ആനന്ദ് അംബാനി- രാധിക മെര്‍ച്ചെന്റ് പ്രീ വെഡ്ഡിംഗ് ആഘോഷം ഇറ്റലിയിലും ഫ്രാൻസിലും

ആനന്ദ് അംബാനി- രാധിക മെര്‍ച്ചെന്റ് പ്രീ വെഡ്ഡിംഗ് ആഘോഷം ഇറ്റലിയിലും ഫ്രാൻസിലും

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ വിദേശത്തും.

ഇറ്റലിയിലും ഫ്രാൻസിലുമാണ് ആഘോഷങ്ങള്‍ നടക്കുന്നത്. നേരത്തെ ഇന്ത്യയില്‍ സംഘടിപ്പിച്ച പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളും ശ്രദ്ധേയമായിരുന്നു. 28 ന് തുടങ്ങി ജൂണ്‍ ഒന്ന് വരെയാണ് വിദേശത്തെ ആഘോഷങ്ങള്‍.

800-ലധികം അതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്. രജനികാന്ത്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോണ്‍, പ്രീയങ്ക ചോപ്ര തുടങ്ങിയ താരങ്ങളുള്‍പ്പെടെ ആഘോഷത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. പരിപാടിയുടെ ക്ഷണക്കത്തും സമൂഹമാദ്ധ്യമങ്ങളില്‍ ചർച്ചയാണ്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങളില്‍ അതിഥികള്‍ ധരിക്കേണ്ട ഡ്രസ് കോഡുള്‍പ്പെടെ നിശ്ചയിച്ചിട്ടുണ്ട്. ‌ഭക്ഷണ വിഭവങ്ങളിലും വലിയ വൈവിധ്യങ്ങള്‍ ഉണ്ടാകുമെന്നാണ് മാദ്ധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോർട്ടുകള്‍. ആലിയ ഭട്ടും രണ്‍ബീർ കപൂറും എംഎസ് ധോണിയും കുടുംബത്തോടൊപ്പം ആഘോഷ പരിപാടിയില്‍ പങ്കെടുക്കാൻ മുംബൈ വിമാനത്താവളത്തില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

ഗുജറാത്തിലെ ജാംനഗറില്‍ നടന്നത് പോലെ അതിഗംഭീരമായാണ് ഈ വിവാഹഘോഷ പരിപാടയും സംഘടിപ്പിക്കുന്നതെന്നാണ് വിവരം. ജാംനഗറിലെ മൂന്ന് ദിവസത്തെ പ്രീവെഡ്ഡിംഗ് ആഘോഷങ്ങള്‍ താരനിബിഡമായിരുന്നു. അംബാനി കുടുംബത്തിന്റെ ജാംനഗറിലുള്ള റിഫൈനറി ടൗണ്‍ഷിപ്പിലാണ് ആഘോഷപരിപാടികള്‍ നടന്നത്.