രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കേസ്
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖയ്ക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 192-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലാണ് പ്രസംഗമെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന വകുപ്പാണിത്. ജാമ്യം ലഭിക്കാവുന്ന കുറ്റമായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് ശ്രീലേഖയ്ക്കെതിരെ പുനലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകിയത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കൊല്ലം റൂറൽ എസ്പിക്കും അദ്ദേഹം പരാതി നൽകിയിരുന്നു.
ശ്രീലേഖയുടെ പരാമർശം രാഹുൽ ഗാന്ധിയെ അപമാനിക്കുന്നതാണെന്നും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേരത്തെയും പരാതി നൽകിയിരുന്നു.
പുനലൂരിൽ ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനു പിന്നാലെ നടന്ന പ്രതിഷേധ ജനസഭയിലായിരുന്നു ശ്രീലേഖയുടെ വിവാദ പ്രസംഗം. ഡൽഹിയിലെ പ്രതിഷേധങ്ങളെ പരാമർശിച്ചുകൊണ്ട്, മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോൾ ഉണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി അവിടെ കാണിക്കുന്നതെന്നായിരുന്നു അവരുടെ പരാമർശം. രാഹുൽ ഗാന്ധിയും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞ് ഡൽഹി മലിനമാക്കുകയാണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ നടപടിയായ എസ്ഐആറിനെതിരായ പ്രതിഷേധങ്ങളെയും ശ്രീലേഖ പ്രസംഗത്തിൽ വിമർശിച്ചു. എസ്ഐആർ പുതിയ നടപടിയല്ലെന്നും വോട്ടർപട്ടിക പുതുക്കൽ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും അവർ പറഞ്ഞു. ഡൽഹിയിൽ പ്രതിഷേധിക്കുന്നവരെ ‘പാറ്റകൾ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോൺഗ്രസിനെതിരെയും ശ്രീലേഖ വിമർശനം ഉന്നയിച്ചിരുന്നു