'പഴഞ്ചൊല്ലുകൾ ' ഒരു പഠനം  Mary Alex ( മണിയ )

Jun 23, 2024 - 18:12
 0  121
'പഴഞ്ചൊല്ലുകൾ ' ഒരു പഠനം  Mary Alex ( മണിയ )
ഴഞ്ചൊല്ലിൽ പതിരില്ല എന്നു കേട്ടിട്ടുണ്ട്. എന്നാൽ പതിരുണ്ടോ എന്ന് ഒന്നു പരിശോധിച്ചു നോക്കിയാലോ .
'അ '
1'അങ്കോം കാണാം താളീം ഒടിക്കാം.'
പഴയകാലം സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പാടില്ല പരപുരുഷന്മാരുടെ മുന്നിൽ ചെല്ലാൻ പാടില്ല.
കുളിക്കാനും നനക്കാനുമുള്ള സോപ്പ് കണ്ടുപിടിക്കാത്ത കാലം, സോപ്പെന്നല്ല ഒന്നും തന്നെ. സോപ്പിന് പകരം താളി. ചെമ്പരത്തി നല്ലൊരു താളിയാണ്.
പറമ്പിന്റെ അതിരിൽ  നിൽപ്പുണ്ട്. അതിരിനപ്പുറത്തു കളരിയാണ്. ആയോധന മുറകൾ അഭ്യസിപ്പിക്കുന്ന കളരി. അവിടെ അരോഗധൃഡഗാത്രരായ പുരുഷന്മാർ അങ്കം വെട്ടുന്നു. താളി പറിക്കാനായി അതിരിൽ ചെന്നാൽ അങ്കം കാണുകയും താളി ഒടിക്കുകയും ചെയ്യാം. ഒരു കാര്യത്തിന് പോകുമ്പോൾ മറ്റൊരു കാര്യവും കൂടി നടത്തുന്നത് രണ്ടു പോക്ക് ഒഴിവാക്കാം സമയവും ലാഭം.അതാണ് ഈ ചൊല്ല് നമുക്ക് മനസ്സിലാക്കി തരുന്നത്.
2 'അണ്ണാൻ ആനയോളം വാ പൊളിക്കരുത് '
അണ്ണാൻ ഒരു കൊച്ചു ജീവി.ആ നയാണെങ്കിൽ നല്ല വലുപ്പമുള്ള
മൃഗം. മൃഗങ്ങളിൽ വലിയവൻ. അവനവന്റെ ആസ്തിക്ക നുസരിച്ചേ എന്തും ആഗ്രഹിക്കാവു, പ്രതീക്ഷിക്കാവു എന്നർത്ഥം.
3.'അക്കരെ നിക്കുമ്പം ഇക്കരെ പച്ച,ഇക്കരെ നിക്കുമ്പം അക്കരെ പച്ച '
   ഒരിടത്തു നിൽക്കുമ്പോൾ മറ്റൊരിടം മെച്ചമായി തോന്നുന്ന അവസ്ഥ. ഒരു ജോലിയിൽ പ്രവേശിക്കുമ്പോൾ മറ്റൊന്നാണ് നന്നെന്നു തോന്നി അതിലേക്കു കയറുക. അവിടെ ചേർന്നു കഴിയുമ്പോൾ പഴയതാണ് നന്നെന്നു തോന്നി വിഷമിക്കുക. ചഞ്ചലപ്പെട്ട മനസ്സിന്റെ ഉടമകൾക്കാണ് ഈ അവസ്ഥ സംഭവിക്കുന്നത്.ഒരിടത്തും, ഒന്നിലും ഉറച്ചു നിൽക്കാത്ത അവസ്ഥ.
4.' അൽപ്പനയ്ശ്വര്യം വന്നാൽ അർദ്ധരാത്രിക്കും കുടപിടിക്കും '
  ജന്മി കുടിയാൻ സമ്പ്രദായം നില നിന്നിരുന്ന കാലത്ത് ജന്മിയ്ക്കു  കാര്യസ്ത്യൻ   കുട ചൂടിച്ചും ,വെറ്റില ചെല്ലവും കോളമ്പിയുമായി കുടിയാനും പിന്നാലേ നടന്നിരുന്നു. ആ കുടിയാന് പെട്ടെന്ന് ഒരു നിധി കിട്ടിയെന്നു വയ്ക്കുക. അപ്പോൾ അയാളുടെ ഭാവവും ജീവിതശൈ ലിയും പെട്ടെന്ന് മാറും. അപ്പോൾ ജന്മിയെക്കാൾ കേമനാണെന്നു കാണിക്കാൻ വേണ്ടതും വേണ്ടാത്തതും വാങ്ങിക്കൂട്ടും. കുറേ ശിങ്കിടികളെയും ഒപ്പം ചേർക്കും.അർദ്ധരാത്രി കുറ്റാ ക്കുറ്റിരുട്ടാണ്. ആ ഇരുട്ടിൽ കറുത്ത ശീലക്കുട പിടിച്ചാൽ ആരറിയാനാണ്?എന്നാലും ഗമ കാണിക്കാൻ പിടിക്കണം എന്ന നിർബന്ധം.
