യു ഡി എഫിന് മുൻ‌തൂക്കം : സുരേഷ് ഗോപി ജയിക്കില്ല, എൻഡിഎ കൂടുതൽ വോട്ടു നേടും: വെള്ളാപ്പള്ളി നടേശൻ

യു ഡി എഫിന് മുൻ‌തൂക്കം : സുരേഷ് ഗോപി ജയിക്കില്ല, എൻഡിഎ കൂടുതൽ വോട്ടു നേടും: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കമുണ്ടെന്നും എന്നാൽ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശൻ. സുരേഷ് ഗോപി തൃശൂരിൽ വിജയിക്കില്ലെന്നും എന്നാൽ എൻഡിഎ കേരളത്തിൽ ഇത്തവണ കൂടുതൽ വോട്ട് നേടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തൃശൂരിലെ കാര്യം തനിക്ക് അറിയാം. തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല. സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ല, അതിന്‍റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചു. തുഷാർ വെള്ളപ്പള്ളിയോട് മത്സരിക്കേണ്ട എന്നാണ് താൻ പറഞ്ഞത്. തുഷാറിന് മണ്ഡലത്തിലെ ഈഴവ വോട്ടുകൾ മുഴുവനായി കിട്ടാൻ ഒരു സാധ്യതയുമില്ല. എന്നാൽ മുന്നണി നിർദ്ദേശം പാലിച്ചാണ് തുഷാർ മത്സരത്തിന് ഇറങ്ങിയത്.

തിരുവനന്തപുരത്ത് വിജയം ആർക്കൊപ്പമെന്ന് പറയാനാകില്ല. എൻഡിഎ സ്ഥാനാർഥിയ്ക്ക് തീരപ്രദേശത്ത് നിന്ന് ഉൾപ്പെടെ എത്ര വോട്ട് ലഭിക്കുമെന്നത് ആശ്രയിച്ചായിരിക്കും വിജയം അല്ലെങ്കിൽ പിന്നിലാകും.തിരുവനന്തപുരത്ത് ആരു ജയിച്ചാലും നേരിയ ഭൂരിരക്ഷം മാത്രമായിരിക്കും. ആലപ്പുഴയിലും കടുത്ത മത്സരമാണ് നടന്നത്. മുമ്പ് ബിജെപി നേടിയതിനെക്കാൾ വോട്ട് ശോഭ സുരേന്ദ്രന് കിട്ടും. ശോഭ സുരേന്ദ്രൻ കൂടുതൽ വോട്ട് നേടിയാൽ ഗുണം എ.എം.ആരിഫിനായിരിക്കും.

 തെരഞ്ഞെടുപ്പ് ദിനത്തിൽ ഇ.പി. ജയരാജൻ ജാവഡേക്കർ കൂടിക്കാഴ്ച വിവാദമാകുന്നത് ഒഴിവാക്കാമായിരുന്നു. ജയരാജൻ സീനിയർ നേതാവാണ്. രാഷ്ട്രീയ നേതാക്കൾ പരസ്‌പരം കാണാറുണ്ട്. പക്ഷെ കാണുന്ന സമയവും രീതിയും പ്രധാനമാണ്. പാർട്ടി പറഞ്ഞിട്ടാണ് ജാവഡേക്കറെ കണ്ടതെങ്കിൽ തെറ്റില്ല. കണ്ടകാര്യം പാർട്ടിയിൽ പറഞ്ഞിട്ടില്ലെങ്കിൽ അത് പാർട്ടി നയം അനുസരിച്ച് തെറ്റ് തന്നെയാണ്. ഇ.പി. ജയരാജൻ എൽഡിഎഫ് കൺവീനർ എന്ന നിലയിൽ രണ്ടടി പിന്നോട്ടാണ്. അത്ര ശക്തമായി നിലപാട് ഒന്നും പറഞ്ഞിട്ടില്ല. അതിന് കാരണം റിസോർട്ട് വിവാദമായിരിക്കാം. പക്ഷേ അദ്ദേഹം ബിജെപിയിലേക്ക് പോകുമോ എന്നൊന്നും പറയാൻ താൻ ഇല്ലെന്നും കൂട്ടിച്ചേർത്തു