Mary Alex (മണിയ)
സ്വരാക്ഷരങ്ങളിലുള്ള പഴഞ്ചൊല്ലുകൾ തീർന്നിരുന്നു. ഇനി തുടരണോ വേണ്ടയോ എന്ന ചിന്താക്കുഴപ്പത്തിൽ അല്പം കാല താമസം വരുത്തി. പലരോടും അഭിപ്രായം ആരാഞ്ഞു. അവരൊക്കെ എന്നെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഒരാൾ പറഞ്ഞു ഇന്നത്തെ തലമുറയ്ക്ക് ഈ ചൊല്ലുകൾ ഒരു പുത്തൻ അറിവാണ്, തുടരുക.
മറ്റൊരാൾ:- ആരും മിനക്കെടാൻ തയ്യാറാകാത്ത ഒരു വിഷയം, നന്നായി എഴുതുന്നുമുണ്ട്, പിന്നെന്ത് ! തുടരുക. അടുത്തയാൾ:- ഒരു പുസ്തകമാക്കാൻ സ്വരാക്ഷരങ്ങൾ മാത്രം പോരല്ലോ, തുടരുക അങ്ങനെ എന്നോട് അനുഭാവപൂർവം ഇടപെടുന്ന ഓരോരുത്തരുടെയും പ്രോത്സാഹജനകമായ വാക്കുകൾ. അതിലെനിക്ക് അഭിമാനം തോന്നുന്നു, സന്തോഷവും.എല്ലാവരോടും നന്ദിയും സ്നേഹവും അർപ്പിച്ചുകൊണ്ട് ഇന്നു മുതൽ വ്യഞ്ജനാക്ഷരങ്ങൾ കൊണ്ടുള്ള പഴഞ്ചൊല്ല് ആരംഭിക്കുന്നു.
1.'കരയുന്ന കുഞ്ഞിനേ പാലുള്ളു '
നമുക്കറിയാം തീരെ കൊച്ചു കുഞ്ഞുങ്ങൾക്ക് കരയാനല്ലാതെ ഒന്നുമറിയില്ല. കുഞ്ഞുങ്ങൾ കരയുമ്പോൾ അമ്മമാർക്ക് അറിയാം ആ കരച്ചിൽ എന്തിനുള്ളതാണെന്ന്. അവർ ഏതു ജോലിക്കിടയിലും ഓടിവന്ന് കുഞ്ഞിനെ മുലയൂട്ടും. ജോലിക്കു പോകുന്ന പല അമ്മമാരെയും ഞാൻ കണ്ടിട്ടുണ്ട്.അവർ സ്വന്തം മുലപ്പാൽ അല്പം വേദന സഹിച്ചാണെങ്കിലും ഞെക്കി പ്പിഴിഞ്ഞു ശുദ്ധീകരിച്ച കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചോ അല്ലെങ്കിൽ അതിനുള്ള സുരക്ഷിത കവചത്തിൽ വച്ചോ മാതാ പിതാക്കളെയോ ജോലിക്കാരെയോ ഭരമേൽപ്പിച്ചു പോകുന്നത്. പാലു കുടിച്ചു കഴിഞ്ഞും കുഞ്ഞുങ്ങൾ കരഞ്ഞാൽ അത് മറ്റെന്തോ കാര്യമായിരിക്കും. മലമുത്ര വിസർജനം ചെയ്തിട്ടോ കിടക്കുന്നിടത്ത് ഉറുമ്പിന്റ കടി കൊണ്ടോ അങ്ങനെ പലതും. അതുപോലെ തന്നെയാണ് വലിയവർക്കും പല ആവശ്യങ്ങൾ ഉണ്ട്.മറ്റുള്ളവർ അറിഞ്ഞു പ്രവർത്തിക്കട്ടെ എന്നു ചിന്തിച്ചു മനസ്സിൽ വച്ചു നടക്കാതെ ആവശ്യങ്ങൾ അറിയിക്കേണ്ട
വരെ അറിയിക്കുന്നതായാൽ മാത്രമേ ആയതിനു പ്രതിവിധി നേടാൻ കഴിയൂ.
