യു.കെയില്‍ ദന്തഡോക്ടര്‍മാര്‍ക്ക് യോഗ്യത പരീക്ഷ ഒഴിവാക്കിയേക്കും

യു.കെയില്‍ ദന്തഡോക്ടര്‍മാര്‍ക്ക് യോഗ്യത പരീക്ഷ ഒഴിവാക്കിയേക്കും
വിദേശ രാജ്യങ്ങളിലേക്ക്  ഉപരിപഠനത്തിനായി വിമാനം കയറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ച്‌ കൊണ്ടിരിക്കുകയാണ്. യു .കെ, യു.എസ്.എ, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെ   അയര്‍ലാന്റ്, കൊറിയ, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടി കുടിയേറ്റം വ്യാപകമാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.
 
 യു.കെ അടക്കമുള്ള രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്ന മേഖലയാണ് ആരോഗ്യ രംഗം. പ്രതിവര്‍ഷം ആയിരക്കണക്കിന് മെഡിക്കല്‍ പ്രൊഫഷണലുകളെയാണ് യു.കെയ്ക്ക് ആവശ്യമായി വരുന്നത്.

ദന്തഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ യോഗ്യത പരീക്ഷ ഇല്ലാതെ വിദേശത്ത് നിന്നുള്ള ദന്തഡോക്ടര്‍മാരെ രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ യു.കെ സര്‍ക്കാര്‍ പദ്ധതിയിടുന്നതായ വാര്‍ത്തകളും ചര്‍ച്ചയാവുകയാണ്. പുതിയ നീക്കം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറത്തുള്ള ദന്തഡോക്ടര്‍മാര്‍ ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിന് വിദേശ പ്രവേശന പരീക്ഷ പാസാവേണ്ടതുണ്ട്. രാജ്യത്തെ എന്‍.എച്ച്‌.എസ് ആശുപത്രികളിലും ഇതര ആരോഗ്യ കേന്ദ്രങ്ങളിലും ദന്ത ഡോക്ടര്‍മാരുടെ കുറവ് മൂലം പുതിയ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്നില്ല. ഇത് പരിഹരിക്കാനാണ് പുതിയ പദ്ധതി.

ദന്ത ഡോക്ടര്‍മാരുടെ വേതന വര്‍ധനവും സ്‌പെഷ്യല്‍ ബോണസും ഇന്‍സന്റീവും അടക്കം കൂടുതല്‍ ആനുകൂല്യങ്ങളും പദ്ധതിയിലുണ്ട്.