ആദിതാളം: കവിത , അഡ്വ. സുബൈദ ലത്തീഫ്

ആദിതാളം: കവിത , അഡ്വ. സുബൈദ ലത്തീഫ്
രാരീരംപാടിയുറക്കാനായമ്മ
വാരിയെടുത്തുതൻ പൊൻമുത്തിനെ..
പൈതലിൻകൊഞ്ചലി-
'ലിങ്കെ'ന്ന്കേട്ടപ്പോൾ 
പൈന്തെന്നൽപോലവൾ ചഞ്ചലയായ്.
കുഞ്ഞിളംചുണ്ടുകൾ മെല്ലേ വിടർന്നു
കുഞ്ഞിക്കൈവിരലു കളുണ്ടുപൈതൽ.
നെഞ്ചിൽ ചുരുത്തുന്ന സ്നേഹാമൃതത്തിനായ്
തഞ്ചത്തിൽകുഞ്ഞിക്കൈ താളമിട്ടു...
ആദ്യമായി നിറഞ്ഞമ്മതൻമനം ആദിതാളത്തിലൊരു താരാട്ടുമായ് 
ലഘു,ധൃതം ചേർന്നൊരാദിതാളം.
'ചതുരശ്രജാതിത്രിപുടതാളം'..
ജീവാംശമാമവൾതൻ ഹൃദയ താളം.
ജീവനസ്സംഗീത  താളക്രമം.
കുഞ്ഞിച്ചിരിയും കൊഞ്ചൽ മൊഴികളും 
'സ്വരജതി'തൻ 'വർണ്ണങ്ങൾ പാടുന്നതുപോൽ.
താളലയങ്ങൾ തോൽക്കുമംഗചലനങ്ങൾ        
നിറയ്ക്കുന്നാത്മഹർഷത്തിൻ നിർവൃതികൾ.