2.'കനൽ കട്ടയിൽ ഉറുമ്പരിക്കുക '
കനൽകട്ട എന്നാൽ തീ കത്തി
എരിഞ്ഞു കൊണ്ടിരിക്കുന്ന വിറക് , തടിക്കഷണം.അല്ലെങ്കിൽ
മറ്റെന്തെങ്കിലും വസ്തു. കർപ്പൂരം സൾഫർ അങ്ങനെ എന്തായാലും. തീ കത്തിക്കൊണ്ടിരിക്കുന്നത് തൊട്ടാൽ പൊള്ളുന്ന ചൂടുള്ള ഒരവസ്ഥയാണ്. മനുഷ്യന് തൊടാൻ ആവാത്തവിധമുള്ള ആ തീക്കട്ടയെ ഉറുമ്പ് അരിക്കുകയില്ല അരിക്കുന്നത് പോകട്ടെ അടുക്കുക പോലുമില്ല.
ഭക്ഷണപദാർഥങ്ങളിൽ ഉറുമ്പു കയറിയാൽ അടുപ്പിനരികിലോ വെയിലത്തൊ വച്ചാൽ അവ താനെ ഇറങ്ങി പൊയ് ക്കൊള്ളും. ഒരിക്കലും സംഭവിക്കാൻ സാധ്യത ഇല്ലാത്ത ഒരു കാര്യം സംഭവിച്ചുവെങ്കിൽ ഈ പഴഞ്ചൊല്ല് ഉപയോഗിച്ച് അത്ഭുതപൂർവം അതിനെ വിശദീകരിക്കാറുണ്ട്. അതായത് ഈ നടന്ന സംഭവം കനൽക്ക ട്ടയിൽ ഉറുമ്പരിച്ച പോലെ ആയല്ലോ എന്ന്.
3.'കടന്നൽ കൂട്ടിൽ കല്ലെറിയരുത് '
കടന്നൽ വലുപ്പത്തിൽ ഭീകരനല്ലെങ്കിലും മനുഷ്യനെ കുത്തി നോവിക്കുന്ന പ്രകൃതമുള്ള ഒരു പ്രാണിയാണ്. അതിന്റ കുത്തു കൊണ്ടാൽ ആ ഭാഗത്ത് കട്ടുകഴപ്പും വേദനയും നീരും ഉണ്ടാവും.അതിനു ഉപദ്രവം സംഭവിച്ചാൽ മാത്രമേ അതു നമ്മെ ഉപദ്രവിക്കയുള്ളു അതും ഒറ്റയ്ക്കല്ല കൂട്ടത്തോടെ.മരത്തിന്റ കൊമ്പിൽ അവ കൂട്ടത്തോടെ തൂങ്ങി കിടക്കും, തേനീച്ചക്കൂടു പോലെ.അങ്ങനെ തൂങ്ങി കിടക്കുന്ന കടന്നൽ കൂട്ടിൽ ഒരു കല്ലെടുത്തെറിഞ്ഞാലോ! അവ ഇളകി പറന്ന് നമ്മെ പൊതിയും എല്ലാം ചേർന്ന് കുത്തി മരണം വരെ സംഭവിക്കുന്ന നിലയിൽ എത്തിക്കും.ആരും അതുകൊണ്ട് കടന്നൽക്കൂട്ടിൽ കല്ലെറിയാൻ ശ്രമിക്കരുത്. അതായത് അറിഞ്ഞുകൊണ്ട് ആരും ആപത്തു ക്ഷണിച്ചു വരുത്തരുത് എന്നു സാരം.
