Mary Alex ( മണിയ)
1.'ഓങ്ങുന്ന കൈ തലോടുകയും വേണം '
ഇത് വളരെ ചിന്തിപ്പിക്കുന്ന ഒരു ചൊല്ലാണ്. ഓങ്ങുക എന്നു പറഞ്ഞാൽ അടിക്കാൻ കൈ പൊക്കുക,ഒരുങ്ങുക എന്നാണ്. അടിക്കാൻ അവകാശമുള്ളവരേ അടിക്കാൻ ഓങ്ങാൻ പാടുള്ളു. മാതാപിതാക്കൾ,മാതൃ പിതൃ സഹോദരങ്ങൾ ഗുരുഭൂതർ മുതിർന്ന സഹോദരീ സഹോദരങ്ങൾ അങ്ങനെ നമ്മെ ശിക്ഷിക്കാൻ അവകാശമുള്ളവർ അവരാണ്. അങ്ങനെയുള്ളവർ നമ്മെ സ്നേഹിക്കാനും കടപ്പെട്ടവരാണ്. തലോടുന്നത് സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഒരു പ്രത്യക്ഷ ലക്ഷണമാണ്.ഏതു വിഷമാവസ്ഥയിലും നമ്മെ ചേർത്തു പിടിക്കാൻ ആ കരങ്ങൾക്കാവും. നമുക്കും മറ്റുള്ളവരെ ചേർത്തുപിടിക്കാൻ കരങ്ങൾ ഉയരട്ടെ.
2.'ഓന്തു നിറം മാറുന്ന പോലെ.'
ഓന്ത് എന്ന ജീവിയെ നമുക്കെല്ലാവർക്കും അറിയാം. അതിനു ജന്മസിദ്ധമായ ഒരു കഴിവുണ്ട്. പച്ചിലകൾക്കിടയിലാ ണെങ്കിൽ പച്ചനിറം, പാറയുടെ പുറത്താണെങ്കിൽ കറുപ്പ്, സാധാരണ നിലത്താണെങ്കിൽ മണ്ണിന്റെ നിറം, അങ്ങനെ പരിത സ്ഥിതിക്കനുയോജ്യമായ രീതിയിൽ നിറം മാറാൻ അതിനു കഴിയും. ഇത് സ്വരക്ഷക്കായി ഈശ്വരൻ കനിഞ്ഞു നൽകിയ കഴിവാണ്. ഇവിടെ ഓന്തു നിറം മാറുന്നപോലെ എന്നു പറയുന്നത് മനുഷ്യന്റെ മനസ്സിനെ ഉദ്ദേശിച്ചാ ണ്. പലർക്കും ഓന്തിന്റെ സ്വഭാവം ആണ്. ചിലപ്പോൾ സത്യത്തിനു കൂട്ടു നിൽക്കും മറ്റു ചില അവസരങ്ങൾ വരുമ്പോൾ അതേ സത്യത്തിന് എതിരായി കൈ മലർത്തും ' ആ എനിക്കറിയില്ല' എന്ന മട്ട്. അതാണ് ഓന്തു നിറം മാറുന്നപോലെ എന്നതു കൊണ്ടു ദ്ദേശിക്കുന്നത്.അത് നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ താളപ്പിഴകൾ സൃഷ്ടിക്കും. അതുകൊണ്ട് നാം നമ്മുടെ മന:സാക്ഷിയെ സത്യത്തിന് അ നുകൂലമായി ചേർത്തു നിർത്തി ജീവിക്കാൻ പഠിക്കണം.
3.'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ കഞ്ഞി.'
പഴഞ്ചൊല്ലുകൾ പഴമക്കാരുടെ ചൊല്ലുകളാണല്ലോ.ജന്മി കുടിയാൻ കാലത്ത് മുറ്റത്ത് അല്ലെങ്കിൽ പിന്നാമ്പുറത്ത് മണ്ണു മാറ്റിക്കുഴിച്ച കുഴിയിൽ ഇല കോട്ടി വച്ചിട്ട് അതിലാണ് അവർക്ക് കഴിക്കാനുള്ള കഞ്ഞിയോ പുഴുക്കോ വിളമ്പിയിരുന്നത്. ജന്മിയുടെ വീട്ടിൽ എന്തു വിശേഷ മുണ്ടായാലും കോരൻ എന്ന അടിയാന് ഭക്ഷണം അങ്ങനെ തന്നെ.അതാണ് കോരന് കുമ്പിളിൽ കഞ്ഞി എന്ന് പറയാൻ കാരണം.കോരൻ എന്നത് സാധാരണക്കാരൻ എന്ന രീതിയിൽ ചിന്തിക്കുക. നാട്ടിൽ എന്ത് വിശേഷം ഉണ്ടായാലും സാധാരണക്കാരന്റെ ഭക്ഷണം സാധാരണപോലെ തന്നെ. സാധാരണക്കാരന്റെ ജീവിതശൈ ലിക്ക് ഒരു മെച്ചവും ഇല്ല എന്നു സാരം.
