വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന 'ബേലൂര്‍ മഗ്‌ന'യെ മയക്ക് വെടി വെയ്ക്കാന്‍ ഉത്തരവ്

വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന  'ബേലൂര്‍ മഗ്‌ന'യെ മയക്ക് വെടി വെയ്ക്കാന്‍ ഉത്തരവ്

മാനന്തവാടി: ഇന്നു രാവിലെ മാനന്തവാടിയില്‍ അജീഷ് എന്ന യുവാവിനെ ആക്രമിച്ചു കൊന്ന  'ബേലൂര്‍ മഗ്‌ന' എന്ന കാട്ടാനയെ മയക്കുവെടി വെയ്ക്കാൻ ഉത്തരവിറങ്ങി. വനം വകുപ്പ് മേധാവിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

മാനന്തവാടിയില്‍ ആന ഒരാളെ ചവിട്ടിക്കൊലപ്പെടുത്തിയ സംഭവം സർക്കാരിൻ്റെയും വനം വകുപ്പ് ഉദ്യേഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.

ഇത് മൂന്നാം തവണയാണ് വന്യ ജീവികളുടെ ആക്രമണം മൂലം ഇത്തരം സംഭവുണ്ടാകുന്നത്. സംഭവം നടക്കുമ്ബോ മാത്രമാണ് സർക്കാരും വനം വകുപ്പും ഉണരുന്നത്. ഇത് കാരണം നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകളാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതില്‍ ജില്ലാ ഭരണകൂടവും സർക്കാരും പൂർണ്ണമായും പരാജയപ്പെട്ടു. അത് കൊണ്ടാണ് ജനങ്ങളുടെ പ്രതിഷേധേം ഇത്രത്തോളം വ്യാപകമാകുന്നത്. സംഭവം നടക്കുമ്ബോള്‍ മാത്രമാണ് വകുപ്പു മന്ത്രി പ്രത്യക്ഷപ്പെടുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കര്‍ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയെ വയനാട് വന്യജീവി സങ്കേത വനാതിര്‍ത്തിയിലെ മൂലഹോള്ള വന്യജീവി റേഞ്ചില്‍ തുറന്നു വിടുകയായിരുന്നു. കര്‍ണാടകയിലെ ഹാസന്‍ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ സ്ഥിരമായി വിളകള്‍ നശിപ്പിക്കുകയും ജനവാസമേഖലകളില്‍ ആക്രമണം നടത്തിയിരുന്ന ആനയാണിത്.

ഇന്നു രാവിലെയാണു കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പടമല പനച്ചിയില്‍ അജീഷ് (47) കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. അജീഷ് പണിക്കാരെ കൂട്ടാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്‍പില്‍പ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതില്‍ പൊളിച്ച്‌ അകത്തുകടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്.