പഴഞ്ചൊല്ലുകൾ  തുടരുന്നു 'കാ ' Mary Alex (മണിയ)

Dec 8, 2024 - 15:54
 0  44
പഴഞ്ചൊല്ലുകൾ  തുടരുന്നു 'കാ ' Mary Alex (മണിയ)
1.'കാക്ക കുളിച്ചാൽ കൊക്കാകുമോ '
        കാക്ക കരി പോലെ കറുത്ത ഒരു പക്ഷിയാണ്. കൊക്ക് തൂവെള്ള നിറത്തിലും. എത്ര ശ്രമിച്ചാലും കാക്കയ്ക്ക് തന്റെ നിറം കൊക്കിന്റേതു പോലെ മാറ്റിയെടുക്കാൻ ആവില്ല. അത് ജന്മസിദ്ധമാണ്. ഓരോ ജീവജാലങ്ങൾക്കും അതാതിന്റ രീതിയിൽ സൃഷ്ടാവ് നിർണ്ണയിച്ചിരിക്കുന്നതങ്ങനെ
തന്നെയാണ്.അതിനെ മാറ്റാൻ ആർക്കും കഴിയില്ല. അതുപോലെ യാണ് മനുഷ്യപ്രകൃതിയും.ജന്മ സിദ്ധമായ കഴിവുകൾ വളർത്തിയെടുക്കാൻ കഴിയും. എന്നാൽ ജന്മസിദ്ധമല്ലാത്തവ നേടിയെടുക്കാൻ വളരെ പാടു പെടേണ്ടതായി വരും. എന്നാലും നൂറു ശതമാനം വിജയിക്കണം എന്നു ഉറപ്പിക്കാൻ പറ്റില്ല. ജന്മനാലുള്ള വൈകല്യങ്ങളും അതു പോലെയാണ്. മാറ്റിയെടുക്കുക എളുപ്പമല്ല.
2. 'കാക്കയുടെ വിശപ്പും  പശുവിന്റെ കടിയും '
      നമ്മൾ പലപ്പോഴും കണ്ടിട്ടുള്ള ഒരു കാഴ്ചയാണ് പശുക്കളുടെ പുറത്ത് കാക്ക ഇരിക്കുന്നതും അതിന്റെ ശരീരത്തിൽ നിന്ന് എന്തോ കൊത്തി തിന്നുന്നതും. തലയിൽ പേൻ അല്ലെങ്കിൽ പട്ടിയുടെ ദേഹത്തു ചെള്ള് എന്ന പോലെ പശുക്കളുടെ ദേഹത്തും ഒരു ജീവി, ഒട്ടിപ്പിടിച്ചിരിക്കും. ചില ദേശങ്ങളിൽ വട്ടൻ, മറ്റു ചിലടത്തു ഉണ്ണി എന്നുമറിയപ്പെടും.പശുവിന്റ ചോര കുടിച്ചാണ് അവ ജീവിക്കുന്നത്. അത് കടിക്കുമ്പോൾ പശുവിനു വല്ലാത്ത ചൊറിച്ചിൽ ഉണ്ടാവും. അതിനെയാണ് കാക്ക കൊത്തിപ്പ റിച്ചു തിന്നുന്നത്. അങ്ങനെ തിന്നുമ്പോൾ കാക്കയുടെ വിശപ്പു മാറും. പശുവിന്റെ ചൊറിച്ചിലും കുറവാകും. ഈ ചൊല്ല് നമ്മെ മനസ്സിലാക്കുന്നത് മറ്റുള്ളവർക്കു ഗുണം ചെയ്തു കൊണ്ട് നമുക്കും നന്മ വരുത്താം എന്നതാണ്.