4.'ഓലപ്പുരമേലിരുന്നു ചൂട്ടു മിന്നരുത് '
ഓലമേഞ്ഞ പുരയ്ക്ക് മുകളിൽ ഇരുന്ന് ചൂട്ടു കറ്റ മിന്നിച്ചാൽ എന്താവും സ്ഥിതി? ചൂട്ടു കറ്റയിൽ നിന്ന് തീപ്പൊരി പാറി ഓലയ്ക്ക് തീ പിടിക്കും.ഇത് ജീവിതവുമായി ബന്ധപ്പെടുത്തി നോക്കിയാൽ വിഷമസ്ഥിതിയിൽ ഇരിക്കുന്നവരോട് അതു തരണം ചെയ്യേണ്ട വഴി പറഞ്ഞു കൊടുത്ത് സമാധാനിപ്പിക്കു
ന്നതിനു പകരം ആ വിഷമത്തെ ഊതി പെരുപ്പിച്ച് അവരുടെ വിഷമ സ്ഥിതിയെ സങ്കീർണമാക്കരുതെ ന്നു സാരം.
5.'ഓണത്തിനിടയ്ക്കാണോ പുട്ടു കച്ചവടം.'
ഓണം എന്നത് ഒരു ഉത്സവമാണ്. പൂക്കളമിടീലും ഓണക്കോടികൾ വാങ്ങാനുള്ള തിരക്കും തത്രപ്പാടും വിഭവസമൃദ്ധമായ സദ്യവട്ടങ്ങൾ ക്കുള്ള ഒരുക്കങ്ങളും അതിനുള്ള സാധനങ്ങൾ വാങ്ങാനുള്ള നെട്ടോട്ടവും,അത് ഒന്നൊന്നായി തയ്യാറാക്കലും ഒക്കെയായി ആകെ തിരക്കു പിടിച്ച സമയം. പുട്ട് എന്നത് നിസ്സാരമായ ഒരു പ്രാതൽ വിഭവം.ഗൗരവതരമായ ഒരു വലിയ കാര്യത്തിന്നിടയിൽ നിസ്സാരമായ ഒരു കാര്യവുമായി കടന്നു ചെല്ലുന്നത്ഗൗരവതരമായ കാര്യത്തിന്റെ നടത്തിപ്പിന് വളരെ ബുദ്ധിമുട്ടു വരുത്തും.അതാണ് ഓണത്തിനെടേലാണോ പുട്ടു കച്ചവടം എന്ന ചൊല്ല് അന്വർത്ഥമായത്.
6.'ഓടുന്നവനൊരു വഴി തേടുന്നവനൊമ്പതു വഴി.'
ഓടുന്നവൻ ആ ഒരു വഴിയിലൂടെ മാത്രം ഓടിക്കൊണ്ടിരിക്കും. മറ്റു വഴികളൊന്നും അവൻ ശ്രദ്ധിക്കുകയില്ല.എന്നാൽ തേടുന്നവന് പലവഴികളും മുന്നിൽ തെളിഞ്ഞു വരും. ഒരു കാര്യത്തെക്കുറിച്ച് ആലോചിച്ചു തീരുമാനിക്കേണ്ട ആവശ്യം വരുമ്പോൾ ധൃതി കാട്ടിയാൽ ഒരു വഴി മാത്രമേ ആ ആലോചനക്ക് പോംവഴിയായി തോന്നുകയുള്ളു. എന്നാൽ അതേക്കുറിച്ച് വളരെ സാവകാശത്തിൽ പലരോടും ആലോചിച്ച് ഒരു തീരുമാനം എടുത്താൽ ആ തീരുമാനം ഉത്തമം ആയിരിക്കും.
7.'ഓളം നിന്നിട്ട് കടലിലിറങ്ങാമോ?'