4.'കടമ്പയ്‌ക്കൽ കൊണ്ടെ കുടമുടയ്ക്കരുത് '
കടമ്പ എന്നാൽ അതിര്. ആ അതിരു വരെ വെള്ളം ചുമന്ന് എത്തിച്ചിട്ട് കയ്യിൽ നിന്ന് കുടം താഴെ വീണാലോ അതു പൊട്ടി വെള്ളവും കുടവും നഷ്ടമാകും. പഴയകാലത്ത് മൺപത്രങ്ങളെ ഉണ്ടായിരുന്നുള്ളു. മറ്റുള്ള പറമ്പുകളിലെ കുളത്തിൽ നിന്നോ കിണറ്റിൽ നിന്നോ വേണം വെള്ളം കൊണ്ടു വരാൻ. അങ്ങനെ കഷ്ടപ്പെട്ട് കൊണ്ടു വരുമ്പോൾ കയ്യിൽ നിന്നു താഴെ വീണു പൊട്ടി പ്പോയാലത്തെ അവസ്ഥയാണ് ഈ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്
ഒരു പ്രവർത്തി ചെയ്തു തുടങ്ങിയിട്ട് അതിന്റ ഫലം കാണാറാകുമ്പോൾ വേണ്ടെന്നു വയ്ക്കുന്ന,അതുപേക്ഷിച്ചു
മറ്റൊന്നിലേക്ക് മാറുന്ന പ്രകൃതം പലരിലും ഉണ്ട്.അതുകൊണ്ട് ഒന്നിന്റെയും ഫലം ലഭ്യമാകയില്ല. അനുഭവിക്കാൻ യോഗമില്ലാതെ വെറുതെ കുറേ പണം മുടക്കാമെന്നു മാത്രം.നമുക്ക് ജീവിതത്തിൽ എന്തെങ്കിലും നേടണമെങ്കിൽ പരിശ്രമിക്കണം, പരിസമാപ്തിയിലെത്തിക്കണം
എങ്കിൽ മാത്രമേ അതിന്റ ഫലം അനുഭവവേദ്യമാകയുള്ളു എന്നു മനസ്സിലാക്കിത്തരികയാണ് ഈ ചൊല്ല്.
5.'കടം കൊടുത്താൽ ഇടയും കൊടുക്കണം '
ആരെങ്കിലും വന്ന് നമ്മോട് കടം ചോദിച്ചാൽ നാം അവർക്ക് കൊടുക്കുന്നുവെങ്കിൽ പിറ്റേന്ന് അതു തിരിച്ചു ചോദിക്കരുത്. അതു തിരിച്ചു തരാൻ കുറച്ചു സാവകാശം കൊടുക്കണം. കയ്യിൽ ഇല്ലാത്തതുകൊണ്ടാ
ണല്ലോ ഒരാൾ കടം വാങ്ങുന്നത്. ഓർക്കുക,നമുക്ക് ദൈവം തന്ന അനുഗ്രഹമാണ് സമ്പത്ത്. അതു മറ്റുള്ളവർക്കു കൂടി ഉപകാരപ്പെടുമെങ്കിൽ നമുക്ക് ലഭിച്ച ആ അനുഗ്രഹം ഇരട്ടിയായി മാറും ഉറപ്പ്.
6.'കക്കാൻ സൗകര്യമുണ്ടെന്നു കരുതി വെളുക്കുവോളം കക്കരുത് '
കള്ളൻ കക്കാൻ ഒരു വീട്ടിൽ കയറിയെന്നിരിക്കട്ടെ. ആ വീട്ടിൽ ആരുമില്ല. എങ്കിൽ അവിടെ ഉള്ള ആഹാരം കഴിച്ച് , ഉറങ്ങി, ഉള്ളതെല്ലാം എടുത്ത് നേരം പുലർന്നിട്ടു പോകാം എന്നു വിചാരിക്കുന്നത് മൗഡ്യമാണ്. നേരം വെളുക്കുമ്പോൾ വീട്ടുകാർ എത്താം,ആളുകൾ കൂടാം, പോലീസ് വന്ന് പിടിക്കപ്പെടുകയും ചെയ്യാം. എന്നാൽ ഇതല്ല ഈ ചൊല്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. നാം എന്തെങ്കിലും അരുതാത്തത് ചെയ്യുന്നെങ്കിൽ ആരും അറിയില്ല എന്നു കരുതി അതു തുടർന്നു മുന്നോട്ടു പോകുന്നത് ആപത്താണ് എന്ന ഉപദേശമാണ് ഈ ചൊല്ലുകൊണ്ട് മനസ്സിലാക്കേണ്ടത്.
7.'കടന്നു കണ്മോൻ കവി '
ചിലർക്ക് ചില കാര്യങ്ങളെ ക്കുറിച്ച് സാധാരണയിൽ
കവിഞ്ഞ അറിവുണ്ട്.മറ്റു ചിലർ ആ കാര്യത്തെക്കുറിച്ച് പല രീതിയിൽ അപഗ്രഥിക്കും. വരും വരായ്കകൾ ചിന്തിക്കും. മറ്റു ചിലർ ആ ഒരു കാര്യത്തെക്കുറിച്ചു തന്നെ കടന്നു ചിന്തിച്ച് ഒരു കഥ കവിത,, ലേഖനം നാടകം ഒക്കെ മെനഞ്ഞെടുക്കും അതാണ് ഭാവന. എന്തിനെക്കുറിച്ചും കടന്നു ചിന്തിക്കുന്നവർക്ക് ഭാവനയുണ്ട്. ഭാവനയുള്ളവരാണല്ലോ കവികൾ
അതാണ് കടന്നു കാണ്മോൻ കവി എന്ന ചൊല്ല് അർത്ഥമാക്കുന്നത്.