3.'കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ് ' 
        കാക്ക നിറത്തിൽ കറുപ്പാണ്. അവയുടെ മുട്ട വിരിഞ്ഞു ണ്ടാകുന്ന കുഞ്ഞുങ്ങളുടെ ദേഹത്തും കറുത്ത തൂവലുകളെ മുളയ്ക്കു. തന്റെ കുഞ്ഞു കറുത്തതായതുകൊണ്ട് ആ കുഞ്ഞിനെ തള്ളക്കാക്കയ്ക്ക് തള്ളിക്കളയാനാവുമോ? ഒരിക്കലുമില്ല.കാക്കയ്ക്കും തൻ കുഞ്ഞു പൊൻകുഞ്ഞ് എന്നു പറയുന്നത് എത്ര നിറം കുറഞ്ഞാലും, ഊനതകൾ ഉണ്ടെങ്കിലും  സ്വന്തം എന്ന ഒരു മമത ഉള്ളിൽ വരുന്നതു കൊണ്ടാണ്  . അതു പോലെ ഏതൊരാൾക്കും തന്റെതായ എല്ലാം വിലപ്പെട്ടതാണ്.  അതിനെ മരണം വരെ കൈവശം വച്ച് സൂക്ഷിക്കുക എന്നത് അതിനോടുള്ള ഓരോരുത്തരുടേയും പ്രതിപത്തി കൊണ്ടുമാണ്.
4.'കാലത്തെ വിതച്ചാൽ നേരത്തെ കൊയ്യാം ' 
      ഓരോ കൃഷിക്കും ഓരോ സമയമുണ്ട്.കാലാവസ്ഥ നോക്കി ആ വിളകൾ കൃഷി ചെയ്യണം. അതും വേണ്ട രീതിയിൽ സ്ഥലം കിളച്ച് തടമെടുത്ത് വളമിട്ട് വിത്തുകൾ നടണം.അല്ലെങ്കിൽ നിലമൊരുക്കി ഞാറുകൾ, ചെടികളുടെ തയ്കൾ പാകണം. അങ്ങനെ അതാതു കാലത്ത് കൃഷി ചെയ്യേണ്ട രീതിയിൽ കൃഷി ചെയ്താലേ നല്ല ഫലം ലഭിക്കുകയുള്ളു. മനുഷ്യ ജീവിതുവുമായി ബന്ധപ്പെട്ടു ചിന്തിച്ചാൽ ഒരു കുഞ്ഞു ജനിക്കുന്നതു മുതൽ വളർച്ചക്കാ വശ്യമുള്ള പോഷകാഹാരങ്ങൾ, അറിവിന്‌ ആവശ്യമുള്ള വിദ്യാഭ്യാസം, ജോലിയ്‌ക്കാവശ്യമുള്ള വിദ്യാഭ്യാസം പരിജ്ഞാനം,, ഒരു കൂട്ടാളിക്കും കുടുംബത്തിനു മായുള്ള ഒരുക്കം, ഇങ്ങനെ സമയാസമയങ്ങളിൽചെയ്യേണ്ടവ ചെയ്താൽ മാത്രമേ ആ കുഞ്ഞിന്റെ വളർച്ചയ്ക്ക് ഫലം ഉണ്ടാകയുള്ളു എന്നു സാരം.
5.'കാറ്ററിയാതെ തുപ്പിയാൽ ചെകിടറിയാതെ അടി കിട്ടും.'
      പണ്ടും ഇപ്പോഴും മുറുക്കാൻ ചവയ്ക്കുന്ന ശീലമുള്ളവരുണ്ട്. അതിന്റ ഭവിഷ്യത്ത് അറിയാവുന്നതു കൊണ്ട് ഇക്കാലത്ത് അങ്ങനെയുള്ളവർ കുറവാണെന്നു മാത്രം. 'പുകയില ക്യാൻസറിനു കാരണമാണ്.' 'പുകവലി ആരോഗ്യത്തിന് ഹാനികരം' എന്നൊക്കെ എല്ലാ തീയേറ്ററിലും സിനിമ തുടങ്ങുന്നതിനു മുൻപ്  പരസ്യങ്ങൾ കാണാറുണ്ടല്ലോ. മുറുക്കാൻ ചവയ്ക്കുന്നവർക്ക് ഏതു സമക്ഷത്തിൽ ആയാലും നീട്ടി ഒരു തുപ്പുണ്ട്.ആരുടെയും ദേഹത്തു വീഴാതിരിക്കാനാണ് അത്ര നീട്ടി തുപ്പുന്നത്. പക്ഷെ ആ സമയത്ത് കാറ്റുണ്ടെങ്കിൽ അത് മറ്റുള്ളവരുടെ ദേഹത്തു വീഴാതിരിക്കില്ല.വീഴുക തന്നെ ചെയ്യും.അനുഭവിക്കുന്നവർ മുൻകോപികളാണെങ്കിൽ നല്ല അടി കിട്ടാതിരിക്കില്ല.അതും കരണക്കുറ്റി നോക്കി. അവസരം അറിഞ്ഞേ എന്തും പ്രവർത്തിക്കാവു,പ്രവർത്തിക്കുന്നത് മറ്റുള്ളവർക്ക് ഉപദ്രവം ആകരുതെന്നും സാരം.
