ഇന്ത്യയിൽ സ്ത്രീകൾ പിന്നിലല്ല: മുൻ ഡിജിപി ജിജാസിംഗ്

ഇന്ത്യയിൽ സ്ത്രീകൾ പിന്നിലല്ല: മുൻ ഡിജിപി ജിജാസിംഗ്

ഇന്ത്യയിൽ സ്ത്രീകളുടെ നില പിന്നിലല്ലെന്നും അയൽ രാജ്യമായ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള ഇതര രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ മുന്നിലാണെന്നും ഇന്ത്യയിലെ മൂന്നാമത്തെ വനിതാ ഐപിഎസ്  ഓഫീസറും റിട്ടയർഡ് ഡിജിപിയുമായ ജിജാ സിംഗ് പറഞ്ഞു. സംസ്കാരവേദിയുടെ വനിതാദിന വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം  കിട്ടി 25 വർഷം മാത്രം ആയപ്പോൾ ഇന്ത്യൻ പൊലീസ് സർവീസിൽ ഐപിഎസ് ഓഫീസറായി ഒരു വനിതയെ  നിയമിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നുവെന്നത്
തന്നെ ഇതിനുദാഹാരണമായി അവർ ചൂണ്ടിക്കാട്ടി.അതിനെ തുടർന്ന് പോലീസിന്റെ വിവിധ തലങ്ങളിൽ നിയമിക്കാനും നിയമനം തേടാനും സ്ത്രീകൾക്ക് ധാരാളം അവസരങ്ങൾ ലഭിച്ചു, ജിജാ സിംഗ് പറഞ്ഞു. കേരളത്തിൽ സ്ത്രീ സ്വാതന്ത്ര്യം ഉയർന്നതിനോടൊപ്പം ഡൈവോഴ്സ് കളുടെ എണ്ണം കൂടുകയും യുവതികൾക്ക് വിവാഹത്തിൽ താൽപര്യം കുറഞ്ഞിട്ടുണ്ടെന്നുള്ള വസ്തുതയും വനിതകൾ വിലയിരുത്തേണ്ടത് ആണെന്നും ജിജാ സിംഗ് പറഞ്ഞു.  ചടങ്ങിൽ സംസ്കാര വേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.സുമ സിറിയക് അദ്ധ്യക്ഷത വഹിച്ചു.

സ്ത്രീകളുടെ  അവസ്ഥ ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും നേരം ഇരുട്ടിയാൽ ഉൾഭയമില്ലാതെ വഴിനടക്കുവാനുള്ള സാഹചര്യം ഇപ്പോഴും സ്ത്രീകൾക്കുണ്ടെന്ന് പറയാനാവില്ല എന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ സുമ സിറിയക് അഭിപ്രായപ്പെട്ടു. ഡോ. എൽസമ്മ   ജോസഫ് അറക്കൽ  ടെനോ ആന്റണി, രേഷ്മ സുരേഷ്, നിർമ്മല ജോസഫ്, ഡോ. ലിറ്റി യോഹന്നാൻ, 
സംസ്കാര വേദി പ്രസിഡൻ്റ് ഡോ.വർഗ്ഗീസ് പേരയിൽ, തോമസ് കാവാലം, രാജു കുന്നക്കാട്, ഡോ. ജേക്കബ്‌ സാംസൺ എന്നിവർ പ്രസംഗിച്ചു.