ഒടുവിലത്തെ കത്ത് : കവിത , സന്ധ്യ 

Oct 25, 2026 - 19:57
 0  4
ഒടുവിലത്തെ കത്ത് :  കവിത , സന്ധ്യ 
എത്രയും സ്നേഹം
നിറഞ്ഞ അഞ്ചൽപെട്ടി,
നിനക്ക് സുഖമെന്ന്
കരുതുവാൻ, ഇന്ന് കാരണമേതുമില്ല.
തെരുവിൽ, തുരുമ്പിച്ച് 
തനിച്ചു നിൽക്കുന്നു നീ.
നിന്നരികിലായൊരു 
കാല്പെരുമാറ്റമെങ്കിലും 
കാതോർത്തിരുന്നുവോ?
നിന്റെ നെഞ്ചിൽ വീണു 
നീറുമാ അവസാനത്തെ 
കത്ത് ആരുടേതാവും ?
ആ കത്തിലെ കനൽ,
മറ്റൊരു നെഞ്ചിലെ തീ,
ആളിക്കത്തിക്കുവാനോ?
മേൽവിലാസം തെറ്റിപ്പോയ 
ആ അവസാന സന്ദേശം,
ഒരു യാത്രാമൊഴിയോ?
ജീവന്റെ വിലയുള്ള 
കയ്പേറിയ ഒരു സത്യം?
മധുരം പൊതിഞ്ഞ നുണ?
അവകാശി വേർപെട്ടു 
പോയ സ്നേഹത്തിന്റെ 
അനാഥമായ ഒസ്യത്ത്? 
വിയർപ്പു തുള്ളികളുടെ, 
ഉപ്പുരുചിയുള്ള ജീവിതം,
പകർത്തിയ കുറിമാനം?
നെടുവീർപ്പിൽ ബാഷ്പമായ
വാക്കുകൾ, ദ്രവിച്ച ലോഹ-
ഭിത്തിയിൽ തട്ടി ചിലമ്പുന്നു.
സ്വപ്നങ്ങളുടെ ഭാണ്ഡവും 
കാത്തിരിപ്പിന്റെ ഭാരവും
ഇറക്കിവെച്ച ചുമടുതാങ്ങി,
അക്ഷരങ്ങൾ നഷ്ടപ്പെട്ട
ഭാഷയുടെ അടയാളമായ
ഒരു ചുവന്ന ഇമോജി നീ.
പാതി മാഞ്ഞുപോയ 
ഭൂപടം പോലെ,കാലം
മറന്നിട്ട തപാൽപെട്ടീ,
നിനക്ക് സുഖമാണോ?