തെറ്റ് തിരുത്തേണ്ടത്  സാംസ്‌കാരിക മന്ത്രിയല്ല   ....കാരൂർ സോമൻ, ചാരുംമൂട് 

തെറ്റ് തിരുത്തേണ്ടത്  സാംസ്‌കാരിക മന്ത്രിയല്ല   ....കാരൂർ സോമൻ, ചാരുംമൂട് 

 മന്ത്രിമാർ തിരുത്തൽ ശക്തികളായില്ലെങ്കിൽ തെറ്റുകൾ തിരുത്താൻ സാധിക്കില്ല. ചുണയുള്ള പുരുഷന് ഒരു വാക്ക് എന്നത് ആണത്വമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്.  നമ്മുടെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ  സൗദി അറേബ്യയുടെ  സാമൂഹിക  ഉൾത്തുടുപ്പുകൾ  മനസ്സിലാക്കി ചില  പരാമർശനങ്ങൾ  നടത്തിയത്  തിരുത്തണം, മാപ്പുപറയണമെന്നൊക്കെ പറയുന്നവരോട് പറയാനുള്ളത് കണ്ണുണ്ടായാൽ പോര കാണുകകൂടി ചെയ്യണം. ആദ്യം അദ്ദേഹം ഇന്ത്യയുടെ ജനാധിപത്യത്തെ വിമർശിച്ചു പറഞ്ഞത് ആർക്കാണ് നിഷേധിക്കാൻ സാധിക്കുക? ഒരു പൗരന്റെ മൗലിക അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, മത വർഗ്ഗിയത വളരുമ്പോൾ  എന്ത് ജനാധിപത്യത്തെപ്പറ്റിയാണ് നമ്മൾ സംസാരിക്കുന്നത്?

സൗദി അറേബ്യ മലയാളിയുടെ പോറ്റമ്മയാണ്. അതിൽ ആർക്കും തർക്കമില്ല. കുറ്റവാളികൾക്ക് കഠിന ശിക്ഷകൾ നൽകുന്ന രാജ്യമാണ്. ഇന്ത്യയിൽ നടക്കുന്നതുപോലെ കുറ്റവാളികളെ ആരും സംരക്ഷിക്കാറില്ല.  ഒരു പാകിസ്താനിയുടെ തലവെട്ടുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അവരുടെ നന്മകൾ പറയുമ്പോൾ അവർ ചെയ്യുന്ന തിന്മകൾ പറയാതിരിക്കണമെന്നാണോ? അവിടെ ഇതര മതവിശ്വാസികൾക്ക് സ്വാതന്ത്യം ഇല്ലെന്നുള്ളത് അവിടെ ജീവിക്കുന്നവർക്കറിയാം.  അവിടുത്തെ മുക്കിലും മുലയിലുമുള്ള ബാങ്ക് വിളികൾ   സാംസ്കാരിക മന്ത്രിയെ മാത്രമല്ല ആശങ്കപ്പെടുത്തുന്നത് ആ ശബ്ദമലിനീകരണം  മറ്റുള്ളവരേയും ആശങ്കപ്പെടുത്തുന്നു.  അവിടെ നീണ്ട വർഷങ്ങൾ പാർത്ത  എനിക്കും ചിലത് പറയാനുണ്ട്.  വിശ്വാസങ്ങൾ  നിധികാക്കുന്ന  ഭൂതത്തെപോലെ കാണുന്നവർക്ക് വിശ്വാസം അവരുടെ മിത്രമാണ്, പ്രമാണമാണ്. വിശ്വാസ സംരക്ഷണം ഒരു പൗരന്റെ മൗലിക അവകാശമാണ്.  അതിന്റെ മറവിൽ നടക്കുന്ന പൊള്ളത്തരങ്ങളെയാണ് മറ്റുള്ളവർ ചോദ്യം ചെയുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ  വിശ്വാസത്തെക്കാൾ വലുത് വിജ്ഞാനമാണ്. അതിലൂടെയവർ  വളരുന്നു.  ഗൾഫ് രാജ്യങ്ങൾക്ക് പ്രകൃതി ദാനമായി നൽകിയ എണ്ണ പാടങ്ങളിലൂടെയാണ്  വളരുന്നത്. അല്ലാതെ അറിവിലൂടെയല്ല. ഗൾഫ് രാജ്യങ്ങളെ ആധുനിക ലോകത്തേക്ക് വളർത്തിയതും ബ്രിട്ടൻ, അമേരിക്കപോലുള്ള രാജ്യങ്ങളാണ്. 