6.'കാടിയായാലും മൂടി കുടിക്കണം' 
       കാടി എന്നു പറയുന്നത് പശുക്കൾക്കു കുടിക്കാൻ കൊടുക്കുന്ന വെള്ളമാണ് . യഥാർഥത്തിൽ അത് കഞ്ഞി ഊറ്റുന്ന വെള്ളമാണ്. അതിൽ പഴത്തൊലിയും പച്ചക്കറിവേസ്റ്റും പിണ്ണാക്ക്, തവിട് അല്ലെങ്കിൽ ഓക്കെ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കാലി തീറ്റയും അങ്ങനെ മറ്റു ചേരുവകളും ചേർത്തിളക്കിയാണ് കൊടുക്കാറ്. ദാരിദ്ര്യമുള്ള വീടുകളിൽ അമ്മമാർ വറ്റ് (ചോറ്) വീട്ടിലെ ആണുങ്ങൾക്കും കഞ്ഞി വെള്ളത്തിൽ എന്തെങ്കിലും കൂട്ടാൻ (കറികൾ ) ചേർത്തും കഴിച്ച് വിശപ്പടക്കും .അങ്ങനെ കുടിക്കുന്നത് മറ്റുള്ളവർ അറിയുന്നത് ദോഷമല്ലേ? സ്വന്തം ഇല്ല വല്ലായ്മകൾ എന്തിന് മറ്റുള്ളവർ അറിയണം.അറിഞ്ഞു   സഹായിക്കുന്നവർ ആണെങ്കിൽ അറിയിക്കുന്നത് നല്ലതാണ്. അറിഞ്ഞാൽ നാട്ടുകാരെ മുഴുവൻ അറിയിച്ചു നാണം കെടുത്തുന്നവർ ആണെങ്കിലോ? അതുകൊണ്ടാണ് കാടിയായാലും മൂടി കുടിക്കണം എന്നു പറയുന്നത്.നമ്മുടെ കുറവുകൾ ആരും അറിയാതിരിക്കുന്നതാണ് നല്ലത്.
7.'കാര്യം കാണാൻ കഴുതക്കാലും പിടിക്കണം '
       കഴുത എന്നു പറയുന്ന മൃഗം കുതിരയുടെ ഇനത്തിൽ പെട്ടതാണെങ്കിലും ആ മൃഗത്തിനെ ചുമട് ചുമപ്പിക്കാനും ചക്ക്,എണ്ണയുണ്ടാക്കാൻ തേങ്ങ ഉണങ്ങിയത് ആട്ടിയെടുക്കുന്ന യന്ത്രം അല്ലെങ്കിൽ ശർക്കര, പഞ്ചസാര ഇവ ഉണ്ടാക്കാൻ കരിമ്പ് ആട്ടുന്ന യന്ത്രം. അത് വലിപ്പിക്കാൻ മാത്രമേ  ഉപയോഗിച്ചിരുന്നുള്ളു.  വാഹനങ്ങൾ ഇല്ലാതിരുന്ന കാലത്ത് കുതിരയെ സവാരിക്കും,
 പടയാളികൾ യുദ്ധത്തിനുള്ള
 ആയുധങ്ങളുമായി നീങ്ങുന്നത് പല സിനിമകളിലും കണ്ടിട്ടുണ്ട്. ആഡ്യത്വത്തിന്റ ലക്ഷണമായ കുതിരയെ നല്ല രീതിയിൽ തീറ്റയും കുടിയുമൊക്കെ കൊടുത്ത് ലായങ്ങളിൽ വളർത്തുമ്പോൾ കഴുതയെ വെറുതെ പുറത്തു വിടുകയാണ് പതിവ്. അത് ചുറ്റി നടന്ന് എന്തെങ്കിലും കാറി തിന്ന് എവിടെങ്കിലും കിടക്കും. അങ്ങനെയുള്ള ഒരു മൃഗത്തെ ആണ് കർത്താവായ യേശു തമ്പുരാൻ വാഹനമായി സ്വീകരിച്ചു മഹത്ത്വീകരിച്ചത്. അതുപോലെ അത്യാവശ്യ സമയങ്ങളിൽ നമ്മുടെകാര്യങ്ങൾ നേടിയെടുക്കാൻ നിസ്സാരരായ പലരും ഉപകാരപ്പെടും. അല്ലെങ്കിൽ ഉപകാരപ്പെടുത്താൻ നാം അല്പം താഴ്ന്നു കൊടുക്കേണ്ട സാഹചര്യം ഉണ്ടായെന്നു വരാം എന്നാണ് ഈ ചൊല്ല് നമ്മെ പഠിപ്പിക്കുന്നത്.