5.    'അട്ടെ പിടിച്ചു മെത്തേൽ കിടത്തിയാൽ കിടക്കുമോ?'
അട്ട ഏതു പ്രദലത്തിലും ഇഴഞ്ഞു നീങ്ങുന്ന പ്രകൃതമാണ്. അതുപോലെയാണ്‌ ചില മനുഷ്യർ. പഠിച്ചതെ പാടു എന്നു പറഞ്ഞ പോലെ.വളർന്നു വന്ന ജീവിതശൈലിയിൽ നിന്നും ഒരു മാറ്റവും വരുത്തുകയില്ല.എത്ര സമ്പത്തുണ്ടായാലും പണ്ട് ഇല്ലായ്മയിൽ ജീവിച്ച ആ രീതി തന്നെ പിന്നെയും.
6.'അണ്ണാൻ കുഞ്ഞും തന്നാലായത് '
   അണ്ണാൻ ഒരു ചെറു ജീവിയാണ്. അത് ചെറുസാധനങ്ങൾ കയ്യിൽ പിടിച്ചു തിന്നുന്നതും കൂട്ടിൽ കൊണ്ടു ചെന്നു വയ്ക്കുന്നതും ഒക്കെ നമുക്കു സുപരിചിതം  അതുപോലെ സമ്പത്തിലായാലും പ്രായത്തിലായാലും പഠനത്തിൽ ആയാലും കഴിവിലായാലും ഔ ദ്യോഗിക തലത്തിലായാലും എത്ര ചെറുതാണെങ്കിലും അവനവനു ചെയ്യാവുന്ന ജോലികൾ സ്വയം  ചെയ്യണം.അതു മാത്രമല്ല അവനവനാൽ കഴിയുന്നത്ര സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുകയും വേണം 
 7.'അടി തെറ്റിയാൽ ആനയും വീഴും '
ആന ഒരു വലിയ മൃഗമാണ്. ശക്തിമാനും. നാം പത്രത്തിൽ വായിച്ചിട്ടില്ലേ ആന കുഴിയിൽ വീണു,കിണറ്റിൽ വീണു എന്നൊക്കെ. എടുത്തു വയ്ക്കുന്ന ചുവട് മതിലില്ലാത്ത കിണറ്റിലേക്കാണെങ്കിൽ,അഥവാ കുഴിയിലേക്കാണെങ്കിൽ ആന യാണെങ്കിലും വീണുപോകും. എന്തു പ്രവർത്തിയും തുടക്കം പിഴച്ചാൽ വിജയിക്കില്ല എന്നു സാരം. അത് എത്രമാത്രം അറിവും സമ്പത്തും ഔന്നത്യവും ശ്രേഷ്ടതയും മാന്യതയും ഒക്കെ ഉള്ളവരാണെങ്കിലും അതാണനു ഭവം.
8.'അര നനഞ്ഞാൽ കുളിരില്ല '
  ശരീരം നന്നായി കുളിരണമെ ങ്കിൽ വെള്ളത്തിൽ പൂർണമായും ഇറങ്ങണം. അതായത് തുടങ്ങണമോ വേണ്ടയോ എന്ന് ശങ്കിച്ച് ഒരു പ്രസ്ഥാനം ആ രംഭിക്കുന്നവർക്ക് ചിലപ്പോൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരും അപ്പോൾ ഫലപ്രാപ്തി ലഭിക്കുകയില്ല. ഫലം ലഭിക്കണമെന്ന ഉറച്ചമനസ്സോടെ എന്തും ആരംഭിച്ചാൽ അത് പൂർണതയിൽ എത്തും ഫലം കിട്ടുകയും ചെയ്യും.
9.'അന്തിയോളം വെള്ളം ചുമന്നു അന്തിക്ക് കലമുടച്ചു '
 പകൽ മുഴുവൻ അധ്വാനിച്ചിട്ടും അതിന്റെ ഫലം കിട്ടാതെ വരിക അതാണ് ഈ പഴഞ്ചൊല്ലുകൊണ്ട് 
അർത്ഥമാക്കുന്നത്.അതായത് എന്തെങ്കിലും ഒരു കാര്യം/ജോലി/ സംരംഭം/ തുടങ്ങി കഷ്ടപ്പാട് മുഴുവൻ സഹിച്ച് പൂർത്തീകരിക്കാറാവുമ്പോൾ എന്തെങ്കിലും തടസ്സം നേരിട്ട് അതിന്റെ ഫലം ലഭിക്കാതെ വരിക.
