മുന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു

മുന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു

തൃശ്ശൂര്‍: മുന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി (79) അന്തരിച്ചു. ഫുട്ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണിക്ക് ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ഥാനമാണുള്ളത്.


ചാത്തുണ്ണിയുടെ പരിശീലനത്തില്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ മുന്‍നിരപ്പടയാളികളായി മാറിയവരില്‍ ഐ.എം. വിജയന്‍ മുതല്‍ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെയുണ്ട് . പട്ടാള ടീമായ ഇ.എം.ഇ. സെക്കന്ദരാബാദ്, വാസ്‌കോ ഗോവ, ഓര്‍ക്കേ മില്‍സ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയില്‍ സര്‍വീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു.

തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ചാത്തുണ്ണിക്കുള്ളത്. കേരള പൊലീസ് ടീമിലൂടെ സംസ്ഥാനത്തേക്ക് ആദ്യമായി ഫെഡറേഷന്‍ കപ്പ് കിരീടം എത്തിച്ചത് ടി.കെ. ചാത്തുണ്ണിയാണ്. കേരള പൊലീസിനെ രാജ്യത്തെ ഒന്നാം കിട ടീമാക്കി വളര്‍ത്തിയ ചാത്തുണ്ണിയെ പിന്നീട് കൊല്‍ക്കത്തയിലെയും ഗോവയിലെയും വമ്പന്‍ കബ്ബുകള്‍ റാഞ്ചുകയായിരുന്നു. എഫ്‌സി കൊച്ചിനെ പരിശീലിപ്പിക്കാന്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയ ചാത്തുണ്ണി ടീമിനെ ഇന്ത്യയുടെ ഒന്നാംകിട ക്ലബ്ബുകളിലൊന്നാക്കി.

പരിശീലകനായുള്ള ചാത്തുണ്ണിയുടെ ജീവിതവും വേറിട്ടതായിരുന്നു. 1990-ല്‍ എം.ആര്‍.എഫ് ഗോവ, ചര്‍ച്ചില്‍ ഗോവ, കെ.എസ്.ഇ.ബി., സാല്‍ഗോക്കര്‍, മോഹന്‍ ബഗാന്‍, എഫ്.സി. കൊച്ചിന്‍, വിവ കേരള, ഗോള്‍ഡന്‍ ത്രഡ്‌സ്, ജോസ്‌കോ എഫ്.സി, വിവ ചെന്നൈ ഉള്‍പ്പെടെ രാജ്യത്തെ പ്രധാന ഫുട്ബോള്‍ ശക്തികളായ നാല് സംസ്ഥാനങ്ങളിലെ പല ക്ലബുകളുടെയും പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്.
1979-ല്‍ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായി. മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്സ്, സാല്‍ഗോക്കര്‍, എഫ്സി. കൊച്ചിന്‍ എന്നിങ്ങനെ നിരവധി പ്രൊഫഷണല്‍ ക്ലബ്ബുകളേയും പരിശീലിപ്പിച്ചു ‘ഫുട്ബോള്‍ മൈ സോള്‍’ എന്ന പേരില്‍   ആത്മകഥയെഴുതിയിട്ടുണ്ട്.