ഞാൻ സൗദിയിൽ നിന്ന് മടങ്ങുന്നത്  രണ്ടായിരത്തി രണ്ടിലാണ്. അന്ന് തിരുവനന്തപുരത്തു് നിന്ന് ദുരദർശൻ എന്നെ ഇന്റർവ്യൂ ചെയ്യാൻ താമരകുളത്തെ എന്റെ വീട്ടിലെത്തി. അന്ന് അവരോട് പറഞ്ഞത് ഇന്നും  ഓർമ്മയിലുണ്ട്.  "കഴിവതും നമ്മൾ സൗദിയിൽ പോകരുത്. മത രാഷ്ട്രമാണ്. ഇതര   മത വിശ്വാസികൾക്ക് അവിടെ ആരാധന നടത്താൻ സ്വാതന്ത്ര്യമില്ല". ഈ വിഡിയോ യു ട്യൂബിലുണ്ട്. നമ്മുടെ യേശുദാസ്, മർക്കോസ് തുടങ്ങി എത്രയോ കലാകാരന്മാർക്ക് അവിടെ  ദുരാനുഭവങ്ങളുണ്ടായിട്ടുണ്ട്.  ഇസ്ലാംമല്ലാത്ത മതവിശ്വാസികൾക്ക് അവിടെ തുറന്ന സദസ്സിലോ വീടിനുള്ളിലോ  പ്രാർത്ഥിക്കാൻ അനുവാദമില്ല. അൽകോബറിൽ താമസിച്ചിരുന്ന അരാംകൊയിൽ ജോലി ചെയ്തിരുന്ന ഒരു പെന്തികൊസ്തുകാരൻ അബ്രഹാമിനെ അയാളുടെ വീട്ടിൽ പ്രാർത്ഥന നടത്തിയതിന് രാജ്യത്തു് നിന്ന് നാടുകടത്തിയത് എനിക്കറിയാം.  വിശ്വാസികൾ  അടച്ചിട്ട വീടിനുള്ളിൽ ശബ്ദം പുറത്തുപോകാതെയാണ് പ്രാർത്ഥനകൾ നടത്തുന്നത്. അവരെയും മതമൗലികവാദികളായ പാകിസ്ഥാനികളും, മലയാളികളും പൊലീസിന് ഒറ്റുകൊടുക്കാറുണ്ട്.  ഇന്നവിടെ ഇതിനൊക്കെ എന്തെങ്കിലും മാറ്റമുണ്ടോ എന്നറിയില്ല. സൂര്യ പ്രകാശം കിട്ടാത്തതുപോലെ മനുഷ്യന്റെ തലച്ചോറിൽ ആത്മാവും  അറിവും അക്ഷരവും പ്രകാശം വിതറാതെ പുരോഗതി പ്രാപിക്കില്ല. 
 
സൗദിയിൽ   ബാങ്ക് വിളി നടത്തി   ശബ്ദ മലിനീകരണം നടത്തുന്നത് ഒരു യാഥാർഥ്യമാണ്.  വിശപ്പടക്കാൻ പോയ മലയാളികൾ അതൊക്കെ സഹിച്ചാണ് ജീവിക്കുന്നത്. ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ മറ്റുള്ളവർക്ക് അവകാശമില്ല. ഗൾഫിൽ കാണുന്നതുപോലുള്ള ബാങ്ക് വിളി ഇന്ന്  കേരളത്തിലും കാണുന്നു. നമ്മൾ വിദ്യാസമ്പന്നരെന്ന് വീമ്പ് പറയുമ്പോൾ ശബ്ദമലിനീകരണം എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?  ആ യാഥാർഥ്യം സജി ചെറിയാൻ പറഞ്ഞെങ്കിൽ, അവിടുത്തെ മത നിന്ദ മനസ്സിലാക്കിയ, ചോറിന്റെ രുചി അറിഞ്ഞവരുമുണ്ടെന്ന് മനസ്സിലാക്കുക. 