10.'അങ്ങാടിയിൽ തോറ്റതിന് അമ്മയോട് '
   അങ്ങാടി എന്നാൽ ചന്ത എന്നൊ നാലാൾ കൂടുന്ന സ്ഥലം എന്നൊക്കെ വിവക്ഷിക്കാം. പുറത്തെവിടെയെങ്കിലും ആരുമായെങ്കിലും കശപിശ ഉണ്ടായി തോറ്റുകൊടുക്കേണ്ട അവസ്ഥ വന്നാൽ, അല്ലെങ്കിൽ സ്വന്തം ബുദ്ധിമോശം കൊണ്ട് എന്തെങ്കിലും പാളിച്ച വന്നാൽ അത് മറ്റുള്ളവരുടെ നേർക്ക് ദേഷ്യമായി പുറത്തു കാണിക്കുന്നതാണ് ഈ ചൊല്ലുകൊണ്ട് അർത്ഥമാക്കുന്നത്.
11.' അത്താഴമുണ്ടാൽ അരക്കാ തം നടക്കണം.'
    പഴയകാലത്ത് ഒരുവിധപ്പെട്ട എല്ലാ വീടുകൾക്കും പടിപ്പുര ഉണ്ടായിരുന്നു. പറമ്പിന്റെ വിസ്താരം കൊണ്ട് പടിപ്പുര കടന്ന് വീടെത്താൻ അല്പമല്ല കുറച്ചു നടക്കണം.അത്താഴം കഴിഞ്ഞാൽ സ്ത്രീകൾ പാത്രം കഴുകുന്നതിലും അടുക്കള വൃത്തിയാക്കുന്നതിലും വ്യാപൃത രായിരിക്കും.പുരുഷന്മാരുടെ ജോലിയാണ് പടിപ്പുര അടയ് ക്കുക. അങ്ങോട്ടും തിരിച്ചു വീട്ടിലേക്കുമുള്ള നടപ്പു കൊണ്ട് അവർ കഴിച്ച ആഹാരത്തിന്റെ ദഹനപ്രക്രീയ സുതാര്യമായി നടക്കുകയും നടപ്പിന്റെ ക്ഷീണത്തിൽ ഉറക്കം പൂർണമായി ലഭിക്കുകയും ചെയ്യും.മാത്രമല്ല സ്ത്രീകൾ ജോലി ഒതുക്കി അടുക്കള അടച്ച് പെരക്കകത്തു കയറുന്നതു വരെ പുരുഷന്മാർ കാക്കണം അതാണ് ഉത്തമ പുരുഷന്റെ ധർമ്മം. ഇപ്പോൾ പടിപ്പുരക്കു പകരം ഗേറ്റ് ആണല്ലോ, അതും വീട്ടിൽ നിന്ന് അധികം അകലമില്ലാതെ. അതുപോലെ അടുക്കളയും പുര യ്ക്കുള്ളിൽ.
 അത്താഴം കഴിച്ചു കഴിഞ്ഞാൽ ഉടനെ കിടക്കുന്നത് ആഹാര ദഹനത്തിനു തടസ്സം സൃഷ്ടിക്കും. ആഹാരം,പ്രത്യേകിച്ച് അത്താഴം കഴിച്ചു കഴിഞ്ഞാൽ അൽപനേരം മുറ്റത്തു ഉലാത്തുകയോ എല്ലാവരും ഒത്തിരുന്നു സംസാരിക്കുകയോ ഒക്കെ ചെയ്യുന്നത് ആരോഗ്യത്തിനും കുടുംബഭദ്രതക്കും നന്ന്‌.
12.'അടയ്ക്ക ആയാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
 ഏതു സാധനവും മുണ്ടിന്റെ കോന്തലയിൽ കെട്ടി മടിയിൽ ഭദ്രമായി വച്ച് കൊണ്ടു നടക്കുന്ന കാലമുണ്ടായിരുന്നു . ഇവിടെ അടയ്ക്ക എന്നുദ്ദേശിച്ചത് മക്കളെ ആണ്.മക്കൾ ചെറുതായിരിക്കുമ്പോൾ മാതാ പിതാക്കൾ എന്തു പറഞ്ഞാലും വേദവാക്യമായി കരുതി അവർ കേട്ട് അതനുസരിച്ചു ജീവിക്കും. അവർ വലുതായാലോ? തന്നോളം പോന്നവനെ താനായി കാണണം എന്നാണ്. അവർക്ക് സ്വയം ചിന്തിക്കുവാനും കാര്യങ്ങൾക്കു തീരുമാനമെടുക്കുവാനും പ്രാപ്തിയാകും. അല്ലെങ്കിൽ അവർ കൂട്ടുകാരുമായി ആലോചിച്ചു കാര്യങ്ങൾ നീക്കും.അതാണ് അടയ്ക്കാ മരമായാലോ?എന്ന ചൊല്ലിന്റ സാരം.മടിയിൽവയ്ക്കാനാവാത്ത വിധം അവർ വളർന്നു കഴിഞ്ഞു എന്നർത്ഥം.
         
19 - 6 - 24 
                             തുടരും