പാഠം പഠിപ്പിച്ച്, കരുത്ത് തെളിയിച്ച്  ഇന്ത്യൻ ജനാധിപത്യം 

പാഠം പഠിപ്പിച്ച്, കരുത്ത് തെളിയിച്ച്  ഇന്ത്യൻ ജനാധിപത്യം 


 ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗിച്ച് ഏകാധിപത്യത്തിന്റെ വഴികളിലൂടെയുള്ള അധികാര യാത്രയ്ക്ക് ഇന്ത്യന്‍ ജനത പതിനെട്ടാം  ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നൽകിയിരിക്കുന്നു . എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയും തകിടം  മറിച്ച് തനിച്ച് ഭരിക്കാൻ ഒരു പാർട്ടിക്കും ഭൂരിപക്ഷം നൽകാതെയാണ് ഇത്തവണ ഇന്ത്യയിലെ  തിരഞ്ഞെടുപ്പ് മഹോത്സവത്തിന് കൊടിയിറങ്ങിയത് .

  കേരളത്തിൽ 18 സീറ്റുമായി യു ഡി എഫ് ആധിപത്യം തുടർന്നപ്പോൾ സി പി എം രണ്ടാം വട്ടവും ഒറ്റ സീറ്റിലൊതുങ്ങി. ജനം എല്ലാം കാണുന്നുണ്ട് എന്ന് ഓര്മിപ്പിക്കുന്നതായി തിരഞ്ഞെടുപ്പ്.

സുരേഷ് ഗോപി കേരളത്തിലെ ബി ജെ പി ക്ക് ചരിത്രത്തിലെ ആദ്യ വിജയം നേടിക്കൊടുത്തതും  ഈ തിരഞ്ഞെടുപ്പിൽ തന്നെ.

കേന്ദ്രം ഭരിക്കുന്ന മോദിയോടും സംസ്ഥാനം ഭരിക്കുന്ന പിണറായിയോടും ഒരുപോലെ തിരുത്തല്‍ ആവശ്യപ്പെടുന്ന ജനവിധിയാണിത് .

ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭരിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദവും എക്‌സിറ്റ് പോളുകളുടെ സൂചനകളും അട്ടിമറിച്ച തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായി .  ബി.ജെ.പി നേതൃത്വം നൽകുന്ന (എൻ ഡി എ ) തുടർച്ചയായി മൂന്നാം വട്ടവും ഭരണത്തിനുള്ള ജനവിധി നേടുമ്പോഴും ബി ജെ പി ക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ പോകുന്നു. കഴിഞ്ഞതവണ 353 സീറ്റ്‌ നേടിയ എൻഡിഎയ്ക്ക്  ഇത്തവണ 298  സീറ്റിലാണ്‌ വിജയിക്കാനായത്‌. ബിജെപിക്ക്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 303 സീറ്റാണ്‌ ലഭിച്ചതെങ്കിൽ ഇത്തവണ 240 സീറ്റിൽ മാത്രമാണ്‌ മുന്നിൽ. മോദിക്ക് ഈ തിരഞ്ഞെടുപ്പ്  മൂന്നാം ഊഴം ഉറപ്പാക്കുന്നുണ്ടെങ്കിലും 226 സീറ്റുകളിൽ വിജയം നേടിയ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാസഖ്യം പ്രതീക്ഷിച്ചതിനപ്പുറമുള്ള വെല്ലുവിളി ഉയർത്തി മുന്നിലേക്കെത്തുന്നതും ഈ തിരഞ്ഞെടുപ്പ് കണ്ടു. കോൺഗ്രസ് മുക്തഭാരതം എന്ന  മുദ്രാവാക്യം ഇന്ത്യൻ ജനത തള്ളിക്കളഞ്ഞു എന്നുകൂടി ഈ ഇലക്ഷൻ പരസ്യമായി പ്രഖ്യാപിക്കുന്നു.

രാഹുൽ ഗാന്ധി എന്ന യുവ നേതാവിനെ പരിഹസിക്കാനും ആക്ഷേപിക്കാനും തുനിഞ്ഞിറങ്ങിയവർക്കുള്ള തിരിച്ചടി കൂടിയായി ഈ തിരഞ്ഞെടുപ്പ്.

അബ് കി ബാര്‍ ചാര്‍ സൗ പാര്‍ (ഇക്കുറി നാനൂറിനും മീതേ) എന്ന മുദ്രാവാക്യവുമായി രംഗത്തിറങ്ങിയ ബിജെപിക്ക്    നിറം മങ്ങിയിരിക്കുന്നു എന്നാണ് ഈ തിരഞ്ഞെടുപ്പ് വിളിച്ചു പറയുന്നത്‌. രാമക്ഷേത്ര മുദ്രാവാക്യം ഉയർത്തിയ ഉത്തർപ്രദേശിൽ പാർട്ടിക്ക്  കനത്ത തിരിച്ചടി നേരിട്ടു. ഹിന്ദി ഹൃദയഭൂമിയിലുടനീളം ഇത്തരത്തിലുള്ള തിരിച്ചടി ബിജെപിക്ക്‌ ഉണ്ടായി .

 പ്രതിപക്ഷനേതാക്കളെ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ  ജയിലിൽ അടച്ചും ഭീഷണിപ്പെടുത്തി മറുകണ്ടം ചാടിച്ചും  ബിജെപി മുന്നോട്ടുവച്ച രാഷ്‌ട്രീയത്തിനെതിരെ ഇന്ത്യയിലെ ജനാധിപത്യശക്തികളുടെ പ്രതിരോധമാണ്‌ ഈ തെരഞ്ഞെടുപ്പിൽ കാണാനായത്‌.   വർഗീയ  ധ്രുവീകരണം സൃഷ്ടിച്ചും  ഭിന്നിപ്പിച്ചും നേട്ടംകൊയ്യാനുള്ള ശ്രമങ്ങളെയും  ജനങ്ങൾ പ്രതിരോധിച്ചത്  ശ്രദ്ധേയമായി . 

രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി  മണിപ്പൂരിൽ   ബിജെപി നടത്തിയ  ശ്രമങ്ങളെ മണിപ്പുർ ജനത പ്രതിരോധിച്ചതാണ്‌ ഈ തെരഞ്ഞെടുപ്പിൽ മണിപ്പൂരിലെ രണ്ട്‌ മണ്ഡലത്തിലും ബിജെപിക്ക്‌ തോൽവി സമ്മാനിച്ചത്.

രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാനും ജയിക്കാനും ആത്മവിശ്വാസം ആവശ്യമെങ്കിലും  അമിത ആത്മവിശ്വാസം ആപത്താണെന്ന്  ബോദ്ധ്യപ്പെടുത്തുന്നതായി ഈ വിധി .