ലണ്ടനിൽ ഒരു പെന്തിക്കോസ്തു സമൂഹം ഞായർ ദിവസങ്ങളിൽ അവരുടെ പാട്ടുകൾ ഉച്ചത്തിൽ പാടിയതിന് അടുത്ത വീട്ടിലെ ക്രിസ്ത്യൻ മദാമ്മ, സായിപ്പ് പോലീസിൽ പരാതികൊടുത്തു. പ്രാർത്ഥന നടത്തിയ  പാസ്റ്റർക്ക് നല്ലൊരു തുക ശിക്ഷയായി കിട്ടി. അതോടെ അവിടുത്തെ പ്രാർത്ഥനയും അവസാനിച്ചു. വിശ്വാസികൾക്കും അവിശ്വാസികൾക്കുമുള്ളതാണ് ഈ പ്രപഞ്ചം.  മതവിശ്വാസികളുടെ മനോവികാരം  മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ബ്രിട്ടനിൽ ശിക്ഷ കിട്ടും. ഏത് മത വിശ്വാസിയായാലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്.   നമ്മുടെ നാട്ടിൽ കോടതി ശബ്ദമലിനീകരണം നിരോധിച്ചിട്ടും എന്തുകൊണ്ട് തുടരുന്നു? നിയമലംഘകർക്ക്  കഠിന ശിക്ഷ കൊടുത്തില്ലെങ്കിൽ അവിടെ അരാജകത്വ൦ നടമാടും.  പ്രമുദ്ധരെന്ന് നടിക്കുന്ന മലയാളികൾ അവരുടെ വിവേകബുദ്ധി ആർക്കോ   പണയപ്പെടുത്തിയിരിക്കുന്നു. നിയമങ്ങളെ കാറ്റിൽ പraത്തുന്നത് ആരാണ്?

സ്വാർത്ഥ തല്പരരായ  ജാതി മത രാഷ്ട്രീയ പ്രവർത്തകർക്ക് വോട്ട് വിലപ്പെട്ടതെങ്കിൽ  രോഗികൾ, പ്രായമുള്ളവർ, കുട്ടികളുടെ പഠനമുറികളിൽ കടന്നുവരുന്ന മുഴങ്ങുന്ന ശബ്ദം എത്രമാത്രം  (ശബ്ദമലിനീകരണം) ആരോഗ്യപ്രശ്നങ്ങൾ  സൃഷ്ടിക്കുന്നു. അത് ബാങ്ക് വിളി മാത്രമല്ല ക്രിസ്ത്യൻ  ദേവാലയങ്ങൾ, അമ്പലങ്ങൾ ജാതിമത രാഷ്ട്രീയ ഘോഷയാത്രകൾ, കവലപ്രസംഗം തുടങ്ങിയവ  എത്രയോ മനുഷ്യർക്ക് അരോചകമാണ്. ഇവരുടെ മൗലിക അവകാശങ്ങൾ വിലപ്പെട്ടതല്ലേ? നമ്മൾ പുലർത്തുന്ന   പ്രപഞ്ച വീക്ഷണം നല്ലൊരു സംസ്കാരത്തിന്റെ, അറിവിന്റെ  ബോധധാരയിൽ നിന്നുള്ളതായാൽ മിഥ്യാബോധങ്ങളുടെ മാറാലകൾ തുടച്ചുമാറ്റാൻ സാധിക്കും.  സമൂഹത്തിന് ഹാനി വരുത്തുന്ന മതവ്യാപാര൦ അവരുടെ ഭ്രാന്തമായ വികാരഗതി മണിപ്പുരിൽ, ഹരിയാനയിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും കാണുന്നില്ലേ? അതൊന്നും സൗദിയിൽ സംഭവിക്കുന്നില്ല. അതിന് അവരോട് ഇന്ത്യക്കാരന് നന്ദി വേണം.    മനുഷ്യരുടെ വിശ്വാസ  വാദ- ദുർവാദങ്ങൾ തലനാരിഴകീറി ശസ്ത്രക്രിയ നടത്തുന്നതിനേക്കാൾ നമ്മളെ തടവിലാക്കിയിരിക്കുന്ന എത്രയോ നീറുന്ന ദൈനംദിന പ്രശ്നങ്ങളുണ്ട്. അതിനൊക്കെ പരിഹാരം കാണുകയല്ലേ വേണ്ടത്?    ഇവിടെയാണ്  കേരളം മറ്റുള്ളവർക്ക്  മാതൃകയായി. ധാർമിക ശക്തിയായി നിലകൊള്ളേണ്ടത്. സമൂഹത്തിൽ ഭിന്നത വളർത്തുന്ന ജാതിമതരാഷ്ട്രിയക്കാരുടെ പരിപ്പ് എന്റെ അടുപ്പിൽ വേവില്ലെന്ന് എന്തുകൊണ്ടണ് മലയാളികൾ തീരുമാനിക്കാത്തത്?  

