'ഗീത് മാല'യുടെ സുവർണ ശബ്ദം അമീൻ സയാനിക്ക് വിട: റഫീക് സീലാട്ട്

'ഗീത് മാല'യുടെ സുവർണ ശബ്ദം അമീൻ സയാനിക്ക്  വിട:   റഫീക് സീലാട്ട്
റഫീക് സീലാട്ട്
റേഡിയോ സിലോണിന്റെ എയർവേവുകളിൽ ഹിറ്റുകളുടെ ബിനാക്കാ ഗീത്മാലയിലൂടെ ഹിന്ദി ചലച്ചിത്ര ശാഖയെ രാജ്യമെമ്പാടും പ്രശസ്തിയുടെ വഴിയിലേക്ക് എത്തിച്ച ഇന്ത്യയിലെ ഏറ്റവും മികച്ച അനൗൺസർ,അവതാരകൻ അമീൻ സായാനി അരങ്ങൊഴിഞ്ഞു.
ദക്ഷിണേന്ത്യൻ സംസ്ഥാന നിവാസികളിൽ പ്രത്യേകിച്ചും നാം മലയാളികൾക്ക് ഹിന്ദുസ്ഥാനി സംഗീതവും പ്രതിഭാധനരായ കെ.എൽ.സൈഗാൾ,നൂർജഹാൻ,ഗീതാദത്ത് ശംഷാദ് ബേഗം, മുഹമ്മദ് രഫി, ലതാമങ്കേഷ്കർ, മന്നഡേയ്,മുകേഷ്, ഹേമന്ത് കുമാർ, കിഷോർ കുമാർ,ആശാബോസ്ളേ തുടങ്ങി നിരവധി അതുല്യ പ്രതിഭകളെ പരിചയപ്പെടുത്തുവാൻ അമീൻ സായാനിയുടെ റേഡിയോ പ്രോഗ്രാമുകൾ ഏറെ സഹായിച്ചിട്ടുണ്ട്.
54,000 നിലവാരമുള്ള റേഡിയോ പ്രോഗ്രാമുകൾ അവതരിപ്പിച്ച അമീൻ സായാനിയെ ഏറെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ അവതരണ രീതിയും വരദാനമായി ലഭിച്ച ശബ്ദവും ആണ്.
കോടാനുകോടി ആരാധകരുള്ള ഒരു അനൗൺസർ ഇനി ജനിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യൻ സംഗീതത്തെക്കുറിച്ചുള്ള അമീൻ സായാനിയുടെ അവബോധം പറഞ്ഞറിയിക്കാവുന്നതിനപ്പുറമാണ്.
പാട്ടുകൾ വന്ന വഴി, ഹിന്ദി,ഉറുദു, മറാത്തി എന്ന് വേണ്ട ഒട്ടുമിക്ക ഉത്തരേന്ത്യൻ ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം ചലച്ചിത്ര ഗാനങ്ങളുടെ വർണ്ണനകൾക്ക് ഏറെ ചാരുതയേകിയിരുന്നു.
അമീൻ സായാനി ബിനാക്കാ ഗീത്മാലയിലൂടെ തന്റെ ഗാനങ്ങൾ അവതരിപ്പിക്കുന്നത് കേൾക്കുമ്പോൾ താൻ ഏറെ സന്തോഷവാനായിരുന്നു എന്ന് മുഹമ്മദ് രഫി ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
ഗായകരോടൊപ്പം തന്നെ ശ്രുതി മധുരമായ ഗാനങ്ങൾക്ക് ഈണം നൽകിയ സംഗീത സംവിധായകരേയും ഗാന രചയിതാക്കളേയും സംഗീതാസ്വാദകർ തിരിച്ചറിയുവാൻ അമീൻ സായാനി എന്ന അനൗൺസറുടെ ലഘു വിവരണങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്.
അണിയറ പ്രവർത്തകരെ ആസ്വാദകർ തിരിച്ചറിയുക വലിയ പ്രയാസമായിരുന്നു ഒരുകാലത്ത്.
ഇന്നത്തെ പോലെ അന്ന് അത്തരം സംവിധാനങ്ങൾ ഒന്നും ഇല്ലായിരുന്നില്ല.
അത്കൊണ്ട് തന്നെ പ്രതിഭാധനരായ പലരും അമീൻ സായാനിയുടെ കടുത്ത ആരാധകർ ആയിരുന്നു.
നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്നവർ പലപ്പോഴും എഴുത്തിൽ പിന്നിൽ ആയിരിക്കും.
അത് പോലെ 
നന്നായി എഴുതുന്നവർ പലപ്പോഴും അവതരണത്തിൽ ഏറെ പിന്നിലുമായി രിക്കും.
പക്ഷേ
അമീൻ സായാനി നല്ല അവതാരകനും മികച്ച എഴുത്തുകാരനും ആയിരുന്നു എന്നത് ഒരു വലിയ സവിശേഷത തന്നെ ആയിരുന്നു.
അദ്ദേഹത്തിന്റെ അമ്മ കുൽസും സായാനി മികച്ച എഴുത്തുകാരിയും എഡിറ്ററും ആയിരുന്നു.
മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ജേർണലുകൾ പലതും കുൽസും സായാനി യ്ക്ക് നിർവഹിക്കുവാൻ അവസരങ്ങൾ ലഭിച്ചപ്പോൾ തന്റെ അമ്മയോടൊപ്പം ഒരു സഹായിയായി പ്രവർത്തിക്കുവാൻ അമീൻ സായാനി യ്ക്ക് കഴിഞ്ഞിരുന്നത് എഴുത്തിനോടുള്ള അമീൻ സായാനിയുടെ അഭിരുചികൊണ്ട് മാത്രമായിരുന്നു.
ഈ മഹാപ്രതിഭയ്ക്ക് ഒരു പത്മശ്രീ പുരസ്ക്കാരത്തിൽ മാത്രം ഒതുങ്ങേണ്ടിവന്നതിൽ ഏറെ ദുഃഖമുണ്ട്.
അന്നും ഇന്നും ഏറ്റവും കൂടുതൽ അനുകരിക്കപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച അനൗൺസർക്ക് എന്റെ ശതകോടി പ്രണാമം.
ആത്മാവ് സ്വസഥമായിരിക്കട്ടെ
പ്രശസ്ത റേഡിയോ അവതാരകനും റേഡിയോ സിലോണിലെ ബിനാക്ക ഗീത് മാല എന്ന ഒറ്റ പരിപാടിയിലൂടെ ഒരു തലമുറയെ ഒന്നടങ്കം സ്വാധീനിച്ച ശബ്ദത്തിന്റെയും അവതരണശൈലിയുടേയും ഉടമയുമായ അമീൻ സായനി(91 )യുടെ അന്ത്യം  ഹൃദയാഘാതത്തെത്തുടർന്ന് ചൊവ്വാഴ്ച രാത്രി മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. വ്യാഴാഴ്ചയാണ് സംസ്‌കാരം.