നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

തിരുവനന്തപുരം; മസ്‌കത്തില്‍ മേയ് 13ന് അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇ–മെയിൽ വഴിയാണു കമ്പനിയുടെ മറുപടി കുടുംബത്തിനു ലഭിച്ചത്. നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അല്ലെന്നും മറുപടിയില്‍ വ്യക്തമാ‌ക്കി.

രോഗബാധിതനായി കഴിഞ്ഞിരുന്ന രാജേഷിനെ കാണാന്‍ മസ്കത്തിലേക്ക് പോകാന്‍ ഭാര്യ ടിക്കറ്റ് എടുത്തിരുന്നെങ്കിലും എയര്‍ ഇന്ത്യ എക്സ്പ്ര‍സ് ജീവനക്കാരുടെ സമരം മൂലം സാധിച്ചില്ല. ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കു വിധേയനായി ആശുപത്രിയിലായ രാജേഷിന്റെ അടുത്തെത്താന്‍ ഭാര്യ അമൃത ടിക്കറ്റ് എടുത്തെങ്കിലും വിമാനക്കമ്പനി ജീവനക്കാരുടെ പണിമുടക്കു കാരണം 2 ദിവസവും യാത്ര മുടങ്ങി.

ഭര്‍ത്താവിനെ പരിചരിക്കാന്‍ എത്രയും പെട്ടെന്ന് മസ്‌കത്തില്‍ എത്തണമെന്നു രാജേഷ് ജോലി ചെയ്തിരുന്ന സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാൽ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുകയോ മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് തരപ്പെടുത്തുകയോ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചെയ്തില്ല. 13ന് നമ്പി രാജേഷ് മരിച്ചു. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ചു.