8.'കാറ്റുള്ളപ്പോൾ പാറ്റണം'
      നെൽകൃഷിക്കാർ കൊയ്ത്തു കഴിഞ്ഞ പാടത്തു തന്നെ നെല്ല് പതിരും മണിയുമായി തരം തിരിച്ച് ധാന്യമാണ് അറയ്ക്കകത്ത് കയറ്റുന്നത്.വിൽക്കാനാണെങ്കിലും വിത്തിനാണെങ്കിലും നെല്ലു പുഴുങ്ങി കുത്തി ഉമി(പുറമെയുള്ള നേർത്ത തോട്) കളഞ്ഞ് അരി യാക്കാനാണെങ്കിലും.ഉമി കളഞ്ഞാൽ പിന്നെ കിട്ടുന്നത് തവിടാണ്. ഇതു പഴയകാലത്ത് വീടുകളിൽ തേങ്ങയും പഞ്ചസാര അല്ലെങ്കിൽ ശർക്കര ചേർത്തു ജീരകവും പൊടിച്ചിട്ട് തിരുമ്മി ഭക്ഷണമായി ഉപയോഗിച്ചിരുന്നു. ഇന്നും തവിടുള്ള അരിയാണ് ആരോഗ്യത്തിന് ഉത്തമം എന്നു പല വിദഗ്ധന്മാരും പറയാറുണ്ട്. പ്രകൃതി ദത്തമായ കാറ്റു വീശുന്ന സമയം നെല്ലിലെ പതിരൊക്കെ പറന്നു പൊയ്ക്കൊള്ളും. ആരും പ്രത്യേകിച്ച് വീശികൊടുക്കേണ്ട കാര്യമില്ല.അതുപോലെ ജീവിതത്തിൽ കിട്ടുന്ന അനുകൂലസാഹചര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്താൻ സാധിച്ചാൽ നമുക്ക് മെച്ചവും മേന്മയും മാത്രമല്ല ലാഭവുമുണ്ടാകും ബുദ്ധിമുട്ടും കുറയും എന്നു സാരം.
9.'കാട്ടുകോഴിക്കെന്ത് ഓണവും സംക്രാന്തീം ' 
     കാട്ടിൽ വളരുന്ന കോഴിയാണ് 
കാട്ടുകോഴി. വീട്ടിൽ വർത്തുന്നവ നാട്ടുകോഴി.കാട്ടിൽ കാടിന്റെ രീതികൾ.നാട്ടിൽ നാടിന്റെയും. നാട്ടിലാണല്ലോ ഓണവും സംക്രാ ന്തിയും വിഷുവും ഒക്കെ. പരിഷ്കാരമില്ലാത്ത നാടിനെ കാട് എന്നു വിശേഷിപ്പിക്കാം. അവിടെ നിന്നും പട്ടണത്തിലേക്ക് വരുന്ന ഒരാൾക്ക് കാണുന്നതെല്ലാം അത്ഭുതമാണ്.മിന്നുന്നതെല്ലാം പൊന്നായും  കാണുന്നതെല്ലാം മായയായും അനുഭവപ്പെടും. ഓണവും വിഷുവും സംക്രാന്തിയും ഒക്കെ നാടിന്റെ ആഘോഷങ്ങളാണ്. കാട്ടിൽ അതൊന്നുമില്ല.പരിഷ്കൃതനല്ലാ ത്ത ഒരാളെ ഈ ചൊല്ലു പറഞ്ഞ് നാട്ടുകാർ വിശേഷിപ്പിക്കാറുണ്ട്.