സൗദി അറേബ്യ മതതിവ്രതയുള്ള രാജ്യമെന്ന് സാംസ്കാരിക മന്ത്രി  പറഞ്ഞെങ്കിൽ അതിൽ തെറ്റ് എന്താണ്?    ഇതര മതങ്ങളെ അവർ മാനിക്കുന്നുണ്ടോ? മതമൈത്രി അവർക്കറിയാമോ? ഞാൻ അവിടെയുള്ളപ്പോൾ  മതതിവൃതയുള്ള  പാകിസ്താന് സൗദി അറേബ്യ പാവങ്ങളെ സഹായിക്കാൻ വൻപിച്ച തുക സംഭാവനയായി നൽകിയിട്ടുണ്ട്. ആ പണം പാകിസ്ഥാൻ ഇന്ത്യക്ക് എതിരായി ഉപയോഗിക്കുന്നത് നിഷേധിക്കാൻ സാധിക്കുമോ? രാജഭരണത്തിൽ ഭയന്നല്ലേ അവിടുത്തെ  സിയാ വംശജരടക്കം ജോലിചെയ്യുന്നവരടക്കം  ജീവിക്കുന്നത്?   മത മനോരാജ്യത്തിൽ ദൈവങ്ങളെ  സൃഷ്ടിച്ചു് ആ കോട്ടയ്ക്കുള്ളിൽ ആരാധന നടത്തി കൊഴുത്തുതടിക്കുന്നവർ ലോകത്തെമ്പാടുമുണ്ട്.   സൗദിയുടെ  മത൦ ചിലർക്ക് ഇരട്ടി മധുരം തരുമെങ്കിലും പലർക്കും കയ്പ്പ് നിറഞ്ഞതാണ്. ഇത് ആര്ക്കാണ് നിഷേധിക്കാൻ സാധിക്കുക? 

എന്റെ  മറ്റൊരുനുഭവം.  മണലാരണ്യത്തിൽ ഒട്ടകത്തെ തീറ്റിപ്പോറ്റാൻ വന്ന പാവങ്ങളായ വടക്കൻ മലബാറിലെ മലയാളികളെ അറബികൾ  പീഡിപ്പിച്ചപ്പോൾ അവർ ദമ്മാമിലേക്ക് പ്രാണരക്ഷാർധം ഒളിച്ചോടി.  ആ  പാവങ്ങളുടെ ദയനീയാവസ്ഥയെപ്പറ്റി ദുബായ്യിൽ നിന്നുള്ള ഇംഗ്ലീഷ് ഗൾഫ്  ന്യൂസിൽ ഞാനൊരു ചെറിയ ലേഖനമെഴുതി. ആ പത്രം സൗദിയിലും കിട്ടുമായിരിന്നു.  അതുമൂലം എന്റെ ജോലി തെറിച്ചു. എന്നിൽ ചുമത്തിയ കുറ്റം ഈ രാജ്യത്തിരുന്നുകൊണ്ട് ഇവർക്കെതിരെ എഴുതാൻ പാടില്ല.  ഇതിനപ്പുറം സംഭവങ്ങൾ എന്റെ ആത്മകഥ "കഥാകാരന്റെ കനൽ വഴികൾ" ഞാൻ എഴുതിയിട്ടുണ്ട്. (പ്രഭാത് ബുക്ക്സ്). അവിടെ ജീവിക്കുന്ന പാവങ്ങളുടെ ഹൃദയമിടിപ്പ് ആരും തിരിച്ചറിയാത്തതുപോലെ ഗൾഫിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികളുടെ  ഹ്ര്യദയനൊമ്പരങ്ങൾ കേരളവും തിരിച്ചറിയുന്നില്ല. സൗദി ഭരണകൂടത്തോടെ ബഹുമാനമുണ്ടെങ്കിലും മത സ്വാതന്ത്യത്തിൽ ഗൾഫിൽ  ഇത്ര അധഃപതിച്ച മറ്റൊരു രാജ്യമില്ല. അതിനാൽ  തെറ്റ് തിരുത്തേണ്ടത് സാംസ്കാരിക മന്ത്രിയല്ല നമ്മളാണ്.