എറണാകുളത്തെ സൂപ്പർ മാർക്കറ്റ് ഉടമയുടെ അക്കൗണ്ടിൽ അപ്രതീക്ഷിതമായി എത്തിയത് 3500 കോടി രൂപ!

Oct 10, 2026 - 20:04
 0  3
എറണാകുളത്തെ സൂപ്പർ മാർക്കറ്റ്  ഉടമയുടെ അക്കൗണ്ടിൽ  അപ്രതീക്ഷിതമായി എത്തിയത് 3500 കോടി രൂപ!
എറണാകുളത്തെ സൂപ്പർമാർക്കറ്റ് ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ 3,500 കോടിയിലധികം രൂപയുടെ ബാലൻസ് പ്രത്യക്ഷപ്പെട്ടത് അമ്പരപ്പിനിടയാക്കി. എന്നാൽ, ബാങ്കിന്റെ സാങ്കേതിക തകരാറിനെത്തുടർന്നാണ് അക്കൗണ്ടിൽ ഇത്രയും വലിയ തുക കാണിച്ചതെന്ന് പിന്നീട് വ്യക്തമായി.
കൊച്ചിക്ക് സമീപം തൃപ്പൂണിത്തുറയിൽ ദർശന സൂപ്പർമാർക്കറ്റ് ശൃംഖല നടത്തുന്ന സുമേഷ് കുമാറിനാണ് ഒക്ടോബർ 9ന് രാവിലെ തന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിൽ അസാധാരണമായ ബാലൻസ് കാണാനായത്. അപ്രതീക്ഷിതമായി ഇത്രയും വലിയ തുക അക്കൗണ്ടിൽ കണ്ടെങ്കിലും അദ്ദേഹം ആഹ്ലാദിക്കുന്നതിന് പകരം സംഭവത്തിന്റെ കാരണം അന്വേഷിക്കാനും ബാങ്ക് അധികൃതരെ വിവരം അറിയിക്കാനുമാണ് ശ്രമിച്ചത്.
ഇതിനിടെ, സൂപ്പർമാർക്കറ്റിലെ കാർഡ് സ്വൈപ്പിങ് ഇടപാടുകളുമായി ബന്ധപ്പെട്ട് 3.5 കോടി രൂപ വീതം രണ്ട് തവണ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതായി കാണിക്കുന്ന സന്ദേശങ്ങളും ലഭിച്ചു. ഇതോടെ ആകെ ഏഴ് കോടി രൂപയുടെ ഇടപാടുകൾ നടന്നതായി വ്യക്തമായി. എന്നാൽ, ഈ ഇടപാടുകൾക്ക് പിന്നാലെ അക്കൗണ്ട് ബാലൻസ് 3,500 കോടിയിലധികം രൂപയായി കാണപ്പെട്ടതിന്റെ കാരണം സന്ദേശങ്ങളിൽനിന്ന് വ്യക്തമായില്ല. തുടർന്നാണ് സാങ്കേതിക തകരാറാണ് അസാധാരണമായ ബാലൻസ് പ്രത്യക്ഷപ്പെടാൻ കാരണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.