വിശ്വാസ്യത നഷ്ടപ്പെട്ട് നീറ്റും നെറ്റും : പ്രതിഷേധം കത്തുന്നു 

വിശ്വാസ്യത നഷ്ടപ്പെട്ട് നീറ്റും നെറ്റും : പ്രതിഷേധം കത്തുന്നു 

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന വാര്‍ത്തകളാണ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട്   പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അനധികൃത മാര്‍ക്ക് ദാനവും ചോദ്യപേപ്പര്‍ ചോര്‍ച്ചയും മെഡിക്കൽ ബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷയായ നീറ്റിനെ സംശയ  നിഴലിലാക്കിയതിനു പിന്നാലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ  തുടര്‍ന്ന് യു ജി സി-നെറ്റ് (നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ റദ്ദാക്കേണ്ടിയും  വന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ബാധിക്കുന്ന   പരീക്ഷകൾ  കുറ്റമറ്റ രീതിയിൽ നടത്താൻ ദേശീയ ടെസ്റ്റിങ് ഏജൻസി (എന്‍ടിഎ)യ്ക്കു കഴിയുന്നില്ലെന്നതു വലിയ വീഴ്ച തന്നെയാണ്.  

ജൂൺ 25-27 തീയതികളില്‍ നടക്കേണ്ടിയിരുന്ന സി ആര്‍ എസ് ഐ നെറ്റ് പരീക്ഷയും ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയിരിക്കുന്നു. ഈ ചോദ്യപേപ്പറും ഡാര്‍ക് വെബില്‍ വില്‍പ്പനക്കു വെച്ചതായി കണ്ടെത്തിയിട്ടുണ്ട്.

 1200ൽ ഏറെ പരീക്ഷാ കേന്ദ്രങ്ങളിലായി 11 ലക്ഷത്തിലേറെ പേർ എഴുതിയ പരീക്ഷയാണ്  റദ്ദാക്കേണ്ടിവന്നിരിക്കുന്നത്. ഇനിയെന്ന്  പരീക്ഷ നടത്തുമെന്നു പ്രഖ്യാപിച്ചിട്ടില്ല. 

പരീക്ഷാ അവലോകന സമിതി  റിപോര്‍ട്ടില്‍ പറയുന്നത് മെയ് അഞ്ചിലെ നീറ്റ് പരീക്ഷാ നടത്തിപ്പില്‍ സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചതായി തന്നെയാണ്  . പരീക്ഷാ കേന്ദ്രങ്ങളില്‍ ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമുകള്‍ക്ക് സുരക്ഷയുണ്ടായിരുന്നില്ല .പരീക്ഷാഹാളില്‍ രണ്ട് വീതം സി സി ടി വി ക്യാമറകളെങ്കിലും ഉണ്ടായിരിക്കണം , ക്യാമറാ ദൃശ്യങ്ങള്‍ എന്‍ ടി എ ആസ്ഥാനത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറി  വിദഗ്ധ സംഘം   നിരീക്ഷിക്കണം എന്നൊക്കെയാണ് ചട്ടമെന്നിരിക്കെ പരീക്ഷാ സെന്ററുകളിൽ പലയിടത്തും  സി സി ടി വി ക്യാമറകള്‍ ഉണ്ടായിരുന്നില്ലന്നാണ് കണ്ടെത്തിയത് . അവലോകന സമിതി റിപോര്‍ട്ട് തയ്യാറാക്കുന്നതിനായി രാജ്യത്തെ 399 പരീക്ഷാ കേന്ദ്രങ്ങൾ  സന്ദര്‍ശിച്ചിരുന്നു.  

ബിഹാര്‍ പോലീസ്  അന്വേഷണത്തില്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ചിട്ടുണ്ട് . അഞ്ചാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ തനിക്കു ലഭിച്ചതായി ബിഹാര്‍ സ്വദേശി അനുരാഗ് യാദവ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു . നാല്  വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഇടനിലക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. തലേദിവസം തന്നെ ചോദ്യപേപ്പർ ചോർത്തിക്കൊടുത്തുവെന്ന് കേസിൽ പിടിക്കപ്പെട്ട മുഖ്യസൂത്രധാരനും സമ്മതിച്ചിട്ടുണ്ട്. ചോദ്യപേപ്പർ ആവശ്യമുള്ളവരിൽ നിന്നും 30-32 ലക്ഷം രൂപ വീതം  വാങ്ങിയെന്നും  ഇയാൾ പറയുന്നുണ്ട്. ചോദ്യപേപ്പർ കൈമാറിയവർക്കു നൽകിയ ചെക്ക് ലീഫുകൾ കണ്ടെടുത്തതായും പൊലീസ് പറയുന്നു. കുറ്റവാളികളുടെ ഈ വെളിപ്പെടുത്തലുകൾ രാജ്യമൊട്ടാകെ നീറ്റ് പരീക്ഷയെഴുതിയ ഇരുപതു ലക്ഷത്തിലേറെ വിദ്യാർഥികളിൽ ഉണ്ടാക്കുന്ന  നിരാശ എത്രയെന്ന്  ഊഹിക്കാവുന്നതേയുള്ളൂ.  

രാജ്യത്തെ വിദ്യാഭ്യാസ സംവിധാനമാകെ ആശങ്കയിൽ തുടരുമ്പോഴും  സംഭവത്തെ നിസാരവത്കരിക്കാനാണ് ബിജെപിയുടെ വിദ്യാഭ്യാസ മന്ത്രി ശ്രമിക്കുന്നത്.  ബിഹാറിലെ നീറ്റ്- യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച ഒറ്റപ്പെട്ടതാണെന്നും നീറ്റ് പരീക്ഷ തല്‍ക്കാലം റദ്ദാക്കുന്നില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറയുന്നത് വിദ്യാർത്ഥികളുടെ ആശങ്ക വർധിപ്പിക്കുകയാണ് .തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത മോദി സര്‍ക്കാരിന് ഒരു പരീക്ഷ പോലും നേരാംവണ്ണം  നടത്താന്‍ കഴിയുന്നില്ലെന്ന കോണ്‍ഗ്രസ് – തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശനം  ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുന്നു.

മോദി സര്‍ക്കാറിനെയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനെയും പ്രതിക്കൂട്ടിലാക്കുന്നതാണ് കേന്ദ്ര പരീക്ഷകളുടെ നടത്തിപ്പിലെ ക്രമക്കേടിന്റെ വാർത്തകൾ . ദേശീയ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷകളുടെ വിശ്വാസ്യത നൂറു ശതമാനവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പരീക്ഷകള്‍ വിറ്റുകാശാക്കുന്ന മാഫിയകളുടെ പിടിയിലാണ് ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയെന്നത് രാജ്യത്തിനു തന്നെ നാണക്കേടാണ്. വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച്   പരീക്ഷ എഴുതിയ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ ഭാവിയില്‍ ആശങ്ക പരത്തുന്ന ഇത്തരം  സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു  .