10.'കാള പെറ്റെന്ന് കേട്ട് കയറെടുക്കുക.'
     കാള പശുവിന്റെ പുല്ലിംഗമാണ്.
ആണുങ്ങൾ പ്രസവിക്കാറുണ്ടോ? അതുപോലെയാണ് കാളയുടെ കാര്യവും.അത് ഒരിക്കലും പ്രസവിക്കാറില്ല. അസംഭവ്യമായ ഒരു കാര്യം കേട്ട് അതിന്റ ബാക്കി ചെയ്യാൻ പുറപ്പെടുന്നത് ഭോഷ ത്തമാണ്.അത് മഠയൻമാരുടെ ലക്ഷണമാണ്. ഒട്ടും ആലോചിക്കാതെയുള്ള എടുത്തു ചാട്ടമാണ്.കേട്ട പാതി കേൾക്കാത്ത പാതി എന്തിനെങ്കിലും ഇറങ്ങി പുറപ്പെടുന്നത് ആപത്തു ക്ഷണിച്ചു വരുത്തും. അതു ജീവിതത്തിൽ പല പാളിച്ചകൾക്കും ഇട വരുത്തും. അതു കൊണ്ട് എന്തു കേട്ടാലും നന്നായി ആലോചിച്ചു മാത്രം ചെയ്യേണ്ടത് ചെയ്യുക.
11.'കാണം വിറ്റും ഓണമുണ്ണണം.'
     ജന്മി കുടിയാന്മാരുടെ കാലത്ത് ജന്മിമാർ കർഷകർക്ക് സ്വന്തം ഭൂമി പാട്ടത്തിനോ കാണത്തിനോ കൊടുത്തിരുന്നു.രണ്ടിനും പണം ജന്മിക്കു കൊടുക്കേണ്ടതുണ്ട്. എന്നാൽ രണ്ടും രണ്ടു വ്യവസ്ഥയിൽ ആണെന്ന് മാത്രം. പാട്ടമാണെങ്കിൽ വസ്തുവിന്റെ പ്രതിഫലമായി ജന്മിക്കു കൊടുക്കുന്ന പണം. കാണമാണെങ്കിൽ ഉടമസ്ഥന് വായ്പയായി കൊടുക്കുന്ന പണം.
എന്തായാലും ഓണം വരുമ്പോൾ എത്ര പണമില്ലെങ്കിലും അതു ആഘോഷമായി കൊണ്ടാടണം എന്നാണ് നാട്ടു നടപ്പ്. ആയതിനായി കാണം കൊടുത്ത് കൃഷിക്കെടുത്ത വസ്തുവായാലും  വിറ്റിട്ട് ഘോഷിക്കുമത്രേ.
12.'കാറ്റു വിതച്ചാൽ കൊടുങ്കാറ്റു കൊയ്യും.'
       കാറ്റ് നമുക്ക് വലിയ ഉപദ്രവം ചെയ്യില്ല.പക്ഷെ അത് കൊടുങ്കാറ്റായി മാറിയാലോ! വളരെ നാശനഷ്ടങ്ങൾ സംഭവിക്കും. ഇവിടെ കാറ്റ് എന്നുദ്ദേശിക്കുന്നത് മറ്റുള്ളവർക്ക് നാം ചെയ്യുന്ന ചെറിയ ചെറിയ ദ്രോഹങ്ങൾ ആണ്. അല്ലെങ്കിൽ നാം ചെയ്യുന്ന തിന്മകൾ. വിതച്ചതെ കൊയ്യൂ എന്നൊരു ചൊല്ലുണ്ട്. നാം ഒരാൾക്ക് ദ്രോഹം ചെയ്താൽ അതിന്റ ദോഷഫലം നമ്മിൽ തിരിച്ചടിയായി ഭവിക്കും. അതിനു പകരം നാം മറ്റുള്ളവർക്ക് നന്മ ചെയ്താൽ നമുക്ക് അതിന്റ ഇരട്ടിയായി തിരിച്ചു ലഭിക്കുക തന്നെ ചെയ്യും. നാം ചെറുതായി ചെയ്ത ദ്രോഹത്തിന് വളരെ വലുതായി തിരിച്ചടി ഉണ്ടാകും എന്നാണ് ഈ ചൊല്ല് നമ്മെ മനസ്സിലാക്കുന്നത്.
      
      
        
.