കടലിലെ ഓളം ഒന്നു നിന്നിട്ട് കടലിൽ ഇറങ്ങാം എന്നു ചിന്തിക്കുന്നത് ശുദ്ധ മൗഡ്യമാണ്. ഒരിക്കലും അവസാനിക്കാത്ത
താണ് കടലിലെ ഓളം. ഇവിടെ കടൽ എന്നുദ്ദേശിക്കുന്നത് നമ്മുടെ ജീവിതത്തെ ആണ്. ജീവിതം സുഖദു:ഖസമ്മിശ്രമാണ്. എല്ലാ ദു:ഖങ്ങളും ഒതുങ്ങിയിട്ട് ജീവിതം ആരംഭിക്കാം എന്നു ചിന്തിക്കുന്നത് വിഡ്ഢിത്തമാണ്. ജീവിതത്തിൽ ഉണ്ടാകുന്ന ഉയർച്ച താഴ്ചകളെ നേരിടാൻ നാം സന്നദ്ധരാകണം. ചിലതിനോട് പൊരുത്തപ്പെടണം ചിലതിനെ ഒഴിവാക്കണം അല്ലാത്തതിനോട് വിട്ടുവീഴ്ച ചെയ്തു മുന്നോട്ട് ഗമിക്കണം. എങ്കിൽ മാത്രമേ ജീവിതമാകുന്ന ആഴിയിലെ അലകളെ അതിജീവിക്കാൻ സാധിക്കൂ.
8.'ഓടാമ്പലും സാക്ഷയും കൂടി യെന്തിന്.'
പഴയ കാലത്ത് വീടുകളുടെ കതകുകൾക്ക് അകത്തുനിന്നും തുറക്കാവുന്ന രീതിയിൽ തടിക്ക ഷണങ്ങൾ കൊണ്ട് ഒരു കതകു പാളിയിൽ നിന്ന് മറ്റേ കതകു പാളിയിലേക്ക് കയറ്റി വയ്ക്കത്തക്കവിധം സാക്ഷ ഉണ്ടായിരുന്നു. ഒരു തടിക്കക്ഷണം അടുത്ത പാളിയിൽ പിടിപ്പിച്ചിരിക്കുന്ന കഷണത്തിന്റ പൊഴിയിലേക്കും അടുത്തപ്പാളിയിലേത് ഇപ്പുറത്തെ പാളിയുടെ പൊഴിയിലേക്കും കയറ്റി വീടിന്റെ സുരക്ഷ ഭദ്രമാക്കാം. ഓടാമ്പൽ എന്നതും ഇതേ ഉപയോഗം തന്നെ. അത് ഇരു പാളികളിലും കമ്പി കൊണ്ടോ തടി കൊണ്ടോ തീർത്ത ഈരണ്ടു വളയങ്ങളോ പാതി വള യങ്ങളോ ആവാം. നേർക്കു നേരെയുള്ള വളയങ്ങളിൽ ചതുരമോ ഉരുളനോ തടി ഉരുളു കൾ കയറ്റി വച്ച് കതക് ബന്തവസ്താക്കാം. ഇതാണ് ഓടാമ്പൽ.രണ്ടിന്റെയും ഫലം ഒന്നു തന്നെ. അതുകൊണ്ടാണ് ഇങ്ങനെ ഒരു ചൊല്ലു വന്നത്. പഴയ കാലത്ത് വീടുകൾക്ക് മുന്നിൽ ഗേറ്റ് ഉണ്ടായിരുന്നില്ല. നെടുനീളൻ തടിക്കഷണങ്ങളോ ഉരുളുകളോ വച്ച ഓടാമ്പലുകൾ ആയിരുന്നു.
9.'ഓതിയോതി ഒരു മൊല്ലയായി അതു പിന്നെയൊരു സൊല്ലയായി'
ഓതുക എന്നാൽ പഠിക്കുക എന്നാണ്. മുസ്ലിം സമുദായത്തിൽ മതപഠനം നടത്തുന്ന സ്കൂളാണ് ഓത്തു പള്ളിക്കുടം. പഠിച്ചു പഠിച്ച് ഒരു അദ്ധ്യാപകനായി.അതായത് മൊല്ല, പ്രായമായവരെ മൊല്ലാക്ക എന്നു പറയും. മൊല്ലമാർക്ക് ചെറിയ ചെറിയ പണികൾ മദ്രസയിലും (ഓത്തുപള്ളിക്കുടം) മസ്ജിദിലും (മുസ്ലീംദേവാലയം) ചെയ്യേണ്ടതായി വരും.സമയാ സമയങ്ങളിൽ വാങ്കു വിളിക്കുക, സ്കൂളും പള്ളിയും പരിസരങ്ങളും വൃത്തിയാക്കുക തുടങ്ങി മൊല്ലാക്കയോ ഉസ്താദോ (പള്ളിയുടെ അധികാരി) പറയുന്ന പണികൾ വേറെയും ചെയ്യേണ്ടി വരും. ആ ബുദ്ധിമുട്ടുകൾ ആണ് ഇങ്ങനെയൊരു ചൊല്ലുണ്ടാവാൻ നിദാനം.അദ്ധ്യാപകവൃത്തി ഒരു ബുദ്ധിമുട്ടായി മാറുന്നു എന്നു സാരം. സൊല്ല എന്ന വാക്ക് ചിലയിടങ്ങളിൽ തൊല്ല എന്നും അറിയപ്പെടുന്നു.