8.'കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കു '
നായ അല്ലെങ്കിൽ ശ്വാനൻ, നാടൻ ഭാഷയിൽ പറഞ്ഞാൽ പട്ടി എന്തു കൊടുത്താലും നക്കിയേ കഴിക്കു. പാത്രം നിറയെ വെള്ളം വച്ചു കൊടുത്തിട്ട് മാറി നിന്നു ശ്രദ്ധിക്കുക അത് നാക്ക് നീട്ടി നക്കി നക്കി ആ വെള്ളം കുടിക്കുന്നത് കാണാം. അതിനു അങ്ങനെ മാത്രമേ ശീലമുള്ളു. അതു പോലെയാണ് മനുഷ്യരും. ചെറുപ്പകാലം തൊട്ട് ജീവിച്ചു വളർന്ന ചുറ്റുപാടുകൾ അവർക്ക് പല പാഠങ്ങളും നൽകിയിരിക്കും. അവരുടെ അന്ത്യം വരെ അവർക്ക് അതിൽ നിന്ന് വ്യതിചലിക്കാൻ സാധിക്കുകയില്ല. അഥവാ മന:പ്പൂർവം വ്യതിചലിപ്പിച്ചാൽത്തന്നെ അർദ്ധരാത്രിക്ക് കുടപിടിക്കുന്ന അല്പനെപ്പോലെയാകും.
9.'കടംകൊണ്ട് കടം കൊടുക്കരുത്
ഒരാൾ നമ്മോട് കടം ചോദിച്ചു വന്നാൽ നമ്മുടെ പക്കൽ പണം ഉണ്ടെങ്കിൽ മാത്രമേ കടം കൊടുക്കാവു.മറ്റൊരാളോട് കടം വാങ്ങിയിട്ട് അയാൾക്ക് കൊടുക്കാൻ ശ്രമിക്കരുത്. അങ്ങനെ കൊടുത്താൽ നാം കടം വാങ്ങിയ ആൾക്ക് എപ്പോഴും കടപ്പെട്ടിരിക്കും. ആ ആൾ നിരന്തരം ചോദിക്കുന്ന ആൾ കൂടിയായാൽ നമുക്ക് സ്വസ്ഥതയും സമാധാനവും കിട്ടില്ല.മറ്റേ ആൾ തരുന്നതു വരെ.
അതുകൊണ്ട് കൊടുക്കാൻ കയ്യിൽ ഉണ്ടെങ്കിൽ മാത്രം കടം കൊടുക്കുക.അല്ലാതെ മറ്റൊരാളോട് വാങ്ങിയിട്ട് കടം കൊടുക്കാൻ തുനിയരുത്.
10. 'കടയ്ക്കൽ നനച്ചേ തലയ്ക്കൽ പൊടിക്കൂ '
കടയ്ക്കൽ എന്നാൽ ചെടികളുടെ ചുവട്.നാം ഒരു ചെടിയുടെ തണ്ട് മണ്ണിൽ കുഴിച്ചു
വച്ചിട്ട് രണ്ടു മൂന്നു ദിവസം കഴിഞ്ഞു ചെന്നു നോക്കിയാൽ ആ കമ്പ് ഉണങ്ങിത്തുടങ്ങിയ തായി കാണാം. അതേ സമയം അതു കുഴിച്ചു വച്ച ദിവസം മുതൽ ദിവസവും വെള്ളം ഇറ്റിച്ചു കൊടുത്താൽ കമ്പിന്റ മുകൾ ഭാഗത്തു ചെറിയ കിളിർപ്പ് വന്ന് ഇലകൾ വിരിഞ്ഞു വരുന്നതായി കാണാം.ഏതു സസ്യമാണെങ്കിലും ചുവട്ടിൽ വെള്ളവും വളവും കൊടുത്താൽ മാത്രമേ അതിൽ നിന്ന് ഫലം ലഭിക്കുകയുള്ളു.ഈ ചൊല്ല് മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തി ചിന്തിച്ചാൽ ഇളം പ്രായത്തിൽ നല്ല വാക്കുകൾ കേ ട്ടും സദ് പ്രവർത്തികൾ കണ്ടും വളരുന്ന കുട്ടികൾ വളർന്നു വരുമ്പോൾ ആ രീതിയിലുള്ള ജീവിതം നയിക്കാൻ ഇഷ്ടപ്പെടും. ഇഷ്ടപ്പെടുക മാത്രമല്ല അവരിൽ അനുകമ്പ,സഹജീവികളോടുള്ള സ്നേഹം, കരുതൽ, ദാനധർമ്മ പ്രവണത ഇവയൊക്കെ മുൻപന്തിയിൽ നിൽക്കും. അല്ലാതെ വളർന്നവർ താന്തോന്നികളായി വീടിനും നാടിനും ഉപദ്രവകാരികളായി മാറും.
