രാജ്യത്ത് കുതിച്ചുയർന്ന് പണപ്പെരുപ്പം

Oct 12, 2026 - 17:18
 0  3

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മൂന്നര വർഷത്തിലേറെയായുള്ള ഇടവേളയ്ക്ക് ശേഷം പലിശ നിരക്കുകൾ വർദ്ധിപ്പിച്ച് ദിവസങ്ങൾക്ക് ശേഷം, ഇന്ത്യയിലെ ചില്ലറ വിപണന പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിലെ 4.83%-ൽ നിന്ന് സെപ്റ്റംബറിൽ 5.54%- ആയി ഉയർന്നു. മൊത്തത്തിലുള്ള വില നിലവാരത്തിൽ പ്രതിമാസ വർദ്ധനവുണ്ടായപ്പോൾ, മുൻവർഷങ്ങളിലെ അസന്തുലിതമായ ബേസ് ഇഫക്റ്റും ഈ ഉയർന്ന പണപ്പെരുപ്പ് നിരക്കിന് കാരണമായി.

സ്റ്റാറ്റിസ്റ്റിക്‌സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഭക്ഷ്യ പണപ്പെരുപ്പം ഓഗസ്റ്റിലെ 5.97%-ൽ നിന്ന് സെപ്റ്റംബറിൽ 7.74%- ആയി കുത്തനെ ഉയർന്നു. 2024 അടിസ്ഥാന വർഷമാക്കിയുള്ള പുതിയ വിവര ശേഖരണ പരമ്പരയിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടർച്ചയായി പുതിയ ഉയരങ്ങൾ കുറിക്കുകയാണ്.  

4% ആയി നിലനിർത്താനാണ് റിസർവ് ബാങ്കിന് നിയമപരമായ നിർദ്ദേശമുള്ളത്. എന്നാൽ, തുടർച്ചയായ നാലാം മാസമാണ് പണപ്പെരുപ്പ നിരക്ക് 4%-ന് മുകളിൽ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ആഴ്ച പോളിസി റീപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ച് 5.5% ആക്കിയ റിസർവ് ബാങ്ക്, ഉപഭോക്തൃ വില സൂചികാ പണപ്പെരുപ്പം ജൂലൈ-സെപ്റ്റംബറിൽ ശരാശരി 4.9%, ഒക്ടോബർ-ഡിസംബറിൽ 6%, 2027 ജനുവരി-മാർച്ചിൽ 5.7%, 2027 ഏപ്രിൽ-ജൂണിൽ 5.6% എന്നിങ്ങനെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.