പ്രണയവും രതിയും കടമിഴിക്കോണിലെ രതിമോഹലാസ്യവും: ഹൃദയരാഗം, കെ ആർ മോഹൻദാസ്
ഹരിചന്ദനമലരിലെ മധുവായ്
ഹരമിളകും മൃഗമദലയമായ്
മാറിലിടയും മാരകേളീ ലാലസാവേഗം
മഞ്ജു വാര്യര്, തിലകന്, ബിജു മേനോന് എന്നിവരെ പ്രധാന കഥാപാത്രമാക്കി ടി.കെ. രാജീവ് കുമാര് സംവിധാനം ചെയ്ത ചിത്രമാണ് 'കണ്ണെഴുതി പൊട്ടും തൊട്ട്'. സിനിമയിലെ മഞ്ജുവിന്റെ ഭദ്ര എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
പ്രണയവും രതിയും അവളുടെ കടമിഴിക്കോണിലെ രതിമോഹലാസ്യവും സംഗമിക്കുന്ന ആസക്തിയുടെ പുഷ്പങ്ങൾ വിടർത്തുന്ന ഗാനമാണ് കണ്ണെഴുതി പൊട്ടും തൊട്ട് ചിത്രത്തിലെ ഹരി ചന്ദനമലരിലെ മധുവായ് എന്ന വിസ്മയം. മഞ്ചു വാര്യർ തകർത്തഭിനയിച്ച ഗാനരംഗം കുടിയാണ്.
*പ്രാണനാഥനെനിക്കു* നൽകിയ
പരമാനന്ദരസത്തെ പറവതിനെളുതാണോ
ഹരിചന്ദനമലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ് മാറിലിടയും മാരകേളീ ലാലസാവേഗം
നീലനിലാക്കുളിരിലുലാവും നെയ്യാമ്പൽ പൂങ്കനവായ് നീ നിൻദളങ്ങൾ കൺ തുറക്കെ കാമനുണർന്നല്ലോ ?
പ്രണയത്തിന്റെ ഒരു മദിരാനുഭവം വരികളില് വിടരുന്നഗാനമാണിത്
ഇവിടെ പ്രണയം ഒരു സാധാരണ വികാരം അല്ല; അത് ശരീരവും ആത്മാവും ഒന്നിച്ചു ലയിക്കുന്ന ഒരു ദിവ്യാനുഭവമാണ്. പ്രിയൻ നൽകിയ പരമമായ ആനന്ദം വാക്കുകൾക്ക് അതീതം. അതിനെ പറയാൻ ശ്രമിക്കുന്നതുപോലും ഒരു മദിരചലനമായി തോന്നുന്നു.
ചേതോഹരമായ രതിയുടെ മുഗ്ധ ലാവണ്യവും പ്രണയത്തിന്റെ ചുംബനദലങ്ങളാല് അലംകൃതവുമായ മനോഹരമായ ഗാനാനുഭവം..
കാവാലം നാരായണപ്പണിക്കരുടെ വരികളുടെ വിസ്മയിപ്പിക്കുന്ന ലാസ്യഭംഗി, എം.ജി. രാധാകൃഷ്ണന്റെ സംഗീതലയം, എം.ജി. ശ്രീകുമാറിന്റെ ഹൃദയത്തിൽ തൊടുന്ന ആലാപനം... ഈ മൂന്നും ചേർന്നൊരുക്കിയ സംഗീതവിസ്മയം എങ്ങനെ മറക്കാനാകും, മാനസമേ!
ഹരിചന്ദനമലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ് മാറിലിടയും മാരകേളീ ലാലസാവേഗം
പൂന്തേൻമൊഴി തൂവും കാമമോ
പൊരുളറിയാതെന്നിൽ മുഴുകുന്നോ
വീണുപിടയുന്നോ
പൂന്തേൻ മൊഴി തൂവും കാമമോ
ഇവിടെ പെണ്ണിൻ്റെ പ്രണയം സുഗന്ധമാകുന്നു. ചന്ദനപ്പൂവിലെ തേൻപോലെ മൃദുവും, മൃഗമദത്തിന്റെ ലഹരിപോലെ ഉന്മാദകരവുമാണ് അവളുടെ വികാരം. പ്രണയത്തിന്റെ ഗന്ധം ശരീരത്തിലൂടെ പരക്കുന്ന നിമിഷം.
''മാറിലിടയും മാരകേളി” എന്ന പ്രയോഗം തന്നെ രതിലയ ശൃംഗാരചിത്രമാണ്. മാരൻ എന്നത് കാമദേവന്റെ പ്രതീകം. മനസ്സിനുള്ളില് തുടികൊട്ടുന്ന പ്രണയവും മോഹവും ചേർന്ന് നടത്തുന്ന കളിവിളയാട്ടങ്ങളാണ് മാരകേളി. അതിന്റെ ഫലമായി ഹൃദയത്തിനുള്ളിൽ ഉയരുന്ന കുതിപ്പും കുളിർവിളയാട്ടവും തന്നെയാണ് “ലാലസാവേഗം.” അതിനാൽ ഈ വരി ശരീരത്തിന്റെ ഉപരിതല ചലനങ്ങളെക്കാൾ കൂടുതൽ, പ്രണയത്തിന്റെ ഹൃദ കുറിച്ചാണ് പറയുന്നത്.
ഉള്ളിൽ കലിതുള്ളും മിന്നലോ
കടമിഴിയിൽ വീശുമഴകാണോ വിങ്ങുമലിവാണോ
മാറിലെ തേങ്ങലിൽ പരിഭവമുറയുന്നോ
പൂന്തേൻ മൊഴി തൂവും കാമമോ
പൊരുളറിയാതെന്നിൽ മുഴുകുന്നോ വീണുപിടയുന്നോ
മാരകേളീ ലാലസാവേഗം എന്ന വരിയുടെ പ്രണയരതിസൗന്ദര്യം ചേതോഹരമാണ്.
ഒരു വെറും വാക്കല്ല; പ്രണയത്തിന്റെ ഹൃദയത്തിലേക്ക് കുതിച്ചുചെല്ലുന്ന മനസ്സിന്റെ ഒരു ചലനമാണ്.
ഉള്ളിൽ കലിതുള്ളും മിന്നലോ”,
“കടമിഴിയിൽ വീശുമഴകാണോ”
എന്നിങ്ങനെ, ശരീരത്തിലൂടെ പായുന്ന വികാരങ്ങളെ പ്രകൃതിദൃശ്യങ്ങളിലൂടെ കവിയവതരിപ്പിക്കുന്നു. കണ്ണുകളിൽ മിന്നൽ, നെഞ്ചിൽ തേങ്ങൽ, വാക്കുകളിൽ തേൻ — എല്ലാം ചേർന്ന് സ്ത്രീയുടെ പ്രണയോന്മാദത്തെ സംഗീതമാക്കുന്നു.
കാമം ഇവിടെ ഒരു മോഹം മാത്രമല്ല — അത് സുഗന്ധമുള്ള ഒരു സംഗീതം, സ്പർശിക്കാതെ പോലും ശരീരത്തെ വിറപ്പിക്കുന്ന ഒരു പ്രണയലഹരിയാണ്.