അരുണാചലിലും സിക്കിമിലും വോട്ടെണ്ണല്‍ തീയതികളില്‍ മാറ്റം

അരുണാചലിലും സിക്കിമിലും വോട്ടെണ്ണല്‍ തീയതികളില്‍ മാറ്റം

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും വോട്ടെണ്ണല്‍ തീയതികള്‍ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടു സംസ്ഥാനങ്ങളിലും ജൂണ്‍ നാലിന് പകരം വോട്ടെണ്ണല്‍ ജൂണ്‍ രണ്ടിന് നടക്കും.

അരുണാചല്‍ പ്രദേശിലും സിക്കിമിലും ഏപ്രില്‍ 19നാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അരുണാചലിലെയും സിക്കിമിലെയും നിലവിലെ നിയമസഭകളുടെ കാലാവധി ജൂണ്‍ രണ്ടിന് കഴിയും. അതിനു മുന്‍പേ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.ഇവിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയക്രമത്തില്‍ മാറ്റമില്ല.

ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നലെയാണു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.

60 നിയമസഭാ സീറ്റുകളിലേയ്ക്കാണ് അരുണാചലില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സിക്കിമില്‍ 32 നിയമസഭാ സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചലിനും സിക്കിമിനും പുറമെ ആന്ധ്രാപ്രദേശ് ഒഡീഷ എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.