ബസ് നിരക്ക് വർധനവടക്കം ഉന്നയിച്ച് ബസുടമകൾ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം
തിരുവനന്തപുരം: സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നാളെ (ഒക്ടോബർ 27) മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ രണ്ടുപേർ വീതം പങ്കാളികളാകുന്ന രീതിയിലാണ് നിരാഹാര സമരം നടത്തുകയെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു.
പ്രസിഡന്റ് കെ. കെ. തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവർ നിരാഹാരമനുഷ്ഠിക്കും.
സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടന്നാൽ അത് പൊതുജനങ്ങളെയും സാധാരണക്കാരായ യാത്രക്കാരെയും ദുരിതത്തിലാക്കുമെന്നതിനാലാണ് ആദ്യഘട്ടത്തിൽ നിരാഹാര സമരം തെരഞ്ഞെടുത്തതെന്ന് സംഘടന വ്യക്തമാക്കി. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ അനുകൂല തീരുമാനം എടുക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ബസുടമകളുടെ തീരുമാനം.
വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഉൾപ്പെടെയുള്ള യാത്രാനിരക്കുകൾ അടിയന്തരമായി വർദ്ധിപ്പിക്കുക, പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസുകൾക്ക് പ്രത്യേക സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.