കൂട്ടറിന് പുറകിൽ അനങ്ങാതിരുന്നു.
ചിന്നുവിനേയും കൊണ്ട് കാറിൽ യാത്ര ചെയ്യുന്നതാണ് സുരക്ഷിതം എന്ന് രാജീവേട്ടൻ ഓർമ്മിപ്പിക്കാറുണ്ട്. കാർ ഡ്രൈവ് ചെയ്യാൻ അറിയാമെങ്കിലും സ്കൂട്ടർ ആണ് റോഡിലെ ബ്ലോക്കിനെ മറികടക്കാൻ കുറച്ചുകൂടി സൗകര്യമെന്നതിനാൽ അതാണ് താൻ എടുക്കാറുള്ളത്. കാർ രാജീവേട്ടൻ വരുമ്പോൾ മാത്രമാണ് എടുക്കുന്നത്. അതുവരെ അത് കാർഷെഡിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടപ്പെട്ട നിലയിൽ കിടക്കാറാണ് പതിവ്.
സ്കൂൾ കോമ്പൗണ്ടിലുള്ള ഷെഡിൽ സ്കൂട്ടർ നിർത്തി അവളെ ഇറക്കിയിട്ട് താനും ഇറങ്ങി. അപ്പോഴേക്കും ഏതാനും കുട്ടികൾ ഓടി എത്തി.
"ചിന്തൂ... ചിന്തൂ..." എന്നുപറഞ്ഞ് ചിന്നുവിനെ അവരിൽ ചിലർ പിടിച്ചുവലിച്ചു.
ക്ലാസിന്റെ വാതിൽക്കൽ എത്തിയതും ഒരു ആൺകുട്ടി ഓടിവന്ന് ചിന്നുവിന്റെ നേർക്ക് ഒരു കല്ല് വലിച്ചെറിഞ്ഞു. അവളുടെ നെറ്റിയിൽ നിന്നും ചോര ഒഴുകുന്നതുകണ്ട് ഞെട്ടിപ്പോയ താൻ ഓടിയെത്തി, ചിന്നുവിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും . നെറ്റിയിലെ വേദന അവൾ അറിയാത്തതുപോലെ നിന്നു.സ്കൂളിലെ പലരും അപ്പോഴേക്കും ഓടിയെത്തി.
അതിൽ ചിന്നുവിന്റെ ക്ലാസ് ടീച്ചറും തന്റെ സുഹൃത്തുമായ രമ്യയും , മറ്റു ചിലരും ഉണ്ടായിരുന്നു. അവർ ചിന്നുവിന്റെ നെറ്റിയിലൂടെ ഒഴുകുന്ന ചോര കണ്ട് അമ്പരന്നു.
"മുറിവ് നല്ലതുപോലെ ഉണ്ടല്ലോ," ചിലർ പറഞ്ഞു.
"നല്ലോണം ചോര ഒഴുകുന്നുണ്ടല്ലോ വരദ. നമുക്ക് ചിന്നുവിനെ ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം," രമ്യ പറഞ്ഞു.
താൻ ഒന്നും മിണ്ടാൻ ആകാതെ നിന്നു. പ്രതികരണ ശേഷിയില്ലാതെയുള്ള ചിന്നുവിന്റെ നിൽപ്പുകണ്ട് വീർപ്പുമുട്ടി.പെട്ടെന്ന് തനിക്ക് കരച്ചിൽ വന്നു. അവൾ സ്വന്തം വേദന പോലും അറിയുന്നില്ലല്ലോ എന്നോർത്തായിരുന്നു അത്.
"ടീച്ചർ, ഞാൻ ആംബുലൻസിന് ബുക്ക് ചെയ്യാം. ഇവളെ വേഗം ഹോസ്പിറ്റലിൽ എത്തിക്കൂ," സ്കൂളിന്റെ പ്രിൻസിപ്പൽ , രമ്യ ടീച്ചറിനോട് പറഞ്ഞു.
അവർ വേഗം ആംബുലൻസിന് ഫോൺ ചെയ്തു. അല്പസമയത്തിനുള്ളിൽ വണ്ടി എത്തി. രമ്യയും ചിന്നുവുമായി താൻ ആംബുലൻസിൽ കയറി. കുറെ കുട്ടികളും ടീച്ചർമാരും വണ്ടിക്കുചുറ്റുമായി ആകാംക്ഷയോടെ നിരന്നു.
ചിന്നുവിന്റെ ഇരുവശത്തുമായി തങ്ങൾ ഇരുന്നു. ആംബുലൻസ് നീങ്ങിത്തുടങ്ങിയപ്പോൾ രമ്യ ചിന്നുവിനോട് പറഞ്ഞു, "മോൾ പേടിക്കേണ്ടാട്ടോ." രമ്യ ഭാവഭേദമില്ലാതെ നിശ്ചലയായി ഇരിക്കുന്ന ചിന്നുവിനെ കെട്ടിപ്പിടിച്ചു.
അവളുടെ നെറ്റിയിൽ നിന്നും അപ്പോഴും ചോര ഒഴുകുന്നുണ്ടായിരുന്നു. അത് ഉടുപ്പിൽ വീണപ്പോൾ അവൾ പക്ഷെ അസ്വസ്ഥയാകുന്നതായി തോന്നി.
സുധ അജിത്
(തുടരും|