കര്‍ണാടക മുൻ മുഖ്യമന്ത്രി യദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കര്‍ണാടക മുൻ മുഖ്യമന്ത്രി യദ്യൂരപ്പയ്ക്കെതിരെ പോക്സോ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ബെംഗളൂരു: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമണ കേസില്‍ കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്.യെദ്യൂരപ്പക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

ഈ വർഷം മാർച്ചില്‍ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കർണാടക പൊലീസിന്റെ ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ഈ വർഷം ഫെബ്രുവരി രണ്ടിന് തൻ്റെ വസതിയില്‍ വെച്ച്‌ നടന്ന കൂടിക്കാഴ്ചയ്ക്കിടെ മകളെ പീഡിപ്പിച്ചെന്ന 17 കാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യെദ്യൂരപ്പയ്ക്കെതിരെ കേസെടുത്തത്. ഐപിസി സെക്ഷൻ 354 എ (ലൈംഗിക പീഡനം) പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറഞ്ഞത് 3 വർഷം വരെ തടവും, 5 വർഷം വരെ തടവ് നീട്ടാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

മാർച്ച്‌ 14ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ആരോപിച്ച്‌ പെണ്‍കുട്ടിയുടെ സഹോദരൻ കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഇതേ തുടർന്ന് മാർച്ചില്‍ സദാശിവനഗർ പൊലീസ് രജിസ്റ്റർ ചെയ്തത കേസ്, കൂടുതല്‍ അന്വേഷണത്തിനായി സിഐഡിക്ക് കൈമാറിക്കൊണ്ട് കർണാടക പൊലീസ് ഡയറക്ടർ ജനറല്‍ അലോക് മോഹൻ ഉത്തരവിട്ടു.

ഇപ്പോള്‍, കർണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് ഒരു ദിവസം മുമ്ബാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജൂണ്‍ 14ന് നടന്ന അവസാന വാദം കേള്‍ക്കലില്‍, യദ്യൂരപ്പയ്ക്കെതിരെ നിർബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്ന് സിഐഡിയോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

കുറ്റപത്രം സമർപ്പിച്ചതോടെ ബെംഗളൂരുവിലെ പ്രത്യേക പോക്‌സോ കോടതിയില്‍ യെദ്യൂരപ്പ വിചാരണ നേരിടും.