11.'കണ്ടാലറിയാത്തവൻ കൊണ്ടാലറിയും '
നാം നമ്മുടെ ജീവിതവീഥിയിൽ പല കാര്യങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും മനസ്സിലാക്കാറുണ്ട്, പഠിക്കാറുണ്ട്.ചിലർ ചുറ്റുപാടുകളിൽ നിന്നും പഠിക്കുന്ന കാര്യങ്ങളുടെ ഗുണദോഷങ്ങൾ മനസ്സിലാക്കി ജീവിതത്തിൽ മാറ്റങ്ങൾ വരുത്തും. മറ്റു ചിലർ അതു മനസ്സിലാക്കാനുള്ള കഴിവില്ലാതെ അനുഭവത്തിൽ വരുമ്പോഴേ പഠിക്കു.അപ്പോഴേക്കും അതിന്റ ദോഷഫലങ്ങൾ അനുഭവിച്ചു തീർന്നിരിക്കും. അങ്ങനെ അനുഭവം ഗുരുവായി മാറും. അങ്ങനെയൊന്ന് ജീവിതത്തിൽ വീണ്ടും ആവർത്തിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കും. അങ്ങനെ കണ്ടു മനസ്സിലാക്കാന റിയാത്തവൻ അനുഭവത്താലറി ഞ്ഞ് ജീവിതം ചിട്ടപ്പെടുത്തും. അതാണ് കണ്ടാലറിയാത്തവൻ കൊണ്ടാലറിയും എന്ന ചൊല്ല് നമ്മെ മനസ്സിലാക്കിത്തരുന്നത്.
12. 'കടലിലെ തിര അടങ്ങിയാലും വായിലെ നാക്കടങ്ങില്ല.'
കടലിലെ തിര ഒരിക്കലും അടങ്ങില്ല എന്നാണ് പൊതുവായ അനുഭവം.അഥവാ ആ തിര ഒന്ന് അടങ്ങിയാലും ചിലരുടെ
വായിലെ നാക്കടങ്ങില്ല. പലർക്കും സംസാരം ഒരു ഹരമാണ്.ചില സ്ത്രീകൾ സംസാരം നിർത്തുകയെ ഇല്ല. പ്രത്യേകിച്ച് തമ്മിൽ വഴക്കു കൂടുമ്പോൾ. മറ്റു ചിലർ സംസാരിച്ചു മടുപ്പിക്കും. കൂടെയുള്ളവർക്ക് ഇഷ്ടമാകുമോ
അലോസരം ഉണ്ടാക്കുമോ എന്നൊന്നും അവർ ചിന്തിക്കാറില്ല
ചിലർ കൂടെയുള്ളവർക്ക് സംസാരിക്കാൻ അവസരം കൊടുക്കുകയേയില്ല.അവസരത്തിലും അനവസരത്തിലും ഇവർ ആവശ്യമില്ലാത്ത വിഷയങ്ങൾ എടുത്ത് സംസാരം തുടങ്ങും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കുകയുമില്ല, അഥവാ അഭിപ്രായം പറഞ്ഞാൽ വെറുതെ
ഖണ്ഡിച്ചു രംഗം വഷളാക്കും. ഇങ്ങനെയുള്ള അവസരങ്ങളിൽ അത്തരം ആളുകളെക്കുറിച്ച് പറയുന്നതിങ്ങനെ ആണ്.