സഹീര്‍ ഇഖ്ബാലുമായുള്ള വിവാഹം; സൊനാക്ഷിയെ ബിഹാറില്‍ കാലു കുത്താൻ അനുവദിക്കില്ലെന്ന് പോസ്റ്റര്‍

സഹീര്‍ ഇഖ്ബാലുമായുള്ള വിവാഹം; സൊനാക്ഷിയെ ബിഹാറില്‍ കാലു കുത്താൻ അനുവദിക്കില്ലെന്ന് പോസ്റ്റര്‍

ട്ന: ബോളിവുഡ് നടി സൊനാക്ഷി സിൻഹക്കെതിരെ വിദ്വേഷ പോസ്റ്ററുമായി 'ഹിന്ദു ശിവ്ഭവാനി സേന' സംഘടന. നടൻ സഹീർ ഇഖ്ബാലുമായുള്ള സൊനാക്ഷിയുടെ വിവാഹം 'ലൗ ജിഹാദാ'ണെന്നും അവരെ ബിഹാറില്‍ കാലുകുത്താൻ അനുവദിക്കുകയില്ലെന്നുമുള്ള പോസ്റ്റർ ആണ് പ്രത്യക്ഷപ്പെട്ടത്.

തലസ്ഥാനമായ പട്‍നയില്‍ ഉടനീളം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഈ മാസം 23ന് സ്പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലും വിവാഹിതരായിരുന്നു.

സൊനാക്ഷിയുടെ പിതാവും മുതിർന്ന നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നൻ സിൻഹക്കും സന്ദേശം അയച്ചിട്ടുണ്ട്. 'ഹിന്ദു ശിവ്ഭവാനി സേന' എന്ന പേരിലുള്ള സംഘടനയാണ് സിൻഹ കുടുംബത്തെ ഭീഷണിപ്പെടുത്തിയുള്ള പോസ്റ്ററുകള്‍ പതിച്ചത്. സൊനാക്ഷിയും സഹീറും രാജ്യത്തെ മുഴുവൻ 'ഇസ്‍ലാമിക'മാക്കാൻ ശ്രമിക്കുകയാണെന്നും സംഘം ആരോപിക്കുന്നു. 'സൊനാക്ഷിയുടെയും സഹീറിന്റെയും വിവാഹം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു.

പ്രണയത്തിന്റെ മറവില്‍ നടക്കുന്ന മതപരമായ ഗൂഢാലോചനയാണ് വിവാഹം. ഹിന്ദു സംസ്‌കാരത്തെ തകർക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ശത്രുഘ്നൻ സിൻഹ മകളുടെ വിവാഹത്തെക്കുറിച്ചുള്ള തീരുമാനം പുനഃരാലോചിക്കണമെന്നും അല്ലാത്തപക്ഷം മുംബൈയിലെ തന്റെ വസതിക്കിട്ട 'രാമായണ' എന്ന പേരും മക്കളുടെ ലവ, കുശ എന്നീ പേരുകളും മാറ്റണമെന്നും' ഭീഷണിപ്പെടുത്തുന്നു.

സൊനാക്ഷിയും സഹീറും ഇതു സംബന്ധിച്ച്‌ പ്രതികരിച്ചിട്ടില്ല. അതേസമയം, തന്റെ മകള്‍ നിയമമോ ഭരണഘടനയെയോ ലംഘിച്ച്‌ ഒന്നും ചെയ്തിട്ടില്ലെന്നും ആർക്കും ഇക്കാര്യത്തില്‍ ഇടപെടാൻ അവകാശമില്ലെന്നും ശത്രുഘ്നൻ സിൻഹ പ്രതികരിച്ചു