അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക വെടിവെച്ച്‌ കൊല്ലും

അഞ്ച് ലക്ഷം മൂങ്ങകളെ അമേരിക്ക  വെടിവെച്ച്‌ കൊല്ലും

 ആവാസ വ്യവസ്ഥകള്‍ക്ക് തന്നെ വലിയ വെല്ലുവിളികളാകുന്ന ജീവികളെ കുറയ്ക്കാൻ വിവിധ രാജ്യങ്ങള്‍ പലപ്പോഴായി ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കല്‍ പോലുള്ള കർശന നടപടി സ്വീകരിക്കാറുണ്ട്. അമേരിക്ക ഇത്തരത്തില്‍ കൊന്നൊടുക്കാൻ ഒരുങ്ങുന്നത് അഞ്ച് ലക്ഷം മൂങ്ങകളേയാണ്.

കടന്നുകയറിയ മൂങ്ങകളുടെ അനിയന്ത്രിതമായ വർദ്ധനവിനെ തുടർന്ന് 5 ലക്ഷത്തോളം മൂങ്ങകളെ അടുത്ത 30 വർഷത്തിനുള്ളില്‍ വെടിവെച്ച്‌ കൊല്ലാൻ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കൻ ഗവണ്‍മെന്‍റ്. ഏതാണ്ട് പതിനെട്ട് തരം മൂങ്ങകള്‍ യുണേറ്റഡ് സ്റ്റേറ്റ്സില്‍ ഉണ്ട്. തദ്ദേശീയ ഇനമായ സ്പോട്ടട് മൂങ്ങകളെ സംരക്ഷിക്കാനാണ് മത്സ്യ വനം വകുപ്പിന്റെ കർശന നടപടി.

ബാർഡ് ഔള്‍ എന്നയിനം മൂങ്ങകളെയാണ് വലിയ രീതിയില്‍ കൊന്നൊടുക്കാൻ തീരുമാനിച്ചത്. ഇത്തരമൊരു കടുത്ത നടപടിയിലേക്ക് പോയില്ലെങ്കില്‍ പ്രാദേശിക ഇനം വംശനാശം സംഭവിക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. നടപടി കാലിഫോർണിയ, വാഷിംഗ്ടണ്‍, ഒറിഗോണ്‍ എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശിക ഇനം മൂങ്ങകളെ സംരക്ഷിക്കുമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്.

വെടിവച്ച്‌ ഇവയെ കൊല്ലാനുള്ള ശ്രമം സ്വാഭാവിക ആവാസ മേഖലയുടെ താളം കെടുത്തുമെന്നും അറിവില്ലാത്തവരുടെ തോക്ക് ഉപയോഗം സ്പോട്ടഡ് മൂങ്ങകളുടെ തന്നെ ജീവന് ആപത്താവുമെന്നാണ് ശുപാർശയെ എതിർക്കുന്നവരുടെ വാദം. കിഴക്കൻ അമേരിക്കൻ സംസ്ഥാനങ്ങളില്‍ നിന്നാണ് ബാർഡ് മൂങ്ങകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിയത്.