യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: തുടർച്ചയായ നിയമലംഘനങ്ങളുടെ പേരില്‍ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്.

എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടേതാണ് നടപടി.സഞ്ജുടെക്കി നടത്തിയ നിയമലംഘനങ്ങള്‍ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. ഇവർ സഞ്ജുടെക്കിയുടെ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോർവാഹന വകുപ്പ് സഞ്ജു ടെക്കിയില്‍ നിന്നും വിശദീകരണം തേടി. എന്നാല്‍, നിയമം അറിയാത്തതിനാലാണ് തനിക്ക് ഇത്തരം തെറ്റുകള്‍ പറ്റിയതെന്നായിരുന്നു സഞ്ജുവിന്റെ വിശദീകരണം. എന്നാല്‍ സഞ്ജുവിന്റെ വിശദീകരണം തൃപ്തികരമല്ലാത്തിനാലാണ് ലൈസൻസ് റദ്ദാക്കുന്നതെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അറിയിച്ചു.

നേരത്തെ കാറിനുള്ളില്‍ സ്വിമ്മിങ് പൂളൊരുക്കിയുള്ള സഞ്ജു ടെക്കിയുടെ യാത്ര വിവാദത്തിലായിരുന്നു. തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഇതില്‍ കേസെടുക്കുകയും വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും തീരുമാനിച്ചിരുന്നു. ഹൈകോടതിയും വിഷയത്തില്‍ ഇടപ്പെട്ടിരുന്നു.

മോട്ടോർ വാഹന വകുപ്പിന്റെ നടപടികളെ പരിഹസിച്ച്‌ വിഡിയോ ഇട്ടതോടെയാണ്  വിഷയത്തില്‍ ഹൈകോടതി ഇടപെടലുണ്ടായത്. സഞ്ജുടെക്കിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും യൂട്യൂബ് വ്ലോഗറുടെ ഭാഗത്ത് നിന്നും ഭീഷണിയുണ്ടായാല്‍ അറിയിക്കണമെന്നുമായിരുന്നു ഹൈകോടതി മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് നല്‍കിയ നിർദേശം.