10.'ഓണം കേറാ മൂല.'
ചില ദേശങ്ങളെക്കുറിച്ച് പറയുമ്പോൾ ഈ ഒരു ചൊല്ല് പ്രയോഗിക്കാറുണ്ട്. 'അതോ ! അതൊരു ഓണം കേറാ മൂലയാണെന്നു'. ഓണം എന്നത് ഏറ്റവും വിശേഷപ്പെട്ട ദിവസം, സമ്പൽ സമൃദ്ധിയും ആഹ്ലാദവും
നിറഞ്ഞ ദിവസം.അത് മറ്റുള്ളവർക്കും പങ്കു വയ്ക്കുന്ന ദിവസം.ചില കുഗ്രാമങ്ങളിൽ വാഹനസൗകര്യത്തിന് റോഡ്, വെളിച്ചത്തിന് ഇലക്ട്രിസിറ്റി,കുടിക്കാനുള്ള വെള്ളത്തിന് പൈപ്പ് തുടങ്ങി മനുഷ്യന്റെ അത്യാവശ്യകാര്യ നിർവഹണമായ മലമൂത്ര വിസർജ്ജനത്തിനു പോലും സൗകര്യമില്ലാത്ത ഇടങ്ങളുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളെ ഈ ചൊല്ലുകൊണ്ട്
വിശേഷിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് കല്യാണാലോചനയുടെ അവസരങ്ങൾ വരുമ്പോൾ.
11.'ഓടി അമ്പത് സമ്പാദിക്കുന്ന തിലും ഇരുന്നൊമ്പത് സമ്പാദിക്കുന്നത്.'
പലതിനായി ഓടി നടന്ന് അമ്പതു സമ്പാദിക്കുന്നതിലും നല്ലത് എവിടെയെങ്കിലും ഒരിടത്തിരുന്ന് ഒമ്പതു സമ്പാദിക്കുന്നത് മെച്ചം എന്നാണ് പഴഞ്ചൊല്ല്. ശരിയാണ് ഒന്നാമത് ഓടി നടക്കുന്നത് അലച്ചിൽ. പിന്നെ പലയിടങ്ങളിൽ പോകാനുള്ള പണചിലവ്. ആ യാത്രയുടെയും ഇടയ്ക്കുള്ള ആഹാരത്തിന്റെയും താമസ ത്തിന്റെയും പണച്ചിലവുകൾ ഓർത്താൽ സ്വസ്ഥമായിരുന്ന് കിട്ടുന്ന ഒമ്പതല്ലേ നല്ലത്. അതുകൊണ്ട് പണമുണ്ടാക്കാ നുള്ള വെപ്രാളം ഒഴിവാക്കി കിട്ടുന്നതുകൊണ്ട് ജീവിക്കാൻ പരിശീലിച്ചാൽ സ്വസ്ഥതയും സമാധാനവും കൈവരിക്കാം എന്നു സാരം.
12.'ഓളം കണ്ടതെല്ലാം മീനല്ല.'
മീൻ പിടിക്കാനായി ചൂണ്ടയിൽ
ഇര കൊളുത്തി വെള്ളത്തിലേക്ക് നോക്കിയിരിക്കും വെള്ളത്തിൽ ഇളക്കം ഉണ്ടോ എന്നറിയാൻ. അങ്ങനെ ഇളക്കം കാണുമ്പോൾ അവിടെ മീനാണ് ഇളകുന്നതെന്നു
കരുതി ചൂണ്ട ഇട്ട് കാത്തിരിക്കും. ചൂണ്ട വലിക്കുമ്പോൾ ഒന്നും കാണുകയുമില്ല. ചൂണ്ടയിട്ടിട്ട് മീൻ അതു കൊത്തി വലിക്കുമ്പോഴും ഇളക്കമുണ്ടാകും പക്ഷെ മീൻ കിട്ടിയെന്നു വരികയില്ല. ജീവിതത്തിലും അങ്ങനെയാണ് പല കാര്യങ്ങളും ഫലവത്താകും എന്ന പ്രതീക്ഷ നൽകുന്ന ഉപദേശങ്ങളും സമീപനങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാവും. പക്ഷെ ഒന്നും നടക്കില്ല. എന്നാൽ ഓർക്കാപ്പുറത്ത് ഒരു ലക്ഷണമോ പ്രത്യാശയോ നൽകാതെ അക്കാര്യം സംഭവിക്കുകയും ചെയ്യും.അതാണ് ദൈവം കൊണ്ടെത്തിക്കുന്ന നന്മകൾ. അതിനായി നമുക്ക് കാക്കാം.