പുതിയ കുടിയേറ്റ ബില്ലിനെ സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ

ഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കുടിയേറ്റ ബില്ലിനെ സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ. 1983 ലെ കുടിയേറ്റ നിയമം കലഹരണപെട്ടുവെന്നും മാറിയ കാലഘട്ടത്തിലെ കുടിയേറ്റത്തിലുള്ള വെല്ലുവിളികൾ മറികടക്കുവാനായി കാലാനുസൃതമായി നിയമത്തിൽ മാറ്റം കൊണ്ടുവരണമെന്നുമുള്ള ആവശ്യം വളരെ കാലമായി പ്രവാസി ലീഗൽ സെൽ ഉന്നയിച്ചിരുന്നു .
കുടിയേറ്റത്തിലെ ഏറ്റവും വലിയ വിഭാഗമായ വിദ്യാർത്ഥി കുടിയേറ്റം നിലവിലെ നിയമത്തിൽ ഉൾപ്പെട്ടിരുന്നില്ല. ഈ പ്രശ്നത്തിൽ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വേണ്ട നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു. അതുപോലെ നിലവിലുള്ള കുടിയേറ്റ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചുകൊണ്ട് വ്യാപകമായ വിദേശ ജോലി തട്ടിപ്പുകൾക്കെതിരെയും പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ നിന്നും ഉത്തരവുനേടുകയും തുടർന്ന് പലവിധത്തിലുള്ള നടപടികൾ കേരള സർക്കാരും നോർക്കയുമൊക്കെ സ്വീകരിച്ചിരുന്നു. തുടർന്ന്, വ്യാജ റിക്രൂട്‌മെന്റു ഏജൻസികൾക്കെതിരേ കർശന സ്വീകരിക്കാനായി പ്രത്യേക ടാസ്‌ക്‌ഫോഴ്സും കേരളത്തിൽ രൂപീകരിച്ചിരുന്നു.
എങ്കിലും കുടിയേറ്റം കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ പരിധിയിൽ വരുന്ന വിഷയമായതിനാൽ ശക്തമായ നിയമ നിർമാണമാണ് യഥാർത്ഥ പരിഹാരം എന്ന ആവശ്യം പരിഗണിച്ചുകൊണ്ട് പുതിയ കുടിയേറ്റ കരടു ബില്ലുകൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹമാണെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസ്‌ഡിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. എങ്കിലും ഈ കരടു ബില്ലിലും ഒരുപാടു മാറ്റങ്ങൾ ആവശ്യമാണെന്നും അവ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കുടിയേറ്റ ബില്ലിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചു പഠിച്ചുകൊണ്ട് നിർദ്ദേശങ്ങൾ സമയബന്ധിതമായി കേന്ദ്ര സർക്കാറിനു കൈമാറുമെന്ന് പ്രവാസി ലീഗൽ ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടി.എൻ കൃഷ്ണകുമാർ പറഞ്ഞു.
പ്രവാസി ലീഗൽ സെൽ വിവിധ രാജ്യങ്ങളിലുള്ള ചാപ്റ്ററുകളുടെ നേതൃത്വത്തിൽ മറ്റു പ്രവാസ സംഘടനകളുടെയും എംബസികളുടെയും മറ്റും സഹകരണത്തോടെ പുതിയ കുടിയേറ്റ ബില്ലിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ചു ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും നിർദ്ദേശങ്ങൾ ക്രോഡീകരിച്ചുകൊണ്ടു സമയബന്ധിതമായി അവ കേന്ദ്ര സർക്കാരിന് കൈമാറുമെന്നും
ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടി.എൻ കൃഷ്ണകുമാർ, അബുദാബി ചാപ്റ്റർ അദ്ധ്യക്ഷൻ ഡോ. ജെയ്പാൽ ചന്ദ്രസേനൻ, ഷാർജഅജ്‌മാൻ ചാപ്റ്റർ അദ്ധ്യക്ഷ ഹാജിറാബി വലിയകത്ത്, യൂ.കെ. ചാപ്റ്റർ അദ്ധ്യക്ഷ അഡ്വ. സോണിയ സണ്ണി, കുവൈറ്റ് ചാപ്റ്റർ അദ്ധ്യക്ഷൻ ബാബു ഫ്രാൻസിസ്, ഒമാൻ ചാപ്റ്റർ അധ്യക്ഷ അഡ്വ. ജെസ്സി ജോസ്, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ആർ. മുരളീധരൻ, സൗദി ചാപ്റ്റർ കോർഡിനേറ്റർ പീറ്റർ വർഗീസ് എന്നിവർ സംയുക്ത വാർത്താ കുറിപ്പിൽ അറിയിച്ചു