6.71 കോടി രൂപയുടെ ടെൻഡർ; മന്ത്രിമാർക്കും സ്റ്റാഫിനും ആപ്പിൾ ഐ പാഡുകൾ വാങ്ങാൻ തീരുമാനം
തിരുവനന്തപുരം: സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിച്ചു പറയുമ്പോഴും മന്ത്രിമാർക്കും അവരുടെ പേഴ്സനൽ സ്റ്റാഫിനുമായി 6.71 കോടി രൂപ ചെലവിൽ 480 ആപ്പിൾ ഐപാഡുകൾ വാങ്ങാൻ തീരുമാനം. ഒക്ടോബർ 16ന് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഇതിനായി ഇ ടെൻഡർ ക്ഷണിച്ചു.
സർക്കാർ വകുപ്പുകൾ എല്ലാതലത്തിലും ചെലവു ചുരുക്കണമെന്ന് ധനവകുപ്പ് ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടയിലാണ് ഈ തീരുമാനം. മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്ടോപ്പുകൾ, ഐപാഡുകൾ, ടാബ്ലെറ്റുകൾ എന്നിവയുൾപ്പെടെ വാങ്ങുന്നതിനുള്ള ചെലവ് പരിധി സർക്കാർ അടുത്തിടെ 1.5 ലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയായി ഉയർത്തിയിരുന്നു. തുടർന്നാണ് കെൽട്രോൺ ഇ ടെൻഡർ പുറപ്പെടുവിച്ചത്.
13 ഇഞ്ച് ഐപാഡ് പ്രോ 256 ജിബി (160 എണ്ണം), 11 ഇഞ്ച് ഐപാഡ് പ്രോ 256 ജിബി (160 എണ്ണം) , 11 ഇഞ്ച് ഐപാഡ് (എ16) വൈഫൈ + സെല്ലുലാർ 256 ജിബി (160 എണ്ണം) എന്നിവയാണ് വാങ്ങുന്നത്.
13 ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾക്കായി ഏകദേശം 3.19 കോടി രൂപ ചെലവഴിക്കും. ഓരോ യൂണിറ്റിനും ഏകദേശം 1,99,000 രൂപയാണ് വില. 11 ഇഞ്ച് ഐപാഡ് പ്രോ വൈഫൈ 256 ജിബി മോഡലുകൾക്കായി 2.23 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഒരു യൂണിറ്റിന് ഏകദേശം 1.39 ലക്ഷം രൂപയാണ് വില. ബാക്കിയുള്ള 1.27 കോടി രൂപ 11 ഇഞ്ച് ഐപാഡ് (എ16) വൈഫൈ + സെല്ലുലാർ 256 ജിബി മോഡലുകൾക്കായി ചെലവഴിക്കും.