പറയരുതാരോടും : കവിത , ഡോ. ജേക്കബ് സാംസൺ 

പറയരുതാരോടും :  കവിത , ഡോ. ജേക്കബ് സാംസൺ 
ഇന്ന് ഞാൻ 
വിരമിക്കുകയാണ്
നാളെ മുതൽ 
വരില്ലിവിടൊന്നിനും
എങ്കിലും 
യാത്രയയപ്പുവേണ്ട
ചടങ്ങുവേണ്ട 
 സല്കാരങ്ങളും വേണ്ട,
 പതിവുരീതിയിൽ 
വീട്ടിൽ കൊണ്ടു
വിടരുതാരുമെന്നെ 
വന്നതുപോല
പൊയ്ക്കൊള്ളാം ഞാൻ
പിണക്കമാരോടുമില്ല 
സ്നേഹമേയുള്ളൂ 
നിങ്ങൾ പറയാനിരിക്കുന്ന 
വാക്കുകൾ
മനസ്സുകൊണ്ടു കേൾക്കുന്നു 
നന്ദി പറയുന്നു ഞാൻ
ഹൃദയപൂർവ്വം.
ഒരപേക്ഷ
മാത്രമേയുള്ളൂ
ആരോടും പറയരുത്
പെൻഷനായ കാര്യം മാത്രം.
അറിഞ്ഞാലുടൻ 
പലചരക്ക് കടയിലെ
പറ്റുവരവ് നിന്നുപോകും
പാലും പത്രവും തരില്ല വീട്ടിൽ
  
അറിഞ്ഞാൽ
വീട്ടുടമസ്ഥൻ
വീടുമാറാൻ 
ഉടനേ കടുപ്പിക്കും 
നാളെ മുതൽ  
വീട്ടുവേലയിൽ
ഇറക്കും ഭാര്യ.
അതുകൊണ്ടാരു
മറിയാതെ നോക്കണം
ആനുകൂല്യങ്ങൾ 
കയ്യിലെത്തുവോളമെങ്കിലും
 
നാളെയും വീട്ടിൽ നിന്നൂം 
 പതിവുപോലിറങ്ങും ഞാൻ
വായനശാലയിൽ ചെന്നിരിക്കും
വൈകിട്ട് പതിവ് നേരത്ത് 
തിരിച്ചുപോകും വീട്ടിൽ
നിങ്ങളോടൊന്നും
മറയ്ക്കാനില്ലെനിക്ക്
സഹായിക്കണം
നാളെ നിങ്ങളും 
പെൻഷനാകാ
നുള്ളവരതല്ലയോ