നീറ്റ് പുനഃപരീക്ഷ: 750 പേര്‍ ഹാജരായില്ല; 63 പേരെ ഡീബാര്‍ ചെയ്തു

നീറ്റ് പുനഃപരീക്ഷ: 750 പേര്‍ ഹാജരായില്ല; 63 പേരെ ഡീബാര്‍ ചെയ്തു

ന്യൂഡല്‍ഹി: വിവാദമായതിനെ തുടര്‍ന്ന് വീണ്ടും നടത്തിയ നീറ്റ്-യു.ജി പരീക്ഷയില്‍ പങ്കെടുത്തത് 52 ശതമാനം വിദ്യാര്‍ഥികള്‍ മാത്രം.

പരീക്ഷ എഴുതേണ്ടിയിരുന്ന 1563 പേരില്‍ 813 പേര്‍ മാത്രമാണ് ഹാജരായത്. 750 പേരാണ് പരീക്ഷയ്ക്കെത്താതിരുന്നത്. ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് ഗ്രേസ് മാര്‍ക്ക് നല്‍കപ്പെട്ട 1563 പേര്‍ക്കായി വീണ്ടും നീറ്റ് പരീക്ഷ നടത്തിയത്. ഇത്രയും വിദ്യാര്‍ഥികള്‍ക്കായി ഏഴ് പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജമാക്കിയിരുന്നത്. ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലുമായിരുന്നു കേന്ദ്രങ്ങള്‍.

602 പേര്‍ പരീക്ഷ എഴുതേണ്ടിയിരുന്ന ഛത്തീസ്ഗഢില്‍ 311 പേര്‍ ഹാജരായില്ല. 291 പേരാണ് പരീക്ഷയെഴുതിയത്. ഗുജറാത്തില്‍ നിന്നുള്ള ഏകവിദ്യാര്‍ഥി പരീക്ഷയെഴുതി. ഹരിയാണയിലെ 494 വിദ്യാര്‍ഥികളില്‍ 287 പേരാണ് പരീക്ഷയെഴുതിയത്. 207 പേര്‍ ഹാജരായില്ല. മേഘാലയയില്‍ 464 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. ഇവരില്‍ 234 പേര്‍ ഹാജരായപ്പോള്‍ 230 പേര്‍ പരീക്ഷ എഴുതിയില്ല.

2024-ലെ മെഡിക്കല്‍ പ്രവേശനത്തിനായി മേയ് അഞ്ചിന് നടന്ന നീറ്റ്-യു.ജി. പരീക്ഷയിലെ ക്രമക്കേടുകളില്‍ സി.ബി.ഐ. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ദിവസമാണ് നീറ്റ് പുനഃപരീക്ഷ നടന്നത്. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയില്‍ സി.ബി.ഐ. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.