അറുപതാം വയസ്സില്‍ മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് കിരീടം ചൂടി അലക്‌സാന്‍ഡ്ര

അറുപതാം വയസ്സില്‍ മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് കിരീടം ചൂടി അലക്‌സാന്‍ഡ്ര

സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് മേല്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് അലക്സാന്‍ഡ്ര റോഡ്രിഗസ് എന്ന അറുപതുകാരി.

മിസ് യൂണിവേഴ്‌സ് ബ്യൂണസ് ഐറിസ് കിരീടം ചൂടിയാണ് അലക്സാന്‍ഡ്ര റോഡ്രിഗസ് അത്തരമൊരു ചരിത്രവിജയം കൈവരിച്ചത്. സൗന്ദര്യ പട്ടം ചെറുപ്പക്കാര്‍ക്ക് മാത്രം അണിയാനുള്ളതാണെന്ന സങ്കല്‍പ്പങ്ങളെ തച്ചുടച്ചുകൊണ്ടാണ് മുന്‍നിരയിലേക്ക് അഭിഭാഷകയും മാധ്യമപ്രവര്‍ത്തകയും കൂടിയായ അലക്‌സാന്‍ഡ്ര എത്തുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു അറുപതുകാരി കിരീടം നേടുന്നത്.

മേയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് അര്‍ജന്റീന മത്സരത്തില്‍ ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നത് അലക്‌സാന്ദ്രയാകും. അതില്‍ വിജയിച്ചാല്‍ മെക്‌സിക്കോയില്‍ സെപ്റ്റംബര്‍ 28ന് നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ അര്‍ജന്റീനയെ പ്രതിനിധീകരിക്കുന്നതും ഈ അറുപതുകാരിയായിരിക്കും.

‘ശാരീരികമായ അളവുകള്‍ മാത്രമല്ല സൗന്ദര്യം എന്നതിന്റെ ഉദാഹരണമാണ് എന്റെ വിജയം. പുതിയൊരു തുടക്കം കുറിക്കാനായതില്‍ എനിക്ക് സന്തോഷമുണ്ട്. ബ്യൂണസ് ഐറിസിനെ പ്രതിനിധീകരിക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ്’, അലക്‌സാന്ദ്ര പറയുന്നു.

‘എന്‍റെ തലമുറയിലെ സ്ത്രീകളെ പ്രതിനിധീകരിക്കുന്നതിന് വേണ്ടിയുളള എന്‍റെ ആത്മവിശ്വാസവും അഭിനിവേശവും വിധികർത്താക്കള്‍ മനസിലാക്കിയെന്ന് കരുതുന്നു. മിസ് യൂണിവേഴ്സ് അർജന്‍റീന 2024 കിരീടത്തിനു വേണ്ടി മല്‍സരിക്കാനും ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്’ എന്നും അലക്സാന്‍ഡ്ര കൂട്ടിച്ചേര്‍ത്തു. മിസ് അർജന്‍റീന’ കിരീടത്തിന് വേണ്ടി മത്സരിക്കുന്ന അലക്സാന്‍ഡ്രയ്‌ക്ക് ഇപ്പോള്‍ തന്നെ നിരവധി ആരാധകരുണ്ട്. ഇതെല്ലാം തന്‍റെ മിസ് യൂണിവേഴ്സ് മത്സരത്തിനുള്ള പ്രവേശനത്തിന് വളരെയധികം സഹായകമാകും എന്നാണ് വിശ്വാസമെന്നും അലക്സാന്‍ഡ്ര പറയുന്നു.