സംസ്ഥാനത്ത് ദുരിതം വിതച്ച് പെരുമഴ

സംസ്ഥാനത്ത് ദുരിതം വിതച്ച് പെരുമഴ

കൊച്ചി: തിരുവനന്തപുരത്തും കോട്ടയത്തും കൊച്ചിയിലും തൃശൂരിലും ശക്തമായ മഴ. പല പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ജനം തീരാദുരിതത്തിലായി. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പകള്‍ തുറന്നു. 17 കുടുംബങ്ങളിലെ 66 പേരാണ് ക്യാമ്പുകളിലുള്ളത്. തിരുവനന്തപുരം, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതവും നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതവും പ്രവര്‍ത്തിക്കുന്നുണ്ട്.

കോട്ടയത്തും തുടർച്ചയായി പെയ്ത മഴ കനത്ത നാശം വിതച്ചു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

തിരുവനന്തപുരം താലൂക്കില്‍ ജിഎച്ച്എസ് കാലടി, നെടുമങ്ങാട് താലൂക്കില്‍ തേമ്പാമൂട് അങ്കണവാടി, വര്‍ക്കല താലൂക്കില്‍ മുട്ടള ജിഎല്‍പിഎസ്, കുളമുട്ടം ജിഎല്‍പിഎസ്, കാട്ടാക്കട താലൂക്കില്‍ കാപ്പിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കല്‍ പഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകള്‍ തുറന്നത്.

കൊച്ചിയിലും കനത്ത വെള്ളക്കെട്ടാണ്. കാക്കനാട് പടമുകളില്‍ വീടിന്റെ മതിലിടിഞ്ഞ് വീണ് കാര്‍ ചിറയിലേക്ക് വീണു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83.7 മില്ലി മീറ്റര്‍ ആണ് കൊച്ചിയില്‍ കിട്ടിയ മഴയുടെ കണക്ക്. നിലവില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്.